
ഇടുക്കി ജില്ലയിലെ നാലു വശങ്ങളും വനസൗന്ദര്യത്താൽ മൂടപ്പെട്ട മക്കുവള്ളി ഗ്രാമം ഇന്ന് ഒരു പുതിയ നിറം കൂടി അണിഞ്ഞിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ, കഞ്ഞിക്കുഴി ടൗണിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെയുള്ള ഈ ശാന്തഗ്രാമം, ഇപ്പോൾ സൂര്യകാന്തി പൂക്കളുടെ സ്വർണ്ണതീരമായി മാറിയിരിക്കുകയാണ്. മക്കുവള്ളിയിൽ സൂര്യകാന്തി പൂക്കൾ വിരിഞ്ഞ കാഴ്ചകാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്.
വനത്തിന് ഉള്ളിലെ ഈ സ്വർണ്ണതോട്ടം സഞ്ചാരികളുടെ മനം കവരുന്നു. സൂര്യനെ നോക്കി പുഞ്ചിരിക്കുന്ന പൂക്കൾക്കൊപ്പം സെൽഫി എടുക്കാൻ ജനത്തിരക്കും ഏറുകയാണ്. സ്വകാര്യ വ്യക്തികൾ വിനോദസഞ്ചാരികളെ ആകർഷിക്കാനായി പരീക്ഷണാടിസ്ഥാനത്തിൽ നട്ട സൂര്യകാന്തി ചെടികൾ ഇന്ന് പൂത്തു വിരിഞ്ഞ് സൂര്യനെ നോക്കി സല്യൂട്ട് ചെയ്യുന്ന കാഴ്ചയാണ് ഇവിടെ. പ്രകൃതിയുടെ പച്ചപ്പിനിടയിൽ ഈ മഞ്ഞപ്പൂക്കളുടെ തിരമാലകൾ കാണാൻ ദിവസേന നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
ALSO READ: പ്രണയം, രാഷ്ട്രീയം, സ്ത്രീപക്ഷം; മന്ത്രി ഡോ.ആർ.ബിന്ദു ടീച്ചറുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു
വനവന്യത, നെൽപ്പാടങ്ങൾ, കാട്ടുമൃഗങ്ങളുടെ സാന്നിധ്യം എന്നിവയെല്ലാം മക്കുവള്ളിയുടെ സ്വാഭാവിക സമ്പത്താണ്. ആ സൗന്ദര്യത്തിന്റെ മേനി വർധിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോൾ ഈ സൂര്യകാന്തി തോട്ടം വിരിഞ്ഞിരിക്കുന്നത്. ആയിരക്കണക്കിന് തേനീച്ചകൾ പൂവിൽ നിന്ന് പൂവിലേക്ക് പറന്നു തേൻ ശേഖരിക്കുന്ന കാഴ്ച, ഈ പ്രദേശത്തിന് ഒരു ജീവൻ നിറഞ്ഞ ചലനവും നൽകുന്നു.
സാധാരണയായി കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സൂര്യകാന്തി വ്യാപകമായി കൃഷി ചെയ്തുവരുന്നത്. കേരളത്തിലെ കാലാവസ്ഥ അതിന് അനുയോജ്യമല്ല എന്ന പൊതുവായ ധാരണയിലേക്കുള്ള ഒരു വെല്ലുവിളിയായാണ് മുൻ തഹസിൽദാർ വിൻസന്റ് ആറക്കാട്ടിന്റെ നേതൃത്വത്തിൽ ഇവിടെ കൃഷി ആരംഭിച്ചത്. ഇത് വിജയകരമായി മാറിയ സാഹചര്യത്തിൽ, കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വരും വർഷങ്ങളിൽ കൃഷി വിപുലീകരിക്കുമെന്ന് പ്രദേശത്തെ പഞ്ചായത്ത് അംഗമായ അരുൺ സേവ്യർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

