മണിപ്പൂരിൽ കുടുങ്ങിയ 9 മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നടപടിയുമായി കേരള സർക്കാർ

മണിപ്പൂരിൽ കുടുങ്ങിയ 9 മലയാളി വിദ്യാർത്ഥികളെ മെയ് 8-ന് ബാംഗ്ലൂരിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതായി ദില്ലിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കൈരളി ഓൺലൈനോട് പറഞ്ഞു. ഇവരെ 8-ന് ഇംഫാലിൽ നിന്ന് കൊൽക്കത്തയിലെത്തിക്കും. അവിടെനിന്നുമാണ് ബംഗളൂരുവിൽ എത്തിക്കുക. ഇംഫാലിൽ നിന്ന് മെയ് 8 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കൊൽക്കത്തയിലേയ്ക്കും കൊൽക്കത്തയിൽ നിന്നും അന്നു രാത്രി 9.30യോടെ ബംഗളൂരുവിലും എത്തിച്ചേരാൻ പാകത്തിന് വിദ്യാർത്ഥികൾക്കായുള്ള ടിക്കറ്റ് സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്ന് ബുക്ക് ചെയ്തിട്ടുണ്ട്.

ഇംഫാലിൽ കുടുങ്ങി കിടന്ന ഒമ്പത് വിദ്യാർഥികളാണ് സർക്കാരിനോട് സഹായം ആവശ്യപ്പെട്ടത്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങളാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. കൂടുതൽ മലയാളി വിദ്യാർത്ഥികൾ മണിപ്പൂരിൽ കുടുങ്ങിയിട്ടുണ്ടെങ്കിൽ അവരെയും നാട്ടിലെത്തിക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്നും പ്രൊഫ. കെ.വി തോമസ് വ്യക്തമാക്കി.

അതേസമയം, മണിപ്പൂരിൽ സംഘർഷങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമം സൈന്യവും പൊലീസും ഊർജ്ജിതമാക്കിയിട്ടുണ്ട്. എന്നാൽ കലാപം പൊട്ടി പുറപ്പെട്ട ചുരാചന്ദ്പൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ സംഘർഷങ്ങൾ നിയന്ത്രിക്കാൻ ഇനിയും സൈന്യത്തിനോ പൊലീസിനോ സാധിച്ചിട്ടില്ല. സംഘർഷ മേഖലകളിൽ സൈന്യവും അസം റൈഫിൾസും പൊലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. നാലായിരം പേരാണ് ഇതിനകം സൈന്യത്തിൻ്റെ അഭയാർത്ഥി ക്യാമ്പുകളിൽ എത്തിയിട്ടുള്ളത്. ജനസംഖ്യയുടെ അമ്പത് ശതമാനത്തിലേറെ വരുന്ന മേയ്തി വിഭാഗത്തെ ന്യൂനപക്ഷ പദവി നൽകി പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണ് പ്രതിഷേധങ്ങൾക്ക് കാരണം. സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഓൾ ട്രൈബൽ സ്റ്റുഡൻ്റ്സ് യൂണിയൻ മണിപ്പൂർ നടത്തിയ മാർച്ചിന് പിന്നാലെ ചുരാചന്ദ്പൂരിലും ഇംഫാലിലും ഏറ്റുമുട്ടലുകൾ നടന്നു. എട്ട് ജില്ലകളിലാണ് നിലവിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News