‘അമ്മ’യെ മുന്നില്‍നിന്ന് നയിച്ച ഇന്നസെന്റ്

താരസംഘടനയായ അമ്മയെ 18 വര്‍ഷത്തോളമാണ് ഇന്നസെന്റ് മുന്നില്‍ നിന്ന് നയിച്ചത്. ഏറെ പ്രതിസന്ധികള്‍ ഇക്കാലത്ത് ഉണ്ടായപ്പോഴെല്ലാം തന്മയത്വത്തോടെ പരിഹരിക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞു. അന്യഭാഷാ സിനിമാ താരങ്ങള്‍ പോലും മാതൃകയാക്കുന്ന രീതിയില്‍ താരസംഘടനയെ ഉയര്‍ത്തിയതില്‍ ഇന്നസെന്റിന്റെ നേതൃപാടവം ശ്രദ്ധേയമാണ്.

2000 മുതല്‍ ആറ് തവണകളായി രണ്ട് പതിറ്റാണ്ടോളം താരസംഘടനയുടെ ചുക്കാന്‍ പിടിച്ചു. ഐകകണ്‌ഠ്യേനയായിരുന്നു താരങ്ങള്‍ അവരുടെ നേതൃപദവി ഇന്നസെന്റിനെ ഏല്‍പ്പിച്ചത്. 18 വര്‍ഷം താരങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിച്ചു. അവശ കലാകാരന്മാര്‍ക്കുളള കൈനീട്ടം പദ്ധതി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് തുടങ്ങീ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കി. പ്രകൃതി ദുരന്ത സാഹചര്യങ്ങളില്‍ സര്‍ക്കാരിനോടൊപ്പം കൈകോര്‍ത്തു പിടിക്കാന്‍ അമ്മയെ പഠിപ്പിച്ചു.

ഇന്നസെന്റ് എന്ന പൊതുപ്രവര്‍ത്തകനെയും നേതൃപാടവവും മലയാളികള്‍ അടുത്തറിഞ്ഞത് താരസംഘടനയിലൂടെയായിരുന്നു. ഏറെ പ്രതിസന്ധികളെയും അക്കാലത്ത് നേരിടേണ്ടി വന്നു. നടന്‍ തിലകനും സംവിധായകന്‍ വിനയനും സംഘടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ വിവാദങ്ങളെ മെയ് വഴക്കത്തോടെ ഇന്നസെന്റ് നേരിട്ടു. നടിയെ ആക്രമിച്ച കേസുകളും നടന്‍ ദിലീപിനെ പുറത്താക്കിയതും അടക്കമുളള സംഭവവികാസങ്ങള്‍ നിറഞ്ഞുനില്‍ക്കുമ്പോഴും താരസംഘടനയ്ക്ക് കോട്ടം തട്ടാതെ നെടുംതൂണായി നിന്നു.

ഏത് പ്രതീകൂല സാഹചര്യങ്ങളെയും ഒരു ചിരിയിലൂടെ കൈപ്പിടിയിലൊതുക്കാനുളള അസാമാന്യ പാടവം അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ നേതൃത്വത്തില്‍ സംഘടനയ്ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിച്ചു. എംപിയായിരിക്കുമ്പോഴും അമ്മയുടെ നേതൃസ്ഥാനത്ത് ഇന്നസെന്റ് തുടരണമെന്നത് താരങ്ങളുടെ നിര്‍ബന്ധമായിരുന്നു. സ്വയം രാജിവച്ച് ഒഴിയുന്നതുവരെ ഇന്നസെന്റിന്റെ നേതൃത്വത്തെ ആരും ചോദ്യം ചെയ്തില്ല. നടന്‍ മോഹന്‍ലാലിന് പദവി കൈമാറുമ്പോള്‍ 18 വര്‍ഷം കൊണ്ട് താരസംഘടനയെ അന്യഭാഷാ ചലച്ചിത്രതാരങ്ങള്‍ പോലും മാതൃകയാക്കുന്ന സംഘടനയാക്കി മാറ്റിയിരുന്നു ഇന്നസെന്റ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here