
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഭീഷണിയൊന്നും അംഗീകരിക്കില്ലെന്ന് തുറന്നടിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ വംശജനായ മേയർ സ്ഥാനാർഥി സൊഹ്‌റാൻ മംദാനി. അമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ന്യൂയോർക്കിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) പ്രവർത്തിക്കുന്നത് തടഞ്ഞാൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്യുമെന്ന റിപ്പബ്ലിക്കനായ ട്രംപിന്‍റെ ഭീഷണികളെയാണ് മംദാനി പാടെ തള്ളിയത്.
അമേരിക്കൻ സോഷ്യലിസത്തിലെ ഉയർന്നുവരുന്ന താരമായ മംദാനി ചൊവ്വാഴ്ച ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്ക് ഔദ്യോഗികമായി ഡെമോക്രാറ്റിക് സ്ഥാനാർഥിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നവംബറിലാണ് പൊതുതെരഞ്ഞെടുപ്പ്.
ALSO READ; ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലെന്ന് ഡോണൾഡ് ട്രംപ്; ഇസ്രയേൽ സമ്മതം മൂളിയെന്ന് പ്രഖ്യാപനം
മംദാനിയെ സ്ഥാനാർഥിയായി ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രംപ് അദ്ദേഹത്തിന് നേരെ അധിക്ഷേപവും ഭീഷണിയുമായി രംഗത്തെത്തിയത്. മംദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നതിനിടയിൽ അദ്ദേഹത്തെ ഭ്രാന്തനെന്ന് വിളിക്കുകയും ചെയ്തു. 1998 ൽ ഏഴ് വയസ്സുള്ളപ്പോൾ യുഎസിൽ എത്തിയ മംദാനിയുടെ പൗരത്വത്തിന്റെ നിയമസാധുതയെക്കുറിച്ചും ട്രംപ് സംശയം ഉന്നയിച്ചു.
‘അമേരിക്കൻ പ്രസിഡന്‍റ് എന്നെ അറസ്റ്റ് ചെയ്യുമെന്നും എന്‍റെ പൗരത്വം എടുത്തുകളയുമെന്നും ഒരു തടങ്കൽപ്പാളയത്തിൽ അടയ്ക്കുമെന്നും നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഞാൻ ഏതെങ്കിലും നിയമം ലംഘിച്ചതുകൊണ്ടല്ല, മറിച്ച് ഐസിഇയെ നമ്മുടെ നഗരത്തെ ഭയപ്പെടുത്താൻ ഞാൻ സമ്മതിക്കാത്തത് കൊണ്ടാണ്’ – മംദാനി പറഞ്ഞു.
ട്രംപിന്‍റെ പ്രസ്താവനകൾ ജനാധിപത്യത്തിനു നേരെയുള്ള ആക്രമണം മാത്രമല്ല, നിങ്ങൾ സംസാരിച്ചാൽ അവർ നിങ്ങളെ തേടി വരും എന്ന് ഓരോ ന്യൂയോർക്കുകാരനും ഒരു സന്ദേശം അയയ്ക്കാനുള്ള ശ്രമം കൂടിയാണെന്നും അദ്ദേഹം തുറന്നടിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here