ഒ.വി വിജയന്‍ അറിഞ്ഞില്ലെന്നത് ഒരു പ്രശ്നമല്ല, മമ്മൂട്ടിയെ ദൈവം അറിഞ്ഞാല്‍ മതി; വൈറലായ അനുഭവക്കുറിപ്പ്

ഒ.വി വിജയന്റെ ഓര്‍മദിവസമായ ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നടന്‍ മമ്മൂട്ടിയെ കുറിച്ച് ഒ വി വിജയന്‍ എ‍ഴുതിയ ഒരു അനുഭവക്കുറിപ്പാണ്. വിനയവാനായ മമ്മൂട്ടിയെ കണ്ടപ്പോഴുണ്ടായ അനുഭവം വളരെ ലളിതമായാണ് വായനക്കാര്‍ക്ക് മുന്നില്‍ അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്. ആ അനുഭവം ഇങ്ങനെ:

ഇത് താരങ്ങളെപ്പറ്റിയും അര്‍ധതാരങ്ങളെപ്പറ്റിയും പറയപ്പെടുന്ന, പ്രചാരത്തിലൂടെ ശക്തി നഷ്ടപ്പെട്ട, കഥയാണെന്ന് വിദഗ്‌ധാഭിപ്രായം, പക്ഷെ എന്റെ കഥ നേരാണ്.

സംഭവസ്ഥലം ദില്ലിയിലെ കേരളാ ക്ലബ്ബ്, അവസരം ഒരു പുസ്തകച്ചന്തയുടെ ഉദ്ഘാടനം. ഞാന്‍ ഏതാനും മാസങ്ങളിലായി എങ്ങും പുറത്തുപോകാതെ വീട്ടില്‍ കഴിയുകയാണ്.  എന്റെ തൊട്ടടുത്തിരുന്ന ശ്രീ. എം.എം. ജേക്കബിനെ പുസ്തകച്ചന്തയുടെ സംഘാടകര്‍ എന്നെ പരിചയപ്പെടുത്തി. ആദ്യം കാണുകയാണെന്ന് പറയുന്നത് ജാള്യം. അപ്പോഴാണ് ഇങ്ങേപുറം ഇരിയ്ക്കുന്ന സുമുഖനായ ചെറുപ്പക്കാരന്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ‘വിജയേട്ടാ’ എന്നു വിളിച്ചുകൊണ്ട് ചെറുപ്പക്കാരന്‍ ചടുലമായി എന്നോട് സംവദിയ്ക്കുന്നു. ”മനസ്സിലായില്ല-‘ ഞാന്‍ ക്ഷമാപണം ചെയ്തു.

‘എന്റെ പേര് മമ്മൂട്ടി,’ ചെറുപ്പക്കാരന്‍ പറഞ്ഞു. ഇവിടെയാണ് വങ്കന്റെ ചോദ്യം പ്രകാശിക്കപ്പെടുന്നത്. ഞാന്‍ ചോദിച്ചു,

*മമ്മൂട്ടി എന്തു ചെയ്യുന്നു?’

‘ഞാന്‍ സിനിമാ നടനാണ്.’ ഞാന്‍ ചിരിച്ചു, മമ്മൂട്ടിയും. വിനയവാനായ ആ ചെറുപ്പക്കാരനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു. ഒ.വി.വിജയന്‍ അറിഞ്ഞില്ലെന്നത് ഒരു പ്രശ്നമല്ല.. മമ്മൂട്ടിയെ ദൈവം അറിഞ്ഞാല്‍ മതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News