ചോർന്നൊലിക്കാതെ ഇനി കിടക്കാം : ആദിവാസികൾക്കുള്ള ഓണസമ്മാനവുമായി മമ്മൂട്ടി

ആദിവാസി സഹോദരങ്ങൾക്കുള്ള ഓണ സമ്മാനമായി പുതിയ പദ്ധതിയൊരുക്കി നടൻ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ് ആദിവാസി സഹോദരങ്ങൾക്കുള്ള ഓണ സമ്മാനമൊരുക്കി വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ എത്തിയത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് ആദിവാസി സഹോദരങ്ങളിലേക്ക് എത്തിയത്. ചോർന്നൊലിച്ചു ദുരിതത്തിൽ കഴിയുന്ന 50 ഓളം ആദിവാസി കുടുംബങ്ങൾക്ക്‌ ടാർപോളിൻ നൽകിയാണ് മമ്മൂട്ടിയുടെ ജീവകാരുണ്യ സംഘടന ആശ്വാസമായി മാറിയത്.

പുൽപ്പള്ളി വനം വകുപ്പിന്റെ കീഴിലുള്ള ഉൾക്കാടിനുള്ളിലെ ആദിവാസി കോളനികളായ വെട്ടത്തൂർ കോളനി, വണ്ടിക്കടവ് കോളനി, ചെത്തിമറ്റം കോളനി എന്നിവിടങ്ങളിലാണ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 50 ഓളം കുടുംബങ്ങൾക്ക് ടാർപോളിൻ വിതരണം ചെയ്തത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിലാണ് ടാർപോളിൻ ആദിവാസി ഊരുകളിൽ എത്തി വിതരണം നൽകിയത്. ദുരിതമനുഭവിക്കുന്നവരുടെ ആവശ്യം ഫോറസ്റ്റ് അധികൃതത്തിലൂടെ നേരത്തെ തന്നെ മമ്മൂട്ടിയെ അറിയിച്ചതിനെ തുടർന്ന് ടാർപോളിൻ നൽകാമെന്നു അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ അബ്ദുൾ സമദിന്റെ ആദിവാസി സമൂഹത്തോടുള്ള പ്രത്യേക താല്പര്യമാണ് കെയർ ആൻഡ് ഷെയറിനെ ആദിവാസി ഊരുകളിൽ എത്തിച്ചത്. കേരളത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന ആദിവാസി സമൂഹം വയനാട് ജില്ലയിൽ ആണെന്നും അവരുടെ വിവിധ ആവശ്യങ്ങളുമായി ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയും സഹായ ഹസ്തവുമായി എത്തുന്നതെന്നും അതിനു മമ്മൂട്ടിയോടും അദ്ദേഹത്തിന്റെ സംഘടനയോടും നന്ദി അറിയിക്കുന്നുവെന്നും റേഞ്ചർ പറഞ്ഞു. വാർഡ് മെമ്പർ മണി, ഫോറസ്റ്റ് ഓഫീസർമാരായ സജി, മണികണ്ഠൻ, സതീഷ്, ചിഞ്ചു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News