വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്ക്; കൊന്നനാട്ടിന് മാമുക്കോയയെ കൈവിടാന്‍ പറ്റുമായിരുന്നില്ല

അതുല്യ കലാകാരന്‍ വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു നടന്‍ മാമുക്കോയ. തന്റെ രണ്ടാമത്തെ ചിത്രമായ, എസ്. കൊന്നനാട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകളിലേക്ക് മാമുക്കോയ എത്തിപ്പെടാനുള്ള കാരണം വൈക്കം മുഹമ്മദ് ബഷീറായിരുന്നു. ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടുതന്നെ ഗുരുവായ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുഗ്രഹം വാങ്ങാന്‍ കൊന്നനാട്ടും എഴുത്തുകാന്‍ പി.എ മുഹമ്മദ് കോയയുമെത്തി. അവിടെവച്ചായിരുന്നു കൊന്നനാട്ട് മാമുക്കോയയെ ആദ്യം കാണുന്നത്.

സിനിമയെ കുറിച്ച് സംസാരിച്ച്, അനുഗ്രഹം വാങ്ങി മടങ്ങുന്നതിനിടെ മാമുക്കോയയെ ബഷീര്‍ കൊന്നനാട്ടിന് പരിചയപ്പെടുത്തിയിട്ട് ഇങ്ങനെ പറഞ്ഞു, ‘ഇത് കോഴിക്കോട് പശ്ചാത്തലമായിട്ടുള്ള ഒരു കഥയാണ്. ഇവന്‍ മാമു, ഇവിടെ നാടകത്തിലൊക്കെ അഭിനയിച്ചു നടക്കുവാ, എന്തെങ്കിലുമൊരു വേഷം ഇവനും കൊടുത്തൂടേ’, സിനിമയില്‍ വേഷം നല്‍കാമെന്ന് കൊന്നനാട്ട് ഏറ്റു. സിനിമാ സംഘം മടങ്ങിയതോടെ, ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയി നോക്കണമെന്ന് ബഷീര്‍ മാമുക്കോയയോട് പറഞ്ഞു. അങ്ങനെ മാമുക്കോയ കൊന്നനാട്ടിന്റെ സിനിമാ സെറ്റിലെത്തി. അവിടെ എത്തിയപ്പോളാണ് ആ സിനിമയില്‍ തനിക്കു പറ്റിയ വേഷമൊന്നുമില്ലെന്ന് മാമുക്കോയ തിരിച്ചറിഞ്ഞത്. എന്നാല്‍ ബഷീറിന് നല്‍കിയ വാക്കിന്റെ പുറത്ത് കൊന്നനാട്ട് മാമുക്കോയക്ക് ആ ചിത്രത്തില്‍ വേഷം നല്‍കി.

കെപി ഉമ്മറായിരുന്നു ചിത്രത്തിലെ നായകന്‍. ഒരറബിയുടെ വേഷത്തിലായിരുന്നു ഉമ്മര്‍ ചിത്രത്തിലെത്തിയത്. അറബിക്കല്യാണവും മറ്റുമാണ് ചിത്രത്തിന്റെ കഥ. ഇതില്‍ അറബിക്ക് പോകാനും വരാനും ഒരു കുതിയുണ്ട്. നാടക നടനായിരുന്ന കൃഷ്ണന്‍കുട്ടിയായിരുന്നു കുതിരയെ പരിചരിക്കുന്ന ആളുടെ വേഷം ചെയ്തത്. മറ്റ് വേഷങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ കുതിരക്ക് പുല്ലിട്ട് കൊടുക്കുന്ന ആളുടെ വേഷം മാമുക്കോയ ചെയ്യട്ടെ എന്ന് കൊന്നനാട്ട് തീരുമാനിച്ചു. ഷൂട്ടിംഗ് നടക്കുമ്പോള്‍ ചിത്രത്തില്‍ അഭിനയിക്കുന്ന ബഹദൂറിനും നെല്ലിക്കോട് ഭാസ്‌കരനും മാമുക്കോയയോട് സഹതാപം തോന്നി. അങ്ങനെ അവര്‍ സംവിധായകനോട് സംസാരിച്ച് സിനിമയിലെ മറ്റ് ചില സീനുകളിലും മാമുക്കോയയെ ഉള്‍പ്പെടുത്തുന്ന കാര്യം ഏര്‍പ്പാട് ചെയ്തു. സിനിമയില്‍ മാമുക്കോയയ്ക്ക് അതൊരു മികച്ച തുടക്കമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel