
മുംബൈയിൽ ഓൺലൈൻ ഗെയിം കളിച്ച് ഉണ്ടായ നഷ്ടം നികത്താൻ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ അയൽപ്പക്കത്തെ മൂന്നു വയസുകാരിയെ കൊന്നയാൾ അറസ്റ്റിൽ. നവി മുംബൈയിൽ 29 കാരനായ മുഹമ്മദ് അൻസാരി എന്നയാളാണ് അറസ്റ്റിലായത്. വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ കാണാതായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് റെക്സിൻ ബാഗിൽ ഒളിപ്പിച്ച നിലയിൽ മൂന്നുവയസുകാരിയുടെ മൃതദേഹം വീടിന് സമീപത്തുനിന്ന് കണ്ടെത്തുന്നത്.
ബുധനാഴ്ച രാത്രിയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അൻസാരി പിടിയിലാകുന്നത്. ഷൂലേസ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ അൻസാരി സമ്മതിച്ചു.
ഓൺലൈൻ ഗെയിം കളിച്ച് 42000 രൂപ നഷ്ടമായിരുന്നുവെന്നും, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത് മോചനദ്രവ്യം ആവശ്യപ്പെടാനാണെന്നും അൻസാരി പറഞ്ഞു. എന്നാൽ മുൻകൂട്ടി തയ്യാറാക്കിയപ്രകാരം പദ്ധതികൾ നടക്കാതെ വന്നതോടെയാണ് പെൺകുട്ടിയെ കൊന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
പെൺകുട്ടിയുടെ വീടിന് തൊട്ട് അടുത്തായാണ് ജാർഖണ്ഡ് സ്വദേശിയായ അൻസാരിയും കുടുംബവും കഴിഞ്ഞിരുന്നത്. ഇയാളുടെ മകളും പെൺകുട്ടിയും ഒരുമിച്ച് കളിക്കുന്നതിനെ ചൊല്ലി, മൂന്നുവയസുകാരിയുടെ അമ്മയും അൻസാരിയുടെ ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here