വൈദികന്റെ വേഷം കെട്ടി വ്യാപാരിയില്‍ നിന്ന് 34 ലക്ഷം തട്ടി; യുവാവ് അറസ്റ്റില്‍

വൈദികന്റെ വേഷം കെട്ടി ഹോട്ടല്‍ വ്യാപാരിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. അടിമാലിയിലാണ് സംഭവം നടന്നത്. തൊടുപുഴ അരിക്കുഴ ലക്ഷ്മി ഭവനില്‍ അനില്‍. വി. കൈമള്‍ (38) ആണ് വെള്ളത്തൂവല്‍ പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ ഹോട്ടല്‍ വ്യവസായി ബോസിനാണ് പണം നഷ്ടമായത്.

ചിത്തിരപുരം സ്വദേശി ഫാ. പോള്‍ (പോളച്ചന്‍) എന്ന വ്യാജപ്പേരിലാണ് അനില്‍ ഫോണിലൂടെ പരിചയപ്പെടുത്തിയത്. വൈദികനെപ്പോലെ സംസാരിച്ച് വ്യവസായിയുടെ വിശ്വാസം പിടിച്ചുപറ്റി. മൂന്നാറില്‍ ഭൂമി കുറഞ്ഞ വിലയില്‍ വാങ്ങാമെന്നും 34 ലക്ഷം രൂപയുമായി 19നു ചിത്തിരപുരത്ത് എത്തണമെന്നുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്.

കാറില്‍ ചിത്തിരപുരത്ത് എത്തിയ വ്യവസായി അനിലിനെ ഫോണില്‍ വിളിച്ചപ്പോള്‍ തന്റെ സഹായിയായ കപ്യാര്‍ സ്ഥലത്തെത്തുമെന്നു പറഞ്ഞു. പണമടങ്ങിയ ബാഗ് സഹായിയെ കാണിക്കണമെന്നും പണം കൈമാറരുതെന്നും വ്യവസായിയോടു പറഞ്ഞു. ബാഗ് തുറന്നു പണം കാണിക്കുന്നതിനിടെ വ്യവസായിയെ തള്ളിയിട്ട് കപ്യാരുടെ വേഷത്തില്‍ വന്നയാള്‍ പണവുമായി കടന്നുകളഞ്ഞു. തുടര്‍ന്നാണു വ്യവസായി വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയത്. കപ്യാരായും വൈദികന്റെ പാചകക്കാരനായും വേഷംകെട്ടിയ മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News