
അക്കൗണ്ടിലുള്ള പണം പിന്‍വലിക്കണമെങ്കില്‍ മരിച്ചുപോയ വ്യക്തിയെ ഹാജരാക്കണമെന്ന വിചിത്ര നിബന്ധനയുമായി ബാങ്ക്. ഇതേത്തുടര്‍ന്ന് മരണപ്പെട്ട സഹോദരിയുടെ അസ്ഥികൂടവും തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍. സഹോദരിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19,300 രൂപ കിട്ടാന്‍ വേണ്ടിയായിരുന്നു ഇയാളുടെ ഈ സാഹസം. ഒഡിഷയിലെ ക്യോന്‍ജര്‍ ജില്ലയിലെ പട്ടാനയിലാണ് സംഭവം.
ആദിവാസി വിഭാഗത്തില്‍പ്പെട്ട ജീതു മുണ്ടയ്ക്കാണ് ബാങ്ക് അധികൃതരുടെ പിടിവാശി കാരണം ഈ വിഷമത അനുഭവിക്കേണ്ടിവന്നത്. ജീതുവിന്റെ സഹോദരി കല്‍റ മുണ്ടയ്ക്ക് പട്ടാനയിലെ ഗ്രാമീണ്‍ ബാങ്ക് ശാഖയിലുണ്ടായിരുന്ന അക്കൗണ്ടില്‍ 19,300 രൂപയുടെ നിക്ഷേപമുണ്ടായിരുന്നു. ഈവര്‍ഷം ജനുവരിയില്‍ കല്‍റ മരിച്ചു. ഇതിനുശേഷം കല്‍റയുടെ അക്കൗണ്ടിലെ തുക പിന്‍വലിക്കാനായി ജീതു ബാങ്കിനെ സമീപിച്ചു. എന്നാല്‍, അക്കൗണ്ട് ഉടമ നേരിട്ട് ഹാജരായാല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ സാധിക്കൂവെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, സഹോദരി മരിച്ചുപോയെന്ന് പലതവണ അറിയിച്ചിട്ടും ബാങ്ക് അധികൃതര്‍ കൂട്ടാക്കിയില്ലെന്നു ജീതു പറയുന്നു. ഒടുവില്‍, മറ്റൊരു വഴിയുമില്ലാതെ ജീതു സഹോദരിയുടെ കുഴിമാടത്തില്‍നിന്ന് അസ്ഥികൂടം കുഴിച്ചെടുത്ത് ബാങ്കില്‍ കൊണ്ടുവരികയായിരുന്നു. റോഡിലൂടെ വയോധികന്‍ അസ്ഥികൂടവും ചുമലിലേറ്റി വന്നതോടെ സംഭവം വാര്‍ത്തയായി. ഇതോടെ വിഷയത്തില്‍ ഇടപെട്ട പൊലീസ് പണം ജീതുവിനു കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

