
രണ്ടുമാസത്തോളമായി വനംവകുപ്പിനെ ചുറ്റിച്ച നരഭോജി കടുവ കൂട്ടിലായി. മലപ്പുറം കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലകപ്പെട്ടത്. കടുവയെ വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ തടിച്ചുകൂടിയത് സംഘർഷാവസ്ഥയുണ്ടാക്കി. കടുവയെ വനത്തിൽ തുറന്നു വിടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
കരുവാരക്കുണ്ട് സുല്‍ത്താന എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. മെയ് 15-നാണ് ടാപ്പിംഗ് തൊഴിലാളിയായ ഗഫൂറിനെ കാളികാവ് എസ്റ്റേറ്റില്‍ വെച്ച് കടുവ കൊലപ്പെടുത്തിയത്. അന്നു തൊട്ട് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ദൗത്യസംഘം കാളികാവിൽ തുടരുകയായിരുന്നു. കടുവയെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാർ തടിച്ചു കൂടിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കടുവയെ വനത്തിൽ തുറന്നുവിടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അമരമ്പലം ആർആർടി സൗത്ത് ഡിവിഷൻ ഓഫീസിലേക്ക് കടുവയെ കൊണ്ടുപോയി. മുഖത്തും ശരീരത്തിലും മുറിവേറ്റ പാടുകൾ ഉണ്ട്. 12 വയസ്സിനു മുകളിൽ പ്രായവും കണക്കാക്കുന്നു. ആവശ്യമായ പരിചരണം നൽകിയതിനു ശേഷം കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here