
അകന്നു കഴിയുന്ന ഭാര്യ കൊടുത്ത പരാതിയെ തുടർന്ന് ജയിലിലായ യുവാവ് ജീവനൊടുക്കി. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം. 28 കാരനായ രാജ് ആര്യയാണ് മനോവിഷമം മൂലം ജീവനൊടുക്കിയത്. ഭാര്യയുടെ മാനസിക പീഡനവും പൊലീസുകാരനായ ഭാര്യ സഹോദരൻ മർദിച്ചതിലുള്ള വിഷമവുമാണ് ആര്യ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് കുടുംബം ആരോപിച്ചു. പരാതി കൊടുക്കുന്നതിന് മുമ്പ് ‘നീ ഉടനെ ജയിലിൽ പോകും. ബെസ്റ്റ് ഓഫ് ലക്ക്’ എന്ന് ഭാര്യ സിമ്രാൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇടുകയും ചെയ്തു.
ഒരു വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ട്. ഇവരുടെ ദാമ്പത്യജീവിതം സംഘർഷഭരിതമായിരുന്നു എന്ന് കുടുംബം തന്നെ പറയുന്നു. ആത്മഹത്യയ്ക്ക് രണ്ട് ദിവസം മുമ്പ്, ഡെറാഡൂണിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു. സിമ്രാനെ അവരുടെ മാതൃ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ ആര്യ ഷാജഹാൻപൂരിലേക്ക് പോയെങ്കിലും അവിടെ വച്ച് തർക്കമുണ്ടായി. സിമ്രാന്റെ സഹോദരന്മാർ ആര്യയെയും പിതാവിനെയും ആക്രമിച്ചതായി അദ്ദേഹത്തിന്‍റെ സഹോദരി ആരോപിച്ചു.
ഈ സംഭവത്തിന് പിന്നാലെ, സിമ്രാന്‍റെ കുടുംബം രാജിനും കുടുംബത്തിനുമെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് രാജിനെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇതേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പൊലീസുകാരനായ സിമ്രാന്റെ സഹോദരൻ രാജിനെ ക്രൂരമായി മർദിച്ചു എന്നും കുടുംബം ആരോപിക്കുന്നു. ഒരു ദിവസം ലോക്കപ്പിൽ കഴിഞ്ഞ ആര്യ തിരികെ വീട്ടിൽ എത്തിയപ്പോൾ കടുത്ത മാനസിക സമ്മർദത്തിൽ ആയിരുന്നെന്നും കുടുംബം പറയുന്നു.
‘ഞാൻ എന്നെന്നേക്കുമായി ഉറങ്ങാൻ പോകുന്നു, എന്നെ വിളിക്കരുത്’ എന്ന് അമ്മയോട് പറഞ്ഞു ഉറങ്ങാൻ പോയ രാജ് ആര്യയെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സിമ്രാന് മറ്റൊരു ബന്ധം ഉണ്ടായിരുന്നു എന്നും ഇത് അവസാനിപ്പിക്കാൻ അവർ തയാറായിരുന്നില്ല എന്നും കുടുംബം പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here