കുടുംബത്തിന്റെ ദുരവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കുട്ടിയെ സ്റ്റേജിലേക്ക് വലിച്ചെറിഞ്ഞ് മാതാപിതാക്കള്‍

കുടുംബത്തിന്റെ ദുരവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കുട്ടിയെ മാതാപിതാക്കള്‍ സ്റ്റേജിലേക്ക് വലിച്ചെറിഞ്ഞു. മധ്യപ്രദേശിലാണ് സംഭവം നടന്നത്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പങ്കെടുത്ത പൊതുയോഗത്തിലാണ് മാതാപിതാക്കള്‍ കടുംകൈ കാട്ടിയത്. മധ്യപ്രദേശിലെ സഹജ്പുര്‍ സ്വദേശികളായ മുകേഷ് പാട്ടീലും ഭാര്യ നേഹയുമാണ് തങ്ങളുടെ ഒന്നര വയസുള്ള കുഞ്ഞിനെ വേദിയിലേക്ക് വലിച്ചെറിഞ്ഞത്.

കുഞ്ഞിന് മൂന്ന് മാസം പ്രായമുള്ളപ്പോള്‍ കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ വേണമെന്നും ചികിത്സയ്ക്കായി നാല് ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നും അറിയിച്ചു. എന്നാല്‍ ഇത്രയും ഭീമമായ തുക കണ്ടെത്തുക എന്നത് മുകേഷിനും നേഹയ്ക്കും സാധ്യമല്ലായിരുന്നു. ഇവരെ സഹായിക്കാന്‍ ബന്ധുക്കളും തയ്യാറായില്ല. തങ്ങളുടെ ദുരവസ്ഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ എന്തെങ്കിലും സഹായം ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് ഇരുവരും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ എത്തിയത്.

തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഇരുവരും കുഞ്ഞിനെ വേദിയിലേക്ക് വലിച്ചെറിഞ്ഞത്. മുഖ്യമന്ത്രിയുടെ അരികിലായിരുന്നു കുഞ്ഞ് ചെന്നുവീണത്. ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ എത്തി കുഞ്ഞിനെ മാതാപിതാക്കളെ തിരികെ ഏല്‍പിച്ചു. കുട്ടിക്ക് സാരമായ പരുക്കുകളൊന്നുമില്ല. വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി കുട്ടിക്ക് മതിയായ ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കുമെന്ന് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News