
ഗാസയിലെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നത് അസ്വസ്ഥപ്പെടുത്തുന്നുവെന്ന് വിഖ്യാത ഫുട്ബോള്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്നത് ഹീനമായ മനുഷ്യാവകാശ ലംഘനമാണെന്നും ഇത് അവസാനിപ്പിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യാന്‍ എല്ലാവരും ശ്രമിക്കണമെന്നും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായ അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ സര്‍വകലാശാല ഓണററി ബിരുദം നല്‍കി ആദരിച്ച ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
എന്റെ കുഞ്ഞുങ്ങളായ മരിയയുടെയും മരിയസിന്റെയും വലന്റിനയുടെയും മുഖമാണ് താന്‍ ഗാസയിലെ കുഞ്ഞുങ്ങളില്‍ കാണുന്നത്. ഒരുപക്ഷേ നാല് വയസ്സുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബോംബിങില്‍ കൊല്ലപ്പെടുന്നതോ ആശുപത്രിയില്‍ കൊല്ലപ്പെടുന്നതോ നമ്മള്‍ കാണുമ്പോള്‍ അത് ഞങ്ങളുടെ കാര്യമല്ല എന്ന് കരുതുന്നവരുണ്ടാകും. വിദൂരമായ സ്ഥലത്ത് സംഭവിക്കുന്ന കാര്യത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിക്കുന്നവരോട് ഒന്നും ചെയ്യാതെ ഇരിക്കരുത് എന്നാണ് തനിക്ക് പറയാനുള്ളത്.
ഒരു വര്‍ഷമായി ഗാസയില്‍ നടക്കുന്നത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ജീവിതസ്‌നേഹത്തെക്കുറിച്ചും നിങ്ങളുടെ അയല്‍ക്കാരനോടുണ്ടാകേണ്ട കരുതലിനെക്കുറിച്ചും മാത്രമാണ് താൻ സംസാരിക്കുന്നതെന്ന് പറഞ്ഞ ഗ്വാര്‍ഡിയോള, പൊരുതുന്ന ഗാസയിലെ മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

