
അഹമ്മദാബാദ് വിമാനദുരന്തവും അതിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരൻ വിശ്വാസ്‌കുമാർ രമേഷുമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. രമേഷുമായുള്ള അഭിമുഖങ്ങൾ കാണുകയും വായിക്കുകയും ചെയ്യുമ്പോൾ മംഗലാപുരം വിമാനാപകടവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് വൈമാനിക മേഖലയിലെ വിദഗ്ദ്ധനും പത്രപ്രവർത്തകനുമായ ജേക്കബ് കെ ഫിലിപ്പ്.
ഈ വിമാനദുരന്തത്തിന്റെ വാർത്തകൾ കേൾക്കുമ്പോൾ 2010 മംഗലാപുരം എയർ ഇന്ത്യാ എക്‌സ്പ്രസ് അപകടത്തിൽ നിന്ന് ഇതേപോലെ തന്നെ അത്ഭുതകരമായി രക്ഷപ്പെട്ട എട്ടുപേരെയും അവർ കടന്നുപോയ സാഹചര്യങ്ങളുമാണ് ഓർമ്മ വരുന്നതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. ആ അപകടത്തിൽ രക്ഷപ്പെട്ടവരിൽ നാലു പേരോട് നേരിട്ടു സംസാരിക്കുകയും മൂന്നുപേരെ, അവർ ചികിത്സ പൂർത്തിയാക്കി പോകുമ്പോൾ ആശുപത്രിക്കാർ കൊടുത്ത യാത്രയയപ്പു യോഗത്തിൽ കേൾക്കുകയും ചെയ്തിരുന്നുവെന്നും അതിൽ മറക്കാനാവാത്തത് മൂന്നു പേരെയാണ് എന്നും അദ്ദേഹം പറയുന്നു.
ഈ മൂന്നുപേരിൽ ജോയൽ എന്ന ഇരുപതുകാരനുമായുള്ള അനുഭവം അദ്ദേഹം കുറിപ്പിൽ പങ്കുവയ്ക്കുന്നുണ്ട്. ജോയലിന്റേതായിരുന്നു, എല്ലാം തികഞ്ഞ, വിമാനാപകട-രക്ഷപ്പെടൽ-സ്റ്റോറിഎന്നും അത്ഭുതകരമായി അയാൾ രക്ഷപ്പെട്ടതെങ്ങനെയെന്നും അദ്ദേഹം പറയുന്നുണ്ട്. അപകടത്തിന് ശേഷം ആശുപത്രിയിലായ ജോയലിനെ പോയി കണ്ടപ്പോഴാണ് എയർഇന്ത്യയുടെ അപകടം നടന്നതിന് ശേഷമുള്ള സമീപനത്തെ പറ്റിപറയുന്നത്. എയർ ഇന്ത്യാ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന അരവിന്ദ് യാദവും സംഘവും വന്നു കണ്ടു ജോലി വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ അതിൽ പിന്നെ ആരും അതേപ്പറ്റി ഒന്നും പറഞ്ഞില്ലെന്നതും
മാസങ്ങൾക്കു ശേഷം ഫോണിൽ വിളിച്ചപ്പോഴും എയർ ഇന്ത്യയുടെ ജോലിവാഗ്ദാനം എങ്ങുമെത്തിയിരുന്നില്ലഎന്നും തന്നോട് ജോയൽ പറഞ്ഞതായി അദ്ദേഹം കുറിപ്പിൽ പറയുന്നു. അതോടൊപ്പം രക്ഷപെട്ട മായിൻകുട്ടി, കൃഷ്ണൻ എന്നിവരുടെ അനുഭവവും അദ്ദേഹം പറയുന്നുണ്ട്.
“അഹമ്മദാബാദ് അപകടത്തിന്റെ തീയിലും പുകയിലും ബഹളത്തിലും നിന്ന് ലേശമൊന്ന് ഏന്തി നടന്നു നീങ്ങിയ രമേഷിന്റെ നിസ്സംഗതയോടടുക്കുന്ന ഭാവം ആ വൻദുരന്തം ഏൽപ്പിച്ച അതികഠിനമായ മാനസികാഘാതത്തിന്റേതായിരുന്നുവെന്നു മനസിലാകാത്ത കുറേപ്പേരെങ്കിലുമുണ്ട് എന്ന് കമന്റുകളും അഭിപ്രായ പ്രകടനങ്ങളും കാണുമ്പോഴാണ് തിരിച്ചറിയുന്നത്. ആശുപത്രിക്കിടക്കയിൽ രമേഷ് ഇപ്പോഴും പൂർവനില വീണ്ടെടുത്തിട്ടുണ്ടാവില്ല- മാനസികമായി. പുറംനാടുകളിൽ ഇത്തരം സർവൈവേഴ്‌സിന് അടിയന്തര കൗൺസിലിംഗ് നൽകാറുണ്ട്- ആഴ്ചകളോളം നീളുന്ന സെഷനുകളുണ്ടാവും പിന്നീട്. രമേഷിന് അത്തരത്തിലൊരു സഹായം കിട്ടിയിട്ടുണ്ടോ എന്നാർക്കറിയാം.” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here