
മംഗളൂരു മുത്തൂറ്റ് ഫിനാൻസിൽ കവർച്ച ശ്രമം. രണ്ട് മലയാളികളെ പോലീസ് പിടി കൂടി. മൂന്നംഗ കവർച്ചസംഘത്തിലെ ഒരാൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇടുക്കി രാജഗുഡി സ്വദേശി മുരളി, കാഞ്ഞങ്ങാട് അനത്തലെ വീട്ടിൽ ഹർഷാദ് എന്നിവരെയാണ് കൊണാജെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കാസർകോട് സ്വദേശി അബ്ദുൾ ലത്തീഫ് രക്ഷപ്പെട്ടു.
ശനിയാഴ്ച പുലർച്ചെ 3ന് ദെർളകട്ടയിലെ വാണിജ്യ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫിനാൻസ് ഓഫിസിൻ്റെ വാതിൽ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തുരന്നു കയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. വാതിലിൻ്റെ പൂട്ട് പൊളിക്കുന്നതിനിടെ സുരക്ഷ സൈറൺ മുഴങ്ങുകയായിരുന്നു. കമ്പനിയുടെ കൺട്രോൾ റൂമിലും സുരക്ഷാ അലാം പ്രവർത്തിച്ചതോടെ ഉദ്യോഗസ്‌ഥർ കൊണാജെ പൊലീസിൽ വിവരം അറിയിച്ചു. തൊട്ടടുത്ത് കെഎസ് ഹെഗ്ഡെ ആശുപത്രിക്ക് സമീപം നൈറ്റ് പെട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി 2 പ്രതികളെ പിടികൂടി. ഇതിനിടെ കവർച്ച സംഘത്തിലുണ്ടായിരുന്ന അബ്‌ദുൾ ലത്തീഫ് ഓടി രക്ഷപ്പെട്ടു.
സൈറൺ മുഴക്കം കേട്ട് കെട്ടിടത്തിനടുത്ത് എത്തിയ നാട്ടുകാരും പ്രതികളെ പിടിക്കാൻ പൊലീസിനെ സഹായിച്ചു. വെള്ളിയാഴ്ച ട്രെയിൻ മാർഗം മംഗളൂരുവിൽ എത്തിയ പ്രതികൾ പകൽ മുഴുവൻ സ്‌ഥാപനത്തിനടുത്ത് തമ്പടിക്കുകയായിരുന്നു. അറസ്റ്റിലായ രണ്ട് പ്രതികളും കേരളത്തിൽ നേരത്തെ ബാങ്ക് കവർച്ചയിൽ പിടിയിലായിട്ടുണ്ട്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here