ഇന്ത്യയിലെ ഒരു മാമ്പഴത്തിന് വില പതിനായിരത്തിനടുത്ത്

പഴങ്ങളുടെ രാജാവാണ് മാമ്പഴം എന്നാണ് പറയുന്നത്. ഇന്ത്യയുടെ ദേശീയ ഫലവും മാങ്ങയാണ്. ലോകത്ത് ഉദ്പാദിപ്പിക്കുന്ന മാമ്പഴത്തിന്റെ 80 ശതമാനവും ഇന്ത്യയിലാണ് കൃഷി ചെയ്യുന്നത്. രാജ്യത്ത് മാമ്പഴക്കാലം പൊടിപൊടിക്കുമ്പോള്‍ ഇന്ത്യയില്‍ ഒരു മുഴുവന്‍ മാമ്പഴം വാങ്ങാന്‍ ഏകദേശം 10,000 രൂപക്ക് അടുത്ത് കൊടുക്കേണ്ടി വന്നാലോ? സംഭവം ശരിയാണ്. എന്നാല്‍ ഇന്ത്യയിലുള്ള ഒരു മാങ്ങ ഒരു കിലോ വാങ്ങണമെങ്കില്‍ രൂപ രണ്ടായിരം നല്‍കേണ്ടി വരും. ഒരു മാങ്ങ തന്നെ എകദേശം 5 കിലോഗ്രാമിനടുത്ത് ഭാരവും കാണും. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ‘നൂര്‍ജഹാന്‍’ എന്ന മാവിനമാണ് മാമ്പഴങ്ങളിലെ ആ വിഐപി.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ ഗുജറാത്ത് അതിര്‍ത്തിയിലുള്ള അലിരാജപ്പുര്‍ ജില്ലയിലെ കത്തിവാഡയിലാണ് ഇപ്പോള്‍ നൂര്‍ജഹാന്‍ കൃഷിചെയ്യുന്നത്. അതും ചുരുക്കം ചിലര്‍ മാത്രമാണ് ഈ ഇനം കൃഷി ചെയ്യുന്നത്. തൊട്ടടുത്തുള്ളവര്‍ക്ക് പോലും ഈ മാമ്പഴം ഇന്ന് കിട്ടാക്കനിയാണ്. ഇത് വാങ്ങിക്കഴിക്കുകയും അത്ര എളുപ്പമല്ല. കിട്ടുന്നകാര്യം ഏറെ ബുദ്ധിമുട്ടാണ് എന്നത് തന്നെ കാരണം. മാങ്ങ അരവിളവ് ആകുന്നതിനുമുമ്പുതന്നെ വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ കര്‍ഷകര്‍ക്ക് മാമ്പഴത്തിനായി മുന്‍കൂര്‍ ബുക്കിംഗ് ലഭിച്ചുതുടങ്ങും. പലപ്പോഴും ബുക്ക് ചെയ്തവര്‍ക്ക് കൊടുക്കാന്‍പോലും എണ്ണം തികയില്ല.

ഇന്ത്യയിലെ ഏറ്റവും വലിപ്പമേറിയ മാവിനം എന്ന സ്ഥാനം നൂര്‍ജഹാന് തന്നെയാണ് സ്വന്തം.ഡിസംബര്‍-ജനുവരി മാസത്തില്‍ പൂവിട്ടുതുടങ്ങിയാല്‍ ജൂണോടെ വിളവെടുക്കാം. 12 അടിമുതല്‍ 50 അടിവരെ ഉയരമുള്ളതാണ് ഓരോ മാവും. ഒരുമാവില്‍ നിന്ന് ഒരുസീസണില്‍ എഴുപത്തഞ്ചുമുതല്‍ 100 മാങ്ങകള്‍ വരെ ലഭിക്കും. ഈ മാവിനം അന്യംനിന്നുപോകുമെന്ന പേടികാരണം കൂടുതല്‍ തൈകള്‍ ഉദ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് കര്‍ഷകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here