മണിപ്പൂർ വംശീയ കലാപം: പാര്‍ലമെന്റ് സംയുക്ത സമിതി അന്വേഷിക്കണം കേരള കോണ്‍ഗ്രസ് എം

മണിപ്പൂരില്‍ കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന ആസൂത്രിത വംശീയ കലാപത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പിയും വൈസ് ചെയര്‍മാന്‍ തോമസ് ചാഴിക്കാടന്‍ എം പിയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.കഴിഞ്ഞ രണ്ടു ദിവസമായി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടാണ് ഈ ആവശ്യം ഉന്നയിക്കുന്നത്.ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ചീഫ് ജസ്റ്റിസ് അജയ് ലംബ അധ്യക്ഷനായി കേന്ദ്ര അഭ്യന്തര മന്ത്രാലയം നിയോഗിച്ച നിലവിലെ സമിതി നടത്തുന്ന അന്വേഷണത്തിലൂടെ ഒരു സത്യാവസ്ഥയും പുറത്തു വരില്ലെന്ന അഭിപ്രയം ഉയര്‍ന്നതിനാലാണ് സംയുക്ത പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം ആവശ്യപ്പെടുന്നത്. ഈ മാസം 20 ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ നടപടികള്‍ നിര്‍ത്തിവെച്ച് മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യണം എന്നും ജോസ് ആവശ്യപ്പെട്ടു.

മനുഷ്യര്‍ തമ്മിലുള്ള വെറും സംഘര്‍ഷമോ ഏറ്റുമുട്ടലുകളോ അല്ല മണിപ്പൂരില്‍ നടക്കുന്നത്.ഇന്‍ഡ്യാ വിഭജനകാലത്ത് നടന്നതിന് സമാനമായ ആസൂത്രിത വംശഹത്യയാണ് മണിപ്പൂരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.ഒരു ന്യൂനപക്ഷ വിഭാഗത്തിലെ ആളുകളെയും അവര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളെയും അടയാളപ്പെടുത്തിയുള്ള ഭീകരമായ നരവേട്ടയാണ് മണിപ്പൂരില്‍ സംഭവിക്കുന്നത്. ഒരു വിഭാഗത്തിന്റെ മാത്രം ആരാധനാലയങ്ങളും അവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുള്ള നിര്‍മ്മിതികളും ഭവനങ്ങളും അവര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളും കൃത്യമായ ആസൂത്രണത്തോടെ അടയാളപ്പെടുത്തി തകര്‍ക്കുകയാണ്.തകര്‍ക്കപ്പെടുന്ന സ്ഥാപനങ്ങള്‍ ഒരിക്കലും പുനര്‍ നിര്‍മ്മിക്കരുതെന്ന കൃത്യമായ അജണ്ടയോടെയാണ് സായുധ സംഘങ്ങള്‍ അഴിഞ്ഞാടുന്നത്. വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും പൂര്‍ണമായും നിഷേധിക്കപ്പെട്ടിരിക്കുന്നതിനാല്‍ യാത്ര സാധ്യമായ സ്ഥലങ്ങളിലെത്തി മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറംലോകം അറിയുന്നത്.എന്നാല്‍ മണിപ്പൂരിന്റെ എല്ലാ പ്രദേശങ്ങളിലേക്കും എത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും ഇതേവരെ കഴിഞ്ഞിട്ടില്ല. ലോകം അറിഞ്ഞതിനേക്കാള്‍ എത്രയോ വലിയ ഭീകരാവസ്ഥയാണ് അവിടെ നിലനില്‍ക്കുന്നതെന്ന് നേരിട്ട് ബോധ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്  എന്നും  ജോസ് കെ മാണി  വ്യക്തമാക്കി.

2023 മെയ് മാസം മൂന്നാം തീയതിയാണ് മണിപ്പൂരില്‍ കലാപം തുടങ്ങുന്നത്. മെയ് 3, 4 എന്നീ രണ്ട് ദിവസങ്ങള്‍ കൊണ്ട് കുക്കി ഗോത്ര വിഭാഗത്തിലെ മാത്രം 80 ലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും അവരുടെ നൂറുകണക്കിന് ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു.120ലധികം ആളുകളാണ് ഇതേവരെ കൊല്ലപ്പെട്ടത് എന്നാണ് പുറത്തുവന്ന കണക്കുകള്‍ .ഇതിലും എത്രയോ അധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.കാണാതായ നിരവധി ആളുകളെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല

കലാപകാരികള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയും ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് പൂര്‍ണമായും നശിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.സംഗായി പ്രോയിലെ സെന്റ് പോള്‍സ് പള്ളി,കാഞ്ചിപൂരിലെ ഹോളി റെഡിമര്‍ പള്ളി എന്നിവ ഇത്തരത്തില്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. സെന്റ് പോള്‍സ് ദേവാലയത്തോട് ചേര്‍ന്ന പാസ്റ്ററല്‍ സെന്ററും ലൈബ്രറിയും ഹോസ്റ്റലും പൂര്‍ണമായും തകര്‍ക്കപ്പെട്ടു.
താഴ്‌വര ജനതയെന്നും മലയോര ജനതയെന്നും കൃത്യമായ വിഭജനമാണ് മണിപ്പൂരില്‍ നടന്നിട്ടുള്ളത് .മലയോര മേഖലകളിലെ കുക്കികള്‍ പാര്‍ക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ മനസാക്ഷിയുള്ളവരെ എല്ലാം കരയിക്കുന്ന വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്.വളരെ ചെറിയ സ്‌കൂളുകളില്‍ 600 ഉം 700 ആളുകള്‍ തിങ്ങി നിറഞ്ഞ് അവശ്യവസ്തുക്കള്‍ ലഭിക്കാതെ ഇത്തരം ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുകയാണ്. താഴ്വരയില്‍ നിന്നും ക്യാമ്പുകളിലേക്ക് ഒരു സാധനവും എത്തരുതെന്ന് ഉറപ്പിക്കുന്ന വിധത്തിലാണ് റോഡുകളില്‍ സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് പരസ്യമായി സഹായം നല്‍കുന്ന വിധത്തിലാണ് അവിടെ ഭിന്നിച്ചിട്ടുള്ള അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ പെരുമാറ്റമെന്നത് ഗുരുതരമായ വസ്തുതയാണ്.ഹൈവേകളുടെ നിയന്ത്രണം മെയ്തി സായുധ സംഘങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന അവസ്ഥയാണ്.മലയോര മേഖലകളിലേക്ക് പോകുന്ന ആളുകളും വാഹനങ്ങളും കുടിവെള്ളം പോലും കൂടെ കൊണ്ടുപോകുന്നില്ല എന്ന് ഉറപ്പാക്കിയുള്ള കര്‍ശന പരിശോധനകള്‍ക്കാണ് ആളുകള്‍ അവിടെ വിധേയരാകുന്നത്. സ്ത്രീകളായ ഉദ്യോഗസ്ഥകളെ മാത്രമാണ് വാഹനങ്ങളെയും ആളുകളെയും പരിശോധിക്കാന്‍ നിയോഗിച്ചിട്ടുള്ളത് പാര്‍ലമെന്റ് അംഗങ്ങളാണെന്ന് പരിഗണന പോലും രണ്ട് എംപിമാര്‍ക്ക് ഇത്തരം പരിശോധനകളില്‍ നിഷേധിക്കപ്പെട്ടു. ആ നിലയില്‍ സാധാരണക്കാര്‍ക്ക് എങ്ങനെയാണ് മലയോര മേഖലയില്‍ സഹായമെത്തിക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ സമാധാനം പറയണം ജോസ് വ്യക്തമാക്കി

അര്‍ദ്ധ സൈനിക വിഭാഗങ്ങളും സായുധരായ കലാപകാരികളും ചേര്‍ന്ന് കുക്കി വിഭാഗം പാര്‍ക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് ചുറ്റിനും വാസ്തവത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് . 355-ാം വകുപ്പ് അനുസരിച്ച് മണിപ്പൂരിന്റെ സുരക്ഷ ഏറ്റെടുത്ത കേന്ദ്രസര്‍ക്കാര്‍ അവിടെ നിലനില്‍ക്കുന്ന അപ്രഖ്യാപിത ഉപരോധം അവസാനിപ്പിക്കാന്‍ യാതൊരു നടപടിയും ചെയ്യുന്നില്ല എന്ന് മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഇംഫാല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ലുമോണുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ക്രൈസ്തവര്‍ക്കെതിരായി മണിപ്പൂരില്‍ നടക്കുന്ന ആസൂത്രിതമായ ആക്രമണത്തില്‍ വലിയ ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടായ സെയ്തു മണ്ഡലത്തിലെ എംഎല്‍എ കിപ്ഗനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മണിപ്പൂരിലെ സംഭവങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് അദ്ദേഹം അറിയിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിക്കുന്ന അന്വേഷണസമിതികളിലൂടെ ഒരു സത്യവും പുറത്തേക്ക് വരാനിടയല്ല.മണിപ്പൂരിലെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഇത് പകല്‍പോലെ വ്യക്തമാകും.മണിപ്പൂരിലേക്ക് പാര്‍ലമെന്ററി സമിതിയെ നിയോഗിക്കുകയും സത്യാവസ്ഥ കൃത്യമായി മനസ്സിലാക്കിക്കൊണ്ടുള്ള അടിയന്തര നടപടികള്‍ ഉണ്ടാവുകയും ആണ് വേണ്ടത്.മണിപ്പൂര്‍ സംഭവങ്ങളില്‍ ഭയപ്പെടുത്തുന്ന മൗനം തുടരുന്ന പ്രധാനമന്ത്രി അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും, കലാപബാധിതര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസം അടിയന്തിരമായി ഉറപ്പാക്കണമെന്നും, ആരാധനാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി പ്രത്യേക പാക്കേജും പ്രഖ്യാപിക്കണമെന്ന് ജോസ് കെ മാണി എംപിയും തോമസ് ചാഴിക്കാടന്‍ എംപിയും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News