മണിപ്പൂർ സംഘർഷം; നിയന്ത്രിക്കാനാവാതെ സൈന്യവും പൊലീസും

മണിപ്പൂരിൽ സംഘർഷങ്ങൾ നിയന്ത്രിക്കാനുള്ള ശ്രമം ഊർജിതമാക്കി സൈന്യവും പൊലീസും. എന്നാൽ കലാപം പൊട്ടി പുറപ്പെട്ട ചുരാചന്ദ്പൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ സംഘർഷങ്ങൾ നിയന്ത്രിക്കാൻ ഇനിയും സൈന്യത്തിനോ പൊലീസിനോ സാധിച്ചിട്ടില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി മണിപ്പൂരിലെ വിഷയങ്ങളിൽ ഇടപെടുന്നതിന് പകരം തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ വോട്ട് ഉണ്ടാക്കാൻ ശ്രമിക്കുകയാണ് എന്ന് കോൺഗ്രസ് വിമർശിച്ചു.

സംസ്ഥാന തലസ്ഥാനമായ ഇംഫാൽ ഉൾപ്പടെ എട്ട് ജില്ലകളിൽ പ്രതിഷേധം തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. എന്നാൽ അക്രമ സംഭവങ്ങൾക്ക് പിന്നിൽ ഗോത്ര വിഭാഗമായ കുകി ആണെന്നാണ് മെയ്തെയി ആരോപിക്കുന്നത്. മണിപ്പൂരിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിന് കാരണം ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.

”മണിപ്പൂർ കത്തുകയാണ്, ബി.ജെ.പി സമുദായങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുകയും മനോഹരമായ ഒരു സംസ്ഥാനത്തിന്‍റെ സമാധാനം തകർക്കുകയും ചെയ്തു.ബിജെപിയുടെ വിദ്വേഷത്തിന്‍റെയും ഭിന്നിപ്പിന്‍റെയും അധികാരക്കൊതിയുടെയും രാഷ്ട്രീയമാണ് ഈ കുഴപ്പത്തിന് കാരണം. എല്ലാ ഭാഗത്തു നിന്നുമുള്ള ആളുകളോട് സംയമനം പാലിക്കാനും സമാധാനത്തിന് അവസരം നൽകാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു” ഖാർഗെ ട്വിറ്ററിൽ കുറിച്ചു.

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സൈന്യത്തെയും അസം റൈഫിൾസിനെയും മണിപ്പൂരിൽ വിന്യസിപ്പിച്ചിട്ടുണ്ട്. സംഘർഷ മേഖലകളിൽ സൈന്യവും അസം റൈഫിൾസും പൊലീസും ചേർന്ന് റൂട്ട് മാർച്ചും നടത്തി. നാലായിരം പേരാണ് ഇതിനകം സൈന്യത്തിൻ്റെ അഭയാർത്ഥി ക്യാമ്പുകളിൽ എത്തിയിട്ടുള്ളത്. ജനസംഖ്യയുടെ അമ്പത് ശതമാനത്തിലേറെ വരുന്ന മേയ്തി വിഭാഗത്തെ ന്യൂനപക്ഷ പദവി നൽകി പട്ടിക വർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുത്തി ഹൈക്കോടതി വിധി വന്നതാണ് പ്രതിഷേധങ്ങൾക്ക് കാരണം. സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഇൻ്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഓൾ ട്രൈബൽ സ്റ്റുഡൻ്റ്സ് യൂണിയൻ മണിപ്പൂർ നടത്തിയ മാർച്ചിന് പിന്നാലെ ചുരാചന്ദ്പൂരിലും ഇംഫാലിലും ഏറ്റുമുട്ടലുകൾ നടന്നു. എട്ട് ജില്ലകളിലാണ് നിലവിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ‘എൻ്റെ സംസ്ഥാനം കത്തുന്നു’ എന്ന ട്വീറ്റിൽ ബോക്സിംഗ് താരം മേരി കോം കേന്ദ്ര സർക്കാരിനെയും പ്രധാന മന്ത്രിയെയും ടാഗ് ചെയ്ത് സഹായം അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News