മണിപ്പൂരില്‍ ആദ്യ ദിനം ആക്രമിക്കപ്പെട്ടത് രണ്ടല്ല 8 സ്ത്രീകള്‍, എണ്‍പത് ദിവസത്തില്‍ എത്ര ഇരകള്‍?

മണിപ്പൂര്‍ കലാപത്തിനിടെ രണ്ട് സ്ത്രീകള്‍ നേരിട്ട ക്രൂരത കണ്ട് ലോകമെമ്പാടും നടുങ്ങിയിരിക്കുകയാണ്. കുകി വിഭാഗത്തില്‍ പിറന്നു എന്നതുകൊണ്ടുമാത്രം ക്രൂരമായ ആള്‍ക്കൂട്ട ആക്രമണത്തിനാണ് യുവതികള്‍ ഇരയായത്. കൂട്ട ബലാത്സംഗത്തിനിരയായ ഇവരെ നഗ്നരാക്കി നടത്തിച്ച ദൃശ്യങ്ങളും വാര്‍ത്തകളും ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ജനങ്ങള്‍ കണ്ടത്. സ്വത്തിനും ജീവിനും കാവല്‍ നില്‍ക്കേണ്ട  പൊലീസ് പക്ഷെ കാവലായത് അക്രമികള്‍ക്കായിരുന്നുവെന്ന പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് രാജ്യം കേട്ടത്.

എന്നാല്‍ ആക്രമിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം രണ്ടിലൊതുങ്ങില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അക്രമികളില്‍ നിന്ന് ഒരു വിധത്തില്‍ രക്ഷപ്പെട്ട സ്ത്രീ പറയുന്നതനുസരിച്ച് എട്ട് സ്ത്രീകള്‍ ആള്‍ക്കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. എതിര്‍ക്കാന്‍ നോക്കിയ ഇവരുടെ മകനെയും ഭര്‍തൃസഹോദരനെയും അക്രമികള്‍ തെരുവില്‍ തല്ലിക്കൊന്നുവെന്നും അവര്‍ വെളിപ്പെടുത്തി.

കുകികളുടെ ഗ്രാമമായ ബിപൈന്യത്തില്‍ അക്രമികള്‍ നടന്ന അ‍ഴിഞ്ഞാട്ടമാണ് രക്ഷപ്പെട്ട സ്ത്രീ പുറത്തു പറഞ്ഞത്. ആള്‍കൂട്ടം മെയ് മൂന്നിന് വൈകിട്ട് ഗ്രാമത്തിലെത്തി കുടിലുകള്‍ക്ക് തീയിട്ടു. പേടിച്ചരണ്ട ഗ്രാമവാസികള്‍ തൊട്ടടുത്ത കാട്ടില്‍ അഭയം പ്രാപിച്ചു. വീണ്ടും അക്രമികള്‍ വരില്ലെന്ന് വിശ്വസിച്ച് അടുത്ത ദിവസം തിരികെ ഗ്രാമത്തിലെത്തിയവര്‍ക്ക് തെറ്റി. അക്രമികള്‍ വീണ്ടും എത്തുകയും പെണ്‍കുട്ടുകളടക്കം കാടിനുള്ളില്‍ ഓടിക്കയറുകയും ചെയ്തു. എന്നാല്‍ ഇവര്‍ അക്രമികളുടെ കണ്ണില്‍ പെടുകയായിരുന്നുവെന്നാണ് അതിജീവിച്ച ഗ്രാമവാസി ഒരു മാധ്യമത്തിനോട് പറഞ്ഞത്.

ALSO READ: ബിരേന്‍ സിങിനെ മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് എന്‍ഡിഎയില്‍ ആവശ്യം ശക്തം

ഈ വെളിപ്പെടുത്തല്‍ ഉണ്ടായത് രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. മെയ് മൂന്നിന് ആരംഭിച്ച കാലപത്തില്‍ മെയ് നാലിന് നടന്ന സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തറിഞ്ഞത്. ഇനിയും 78 ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളുടെ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നു. ഇനിയും എന്തൊക്കെ കാണുകയും കേള്‍ക്കേണ്ടിയും വരുമെന്ന ഭീതിയിലാണ് രാജ്യത്തെ ജനങ്ങള്‍.

അതേസമയം ഇതുപോലെ നൂറുകണക്കിന് സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും  അതിനാലാണ് ഇന്റര്‍നെറ്റ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നതെന്നുമുള്ള മുഖ്യമന്ത്രി ബിരേന്‍ സിങിന്‍റെ പരാമര്‍ശം ചര്‍ച്ചയായി. ആക്രമണങ്ങള്‍ നടക്കുന്നത് മുഖ്യമന്ത്രി അറിഞ്ഞിട്ടും നടപടി എടുക്കാത്തത് ആക്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പങ്ക് വ്യക്തമാക്കുന്നതായുള്ള അഭിപ്രായം ഇതിനോടകം ഉയര്‍ന്നു ക‍ഴിഞ്ഞു. പ്രധാനമന്ത്രിയുടെ മൗനവും ഈ ആരോപണത്തിന്‍റെ മൂര്‍ച്ച വര്‍ധിപ്പിക്കുന്നു. 78ാം ദിവസത്തിലാണ് പ്രധാനമന്ത്രി വായ തുറന്നത്. വേറെ സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന വില കുറഞ്ഞ ന്യായീകരണം മോദി നടത്തി.

ഒരു സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങി 80 ദിവസങ്ങള്‍ പിന്നിടുമ്പോ‍ഴും ഒന്നും ചെയ്യാതെ കൈയും കെട്ടി നോക്കിനില്‍ക്കുക മാത്രമാണ് മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ചെയ്തതെന്ന വികാരം രാജ്യത്തുടനീളം പ്രതിഫലിക്കുമ്പോള്‍ എന്‍ ഡിഎയിലെ സഖ്യകക്ഷികളിലും ഇതേ വികാരം ശക്തിപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യം മുന്നണിക്കുള്ളില്‍ ഇതിനോടകം  ഉയര്‍ന്നു ക‍ഴിഞ്ഞു.

ALSO READ: വെള്ളപ്പൊക്കത്തിൽ റോബർട്ട് വദ്രയുടെ കമ്പനികളുടെ രേഖകൾ നഷ്ടപ്പെട്ടതായി വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News