മണിപ്പൂര്‍ കലാപം; സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് സംസ്ഥാന ബി ജെ പി നേതൃത്വം

കലാപം തുടരുന്ന മണിപ്പുരില്‍ ബിരേന്‍ സിംഗ് സര്‍ക്കാരിനെ വിമര്‍ശിച്ച് സംസ്ഥാന ബി ജെ പി നേതൃത്വം. സര്‍ക്കാരിലുള്ള അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് സംസ്ഥാന നേതാക്കള്‍ കത്തയച്ചു. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച്ച പറ്റിയെന്നാണ് വിമര്‍ശനം. അതേ സമയം രണ്ട് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.

Also Read; കുത്തിവെപ്പ് മാറിനല്‍കി: യു.പിയില്‍ 17-കാരിക്ക് ദാരുണാന്ത്യം

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായിട്ടും സമാധാനം പുന:സ്ഥാപിക്കാനുള്ള ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് ബി ജെ പി രംഗത്ത് വന്നത്. മണിപ്പൂര്‍ ബിജെപി സംസ്ഥാന അധ്യക്ഷ ശാരദാ ദേവിയുടെ നേതൃത്വത്തിലുള്ള എട്ട് നേതാക്കളാണ് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കത്ത് അയച്ചത്. ബീരേന്‍ സിംഗ് സര്‍ക്കാരിനെതിരെ ജനരോഷവും പ്രതിഷേധവും ശക്തമാണ്. അഭയാര്‍ഥികള്‍ക്ക് പുനരധിവാസം ഉടന്‍ ഉറപ്പാക്കണം. ദേശീയപാതയിലെ ഉപരോധങ്ങള്‍ അവസാനിപ്പിക്കണം പ്രശ്നക്കാരെ അറസ്റ്റുചെയ്യണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് നേതാക്കള്‍ മുമ്പോട്ട് വെക്കുന്നത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. അതേ സമയം മെയ്‌തേയ് വിഭാഗത്തിലുള്ള രണ്ട് വിദ്യാര്‍ത്ഥികളുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. കൊലപാതകത്തിന്റെ ഉത്തരവാദികളെ ഉടന്‍ പിടികൂടും എന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് അറിയിച്ചു.

Also Read: നിരണം ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചെടുത്തു

കാക്ചിങ് ജില്ലയില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. ഇരകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപെട്ട് പ്രതിഷേധ റാലികളും നടത്തി. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here