അജ്ഞാതരുടെ ഉയരാത്ത സ്മാരകം; അഥവാ രേഖപ്പെടാതെ പോയ മനുഷ്യരുടെ ‘മനിതര്‍കാലം’

manitharkalam-biju-muthathi-m-damodaran

ചരിത്രത്തിന്റെ അടരുകളിലെവിടെയും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്തവരും ഇടം നേടിയിട്ടില്ലാത്തവരുമാണ് ‘മനിതര്‍കാല’ത്തിലെ കഥാനായകരിലേറെയും. ഒരു കാലം വെറുതെയങ്ങു ജനിച്ചുജീവിച്ചു മരിച്ചു പോയ സാധാരണരില്‍ സാധാരണരായ മനുഷ്യാത്മാക്കളുടെ ജീവിതമാണ് ‘അജ്ഞാതരുടെ ഉയരാത്ത സ്മാരകം’ പോലെ ബിജു മുത്തത്തി വരച്ചുവെച്ചിരിക്കുന്നത്.

ബിജു മുത്തത്തിയുടെ മനിതര്‍കാലത്തെക്കുറിച്ച് എം ദാമോദരന്‍ എഴുതുന്നു

ഒരുപക്ഷേ ദൂരദര്‍ശന്റെയും ഏഷ്യാനെറ്റിന്റെയും പ്രാരംഭകാലം മുതല്‍ക്കുതന്നെ വിഷ്വല്‍ മീഡിയയില്‍ അപൂര്‍വ്വവും വ്യത്യസ്തവുമായ വ്യക്തി ജീവിതങ്ങളാല്‍ സമൂഹത്തിലെ വ്യത്യസ്ത മനുഷ്യരുടെ നഖചിത്രങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിന്ത രവി, മാങ്ങാട് രത്‌നാകരന്‍, വി.കെ. ശ്രീരാമന്‍ തുടങ്ങിയവരായിരുന്നു ഈ മേഖലയിലെ പൂര്‍വ്വസൂരികള്‍. ‘ശ്രീ’ വി കെ ശ്രീരാമന്‍ ആയിരുന്നു വിഷ്വല്‍ മീഡിയയിലെ കാരിക്കേച്ചറുകളെ വേറിട്ട കാഴ്ചകള്‍ എന്ന പേരില്‍ പ്രിന്റു മീഡിയകളിലേക്കും പരാവര്‍ത്തനം ചെയ്ത് അവതരിപ്പിച്ചത്. ഒരര്‍ത്ഥത്തില്‍ വി.കെ.ശ്രീരാമന്റെയും വേറിട്ട കാഴ്ചകളുടെയും മറ്റൊരു തരം പിന്തുടര്‍ച്ചയാണ് ബിജു മുത്തത്തിയും ‘മനിതര്‍ കാലവും.’

വഴികളും രീതികളും ഒന്നുതന്നെയെങ്കിലും ബിജുവിന്റെയും ശ്രീരാമന്റെയും വ്യക്തികളെ കണ്ടെത്തലും അവയിലെ വ്യത്യസ്തതയും രണ്ടും രണ്ടു തന്നെയായിരുന്നു. വി കെ ശ്രീരാമന്‍ കഥാനായകരെ കണ്ടെത്തിയതിന് സ്വീകരിച്ച മാനദണ്ഡമല്ല ബിജു മുത്തത്തി സ്വീകരിച്ചത്. രണ്ടും തമ്മില്‍ അജഗജാന്തര വ്യത്യാസമായിരുന്നു. ബിജു മുത്തത്തി തന്റെ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ച ‘രാഷ്ട്രീയമാന’ങ്ങളല്ല വി.കെ.ശ്രീരാമന്‍ തന്റെ വേറിട്ട കഴ്ചകളില്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ‘ഉള്ളടക്ക’ങ്ങളില്‍ രണ്ടും രണ്ടു തന്നെയായിരുന്നു. പൂര്‍വസൂരിയും പിന്‍ഗാമിയും പിന്‍പറ്റിയ പാതകള്‍ തീര്‍ത്തും വ്യത്യസ്തം തന്നെയായിരുന്നു എന്നര്‍ത്ഥം.

‘മനിതര്‍കാല’ത്തില്‍ ബിജു അവതരിപ്പിച്ച വ്യക്തികളില്‍ തങ്ങളുടെ ജീവിതകാലത്ത് തന്നെ ചരിത്രത്തിന്റെ രേഖകളില്‍ സ്വന്തമായി ഇടം നേടിയ കുറച്ചുപേര്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ സര്‍ക്കസ് കലയുടെ തലതൊട്ടപ്പനായ ജെമിനി ശങ്കരന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ബോബനും മോളിയുമെന്ന ലോകപ്രശസ്ത കാര്‍ട്ടൂണ്‍ പരമ്പരയുടെ ജനയിതാവായിരുന്ന ടോംസ്, ദില്ലിയിലെ പണിക്കേര്‍സ് ട്രാവല്‍സ് ഉടമ ഇ.ആര്‍.സിപണിക്കര്‍, കേരളത്തിലെ പഴയകാല കമ്മ്യൂണിസ്റ്റു പാര്‍ട്ടിനേതാക്കളുടെയെല്ലാം ഒളിവുകേന്ദമായിരുന്ന കോറോം പുല്ലേരിയില്ലത്തെ സിനിമാനടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, മലയാളം ഡിറ്റക്ടീവ് നോവലിസ്റ്റുകളുടെയെല്ലാം മുന്‍ഗാമിയായിരുന്ന കോട്ടയം പുഷ്പനാഥ് തുടങ്ങി കേരളീയ സാമൂഹ്യജീവിതത്തിലെ പല പല കാലങ്ങളിലെ ഉന്നതതല ജാതരായ മനീഷികളുടെ ഒരു ചെറുനിര ആളുകളെക്കുറിച്ച് മനിതര്‍ കാലം പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ പുസ്തകത്തിലെ മുഖ്യധാര അവരല്ല; മറിച്ച് ചരിത്രത്തിന്റെ അടരുകളിലെവിടെയും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്തവരും ഇടം നേടിയിട്ടില്ലാത്തവരുമാണ് ബിജുവിന്റെ കഥാനായകരിലേറെയും. ഒരു കാലം വെറുതെയങ്ങു ജനിച്ചുജീവിച്ചു മരിച്ചു പോയ സാധാരണരില്‍ സാധാരണരായ കുറേ പാവം മനുഷ്യാത്മാവുകളുടെ ജീവിതമാണ് ‘അജ്ഞാതരുടെ ഉയരാത്ത സ്മാരകം’ പോലെ തന്റെ ‘മനിതര്‍കാല’ത്തിലൂടെ ബിജു മുത്തത്തി വരച്ചുവെച്ചിരിക്കുന്നത്.

ജലമനുഷ്യനായി അടയാളപ്പെടുത്തപ്പെട്ട ‘സുരങ്ക’ പണിക്കാരനായ കുണ്ടംകുഴിയിലെ കുഞ്ഞമ്പുവേട്ടന്‍, വയനാട് തൃശിലേരിയിലെ നക്‌സലൈറ്റ് വര്‍ഗീസിന്റെ കൂട്ടുകാരനായിരുന്ന സഖാവ് പി കെ കരിയന്‍, പി കൃഷ്ണപിള്ളയുടെ ഫോട്ടോയെടുത്ത സി.എം.വി നമ്പീശന്‍, ഗായകന്‍ ബോംബെ എസ് കമാല്‍, 250 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടുവെച്ചു നല്‍കിയ ബദിയടുക്കയിലെ സായിറാം ഭട്ട്, വിസയോ പാസ്‌പോര്‍ട്ടോ ഇല്ലാതെ പന്ത്രണ്ടാമത്തെ വയസ്സില്‍ കോഴിക്കോട്ടു നിന്ന് വീടുവിട്ടുപോയി ലോകത്തെ 43 രാജ്യങ്ങളിലൂടെ 25ലേറെ വര്‍ഷങ്ങള്‍ സഞ്ചരിച്ചു മടങ്ങി മലപ്പുറത്തു തിരിച്ചെത്തിയ മൊയ്തു കിഴിശ്ശേരി, 110 വയസ്സായ കണിച്ചാറിലെ കുടിയേറ്റ കര്‍ഷകന്‍ നാരായണന്‍, കൂടിയന്റെ കുമ്പസാരം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും മദ്യാസക്ത വിമുക്താശ്രമമായ പുനര്‍ജനി സ്ഥാപകനുമായ ജോണ്‍സണ്‍ പൂമല തുടങ്ങി ചരിത്രത്തില്‍ തങ്ങളുടേതായ ഇടങ്ങളോ സ്മാരകങ്ങളോ പണിയാതെ ജനിച്ചു ജീവിച്ചു മരിച്ചുപോയ ‘മനുഷ്യര്‍ക്കായി’ അജ്ഞാതരുടെ ഉയരാത്ത ഒരു ‘ചരിത്രസ്മാരക’മാണ് ബിജു മുത്തത്തി തന്റെ ‘മനിതര്‍കാലം’ എന്ന ഈ വിശുദ്ധ ഗ്രന്ഥത്തിലൂടെ പണിതുയര്‍ത്തിയിരിക്കുന്നത്.

‘മനിതര്‍കാലം’ എന്ന ഈ ഗ്രന്ഥനാമം മാത്രമല്ല പുസ്തകത്തിലെ ഓരോരോ അധ്യായങ്ങള്‍ക്കും ബിജു നല്‍കിയിരിക്കുന്ന പേരുകള്‍ അഥവാ തലക്കെട്ടുകള്‍ എത്ര അര്‍ത്ഥവത്തും പ്രാസാദാത്മകവും മനോഹരവുമാണെന്നു നോക്കൂ: കരിയന്റെ തുടി, ഒറ്റ സ്‌നാപ്പിന്റെ ഉടമ, മദ്യവും മനുഷ്യനും, മുന്താരി മുത്തച്ഛന്‍, വെളിച്ചപ്പാടിന്റെ വെളിച്ചം, മൊയ്തു ട്രാവല്‍സ്, ബദിയടുക്കയിലെ ഭവനങ്ങള്‍, മുബൈ ടു മുടവന്മുഗള്‍…

അമ്മ മഹാറാണിമാരുടെയും മഹാരാജാക്കന്മാരുടെയുമൊക്കെ ചരിത്രം മനു എസ്. പിള്ളമാര്‍ രേഖപ്പെടുത്തുന്നു. മൊയ്തു കിഴിശ്ശേരിമാരുടെയും കര്‍ത്തമ്പു വെളിച്ചപ്പാടന്മാരുടെയും ജീവിതരേഖകള്‍, സ്മാരകങ്ങള്‍ ബിജു മുത്തത്തിമാര്‍ ചരിത്രത്തിലേക്ക് അടയാളപ്പെടുത്തുന്നു. ‘മനിതര്‍കാല’ത്തെക്കുറിച്ച് മറ്റെന്താണ് പറയുക? മലയാള ഭാഷയ്ക്കും മനുഷ്യചരിത്രത്തിനും ഒരു മുതല്‍ക്കൂട്ടു തന്നെ മനിതര്‍കാലം!


മനിതര്‍കാലം- ബിജു മുത്തത്തി
പ്രസാധകര്‍: മാതൃഭൂമി ബുക്സ്
വില: 420 രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News