
യുഡിഎഫ് ഭരിക്കുന്ന മൂവാറ്റുപുഴ മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിലെ തട്ടിപ്പിനെത്തുടർന്ന് നഷ്ടമായ തുക ഉത്തരവാദികളിൽ നിന്ന് ഈടാക്കാൻ സഹകരണ വകുപ്പ് ഉത്തരവ്. കോൺഗ്രസ് നേതാക്കളായ ബാങ്ക് ഭരണസമിതി അംഗങ്ങൾ ഉൾപ്പടെ 20 പേരിൽ നിന്ന് നഷ്ടോത്തരവാദിത്വമായി തുക ഈടാക്കാനാണ് സഹകരണ വകുപ്പ് സർചാർജ്ജ് ഉത്തരവ്. സഹകരണ സംഘം എറണാകുളം ജോയിൻ്റ് രജിസ്ട്രാറാണ് സർചാർജ് ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്.
യു ഡി എഫ് ഭരിക്കുന്ന മൂവാറ്റുപുഴ വാഴക്കുളത്തെ മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് നേരത്തെ കണ്ടെത്തിയിരുന്നു. 51 അംഗങ്ങളുടെ പേരിലുള്ള വായ്പയിൽ വലിയ തട്ടിപ്പ് നടന്നതായാണ് സഹകരണവകുപ്പ് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയത്. 12 ശതമാനം തുകയായ 22 കോടിയോളം രൂപ സർ ചാർജ്ജായി 20 പേരിൽ നിന്നാണ് ഈടാക്കേണ്ടത്. കോൺഗ്രസ് നേതാവും ബാങ്ക് മുൻ പ്രസിഡൻറുമായ പരേതനായ ജോയി മാളിയേക്കലിൽ നിന്നും 6 കോടി 45 ലക്ഷത്തിൽപ്പരം രൂപയും ഭാര്യ ആനി ജോയിയിൽ നിന്ന് 2 കോടി 12 ലക്ഷം രൂപയും മകൻ പോൾ ജെ മാളിയേക്കലിൽ നിന്ന് 61 ലക്ഷത്തിൽപ്പരം രൂപയും ഈടാക്കണം.
മുൻ ഹോണററി സെക്രട്ടറിയും ഭരണ സമിതിയംഗവുമായിരുന്ന ഡൊമിനിക് സ്കറിയ 36 അംഗങ്ങളുടെ പേരിലെടുത്ത വായ്പ ഉൾപ്പെടെ 6,12,81,134 രൂപയും കെ.എസ് ബോബൻ 1,40,90,203 രൂപയും ബാങ്കിലേക്ക് നൽകാനുള്ളതായും സർചാർജ് ഉത്തരവിൽ പറയുന്നു.
മുൻ ഭരണ സമിതിയംഗവും ഹോണററി സെക്രട്ടറിയുമായിരുന്ന വി.എം. സൈനുദ്ദീനിൽ നിന്ന് ആകെ 1,96,58,954 രൂപയും സർചാർജിലൂടെ ഈടാക്കണം.ഗവൺമെൻ്റിലേക്കുള്ള ഫീസ് അടയ്ക്കാതെ പ്രതിമാസ നിക്ഷേപ പദ്ധതികൾ നടത്തിയതിൻ്റെയും ബിനാമി വായ്പകളുടേയും നഷ്ടോത്തരവാദിത്വം അതാതു കാലയളവിലെ ഭരണസമിതിയംഗങ്ങൾക്കും സെക്രട്ടറിക്കും വിഭജിച്ചു നൽകിയിട്ടുണ്ട്. സർചാർജ് ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം ഉത്തരവാദികളായ ഇരുപതു പേരും തുക ബാങ്കിൽ അടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടപടികളിലൂടെ പണം ഈടാക്കാൻ മൂവാറ്റുപുഴ അസിസ്റ്റൻ്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും ജോയിൻ്റ് രജിസ്ട്രാറുടെ സർചാർജ് ഉത്തരവിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

