
ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ ഇത്ര വലിയ ഒരു ആരാധകവൃന്ദം ഒരു ടീമിനും ഉണ്ടായിട്ടുണ്ടാവില്ല, അതായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട. എന്നാൽ ഇന്ന് മുതലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് ഇവർ അറിയിച്ചത്. തെറ്റായ തീരുമാനങ്ങളുടെ പരിണിത ഫലങ്ങളാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പറഞ്ഞ മഞ്ഞപ്പട ടീമിന് ചേരുന്നതാണോ അല്ലയോ എന്ന വിശകലനം ഇല്ലാതെയാണ് താരങ്ങളെ റിക്രൂട്ട് ചെയ്യുന്നത് എന്നും വിമർശിച്ചു. സന്തുലിതമല്ലാത്ത, ഏകോപനമില്ലാത്ത ടീമായി ബ്ലാസ്റ്റേഴ്‌സ് മാറിയെന്നും അവർ പറയുന്നു. ക്ലബ് മെച്ചപ്പെടണമെന്ന ആഗ്രഹം കൊണ്ടാണ് ബോയ്‌കോട്ട് ചെയ്യുന്നതെന്നും, ക്ലബിനെ വിട്ടുപോകുന്നതല്ലെന്നും മഞ്ഞപ്പട സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ആഷ്‌ലി വെസ്റ്റ്‌വുഡിന്റെ പരിശീലനത്തില്‍ ആദ്യ മത്സരത്തിനായി ഇറങ്ങുമ്പോൾ പിന്തുണയ്ക്കാൻ ഗാലറിയിൽ മഞ്ഞപ്പട ഉണ്ടാവില്ല. സീസണില്‍ വളരെ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കാഴ്ച വച്ചിരിക്കുന്നത്. കഴിഞ്ഞ സീസണുകളിലും സമാനമായ രീതി ആയിരുന്നിട്ടും കട്ടക്ക് കൂടെ നിന്ന മഞ്ഞപ്പടയാണ് ഇപ്പോൾ ബഹിഷ്കരണത്തിലേക്ക് എത്തിയിരിക്കുന്നത്. ഈ സീസണിൽ ആറു മത്സരങ്ങളില്‍ അഞ്ചിലും ടീം തോറ്റു. ഒരു മത്സരത്തില്‍ പോലും വിജയിച്ചില്ല. തുടര്‍ന്ന് ഡേവിഡ് കാറ്റലയ്ക്ക് പകരം വെസ്റ്റ്‌വുഡിനെ പരിശീലകനായി നിയമിക്കുകയായിരുന്നു.
ALSO READ: ഒരു ഇന്നിംഗ്സ് മതിയാകും! സഞ്ജുവിനെ കുറിച്ച് പ്രവചനവുമായി മുൻ ഇന്ത്യൻ താരം
അതേസമയം ബ്ലാസ്റ്റേഴ്‌സിനെ പരിഹസിച്ച് മഞ്ഞപ്പട പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. പുതിയ പരിശീലകനെയും, താരത്തെയും എത്തിച്ചത് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. അപ്പോള്‍ ടീമില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നല്ലായിരുന്നോ നേരത്തെ പറഞ്ഞതെന്നും, പിന്നെ എങ്ങനെയാണ് രണ്ട് സൈനിങ് നടത്താനായതെന്നും ആണ് അവരുടെ ചോദ്യം. അപ്പോള്‍ പണമായിരുന്നില്ല പ്രശ്‌നമെന്നും, മോശം ആസൂത്രണമായിരുന്നു കുഴപ്പമെന്നും അവർ പോസ്റ്റ് വഴി പറയുന്നു. ഇത് വളരെ പെട്ടെന്നു തന്നെ വൈറലായി മാറിയിരുന്നു. എന്തായാലും വെസ്റ്റ്‌വുഡ് എത്തിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സംഘത്തില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ആ മാറ്റങ്ങൾ വിജയമായി മാറുമോ എന്ന് കണ്ടറിയാം. ഈ കളി വിജയിച്ചാലും ഇല്ലെങ്കിലും അത് കാണാൻ മഞ്ഞപ്പട ഗാലറിയിൽ ഉണ്ടാവില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




