
അന്തരിച്ച ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന് വിട നല്‍കി സാംസ്‌കാരിക കേരളം. തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം നടന്നു. എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തില്‍ സിനിമാ, സാഹിത്യ, രാഷ്ട്രീയരംഗത്തെ നിരവധിപേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
അരനൂറ്റാണ്ടിലേറെ കാലം ചലച്ചിത്രഗാനരംഗത്ത് ശോഭിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണന് തിങ്കളാള്ച്ചയാണ് വിടവാങ്ങിയത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതദേഹം രാവിലെ 9 മണിയോടെയാണ് പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളിലെത്തിച്ചത്. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍,കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്,സി പി ഐ എം എറണാകുളം ജില്ലാസെക്രട്ടറി സി എന്‍ മോഹനന്‍,മേയര്‍ എം അനില്‍കുമാര്‍,ഗായകന്‍ സുദീപ്കുമാര്‍ തുടങ്ങി സിനിമാ, സാഹിത്യ, രാഷ്ട്രീയ സാസംസ്‌കാരിക രംഗത്തെ പ്രമുഖര്‍ മങ്കൊമ്പിന് ആദരാഞ്ജലി അര്‍പ്പിച്ചു.
രണ്ട് മണിക്കൂര്‍ നീണ്ട പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തൈക്കൂടത്തെ വീട്ടിലെത്തിച്ചു. വൈകീട്ടോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകീട്ട് 5 മണിയോടെയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ അന്ത്യം. ഒരാഴ്ച മുന്‍പ് വീട്ടില്‍വെച്ച് വീണ് അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതമുണ്ടായതും മരണം സംഭവിക്കുന്നതും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here