
മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയുണ്ടായ ദുരന്തം പിന്നിട്ട് ഒരുവര്‍ഷം തികയുന്നതിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ അവസരത്തിലാണ് മനോരമ എഡിറ്റോറിയല്‍ പേജില്‍ ‘ദുരന്തബാധിതര്‍ക്ക് എന്നും ദുര്‍വിധി’ എന്ന തലക്കെട്ടോടെ എഡിറ്റോറിയല്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ എന്തോ പാതകം ചെയ്തതുപോലെയാണ് എഡിറ്റോറിയല്‍ വായിച്ച് തുടങ്ങുമ്പോള്‍ തോന്നുക, എന്നാല്‍ അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്.
എഡിറ്റോറിയലിന്റെ ഭൂരിഭാഗങ്ങളിലും കേന്ദ്രത്തിന്റെ അവഗണനയും കേന്ദ്രം കേരളത്തെ സഹായിക്കാത്തതിനെ കുറിച്ചുമാണ് എഴുതിയിട്ടുള്ളത്. പിന്നെ എന്തുകൊണ്ടാകും തലക്കെട്ടില്‍ മനോരമ കേന്ദ്രം എന്ന് പ്രതിപാദിക്കാത്തത്. സ്വാഭാവികമായും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുള്ള വീഴ്ചയെ കുറിച്ച് പറയുന്ന എഡിറ്റോറിയലില്‍ അത്തരത്തില്‍ ഒരു തലക്കെട്ടല്ലേ ഉണ്ടാകേണ്ടത് എന്ന് ചോദിച്ചാല്‍, അതെ എന്ന് തന്നെയാണ് മറുപടി. പക്ഷേ മനോരമയുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു പ്രവണത മാത്രം നമ്മള്‍ പ്രതീക്ഷിച്ചാല്‍ മതി.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായത്. കേന്ദ്രമാകട്ടെ, പ്രത്യേക കേന്ദ്ര ധനസഹായം എന്ന സംസ്ഥാന ആവശ്യം പരിഗണിച്ചിട്ടുമില്ല. ദുരന്ത ബാധിതരുടെ 35.30 കോടിയുടെ വായ്പ കോടതി പറഞ്ഞിട്ടും കേന്ദ്രം എഴുതി തള്ളാന്‍ തയ്യാറായില്ല എന്ന് എഴുതിയ മനോരമ, കേരള ബാങ്ക് വായ്പ എഴുതി തള്ളിയ കാര്യം പറയുന്നതേ ഇല്ല എന്നതാണ് മറ്റൊരു വിരോധാഭാസം. വായ്പ എഴുതിതള്ളാത്ത കേന്ദ്രം, ദുരന്ത നിവാരണ നിയമത്തിലെ വായ്പ എഴുതി തള്ളാനുള്ള വ്യവസ്ഥ എടുത്തു കളയുകയും ചെയ്തു.
കേരളം ചോദിച്ച 1202 കോടിയുടെ അടിയന്തര സഹായം കേന്ദ്രം അനുവദിച്ചില്ലെന്ന് മാത്രമല്ല, കേന്ദ്ര സംഘം വന്ന് തയ്യാറാക്കിയ 2,221 കോടിയുടെ സഹായ നിര്‍ദേശവും കേന്ദ്രം പരിഗണിച്ചില്ല. എന്നാല്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായ മറ്റ് സംസ്ഥാനങ്ങളെ കേന്ദ്രം കൈയയച്ചു സഹായിക്കുന്നുമുണ്ട് എന്നും എഡിറ്റോറിയലില്‍ മനോരമ പറഞ്ഞുവയ്ക്കുന്നു.
അപ്പോഴും കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകാത്ത കുറച്ച് കാര്യങ്ങളുണ്ട്. രക്ഷാപ്രവര്‍ത്തിന് വന്ന വിമാന കൂലി, ബെയ്‌ലി പാല നിര്‍മാണ ചിലവ്, DNA ടെസ്റ്റിന്റെ ചെലവുകള്‍ പോലും കേന്ദ്രം എഴുതി വാങ്ങിയ കാര്യവും മനോരമ അറിഞ്ഞിട്ടില്ലേ എന്ന്.
ഭൂമി എറ്റെടുക്കുന്നതിനിടെ എസ്‌റ്റേറ്റ് ഉടമ കോടതിയില്‍ പോയത് കാരണം ഉണ്ടായ കാലതാമസവും സര്‍ക്കാര്‍ പണം കോടതിയില്‍ കെട്ടിവെച്ച് വളരെ വേഗം ഭൂമി ഏറ്റെടുത്തതും മനോരമ അറിഞ്ഞിട്ടേ ഇല്ല എന്ന് ഇന്നത്തെ എഡിറ്റോറിയല്‍ വായിക്കുന്ന ഏതൊരു സാധാരണക്കാരനും മനസിലാകും. അപ്പോഴും ഭൌമശാസ്ത്രജ്ഞർ ഉൾപ്പടെയുള്ള വിദഗ്ദസമിതി ഏറ്റവും സുരക്ഷിതമെന്ന് വിലയിരുത്തിയ സ്ഥലമാണ് സംസ്ഥാന സർക്കാർ പുനരധിവാസത്തിനായി ഒരുക്കുന്നതെന്നും കാണാതെപോകരുത്.
പുനരധിവാസത്തിന് സ്വഭാവിക കാലതാമസം അല്ലാതെ സംസ്ഥാന വീഴ്ച ഇല്ലാതിരുന്നിട്ടും കുറ്റപ്പെടുത്താല്‍ മനോരമ മറന്നിട്ടില്ല. കേരള സര്‍ക്കാര്‍ എല്ലാ സംരക്ഷണങ്ങളും ഉറപ്പ് വരുത്താന്‍ കൂടെ ഉണ്ട് എന്ന വസ്തുത അംഗികരിക്കാന്‍ മനോരമയ്ക്കുള്ള വിഷമം നമുക്ക് മനസിലാക്കാന്‍ കഴിയുന്നതേയുള്ളൂ. ഒരു ദുരന്തം ഉണ്ടായി ഒരു വർഷത്തിനുള്ളിലാണ് സംസ്ഥാന സർക്കാർ ഇത്രയധികം നടപടികളുമായി മുന്നോട്ടുപോയതെന്നു മനോരമയുടെ എഡിറ്റോറിയൽ കണ്ടില്ലെന്ന് നടിക്കുന്നു.
പുനരധിവാസത്തിന് കേന്ദ്രസഹായം ഇല്ലാതിരുന്നിട്ടും, ലോകമെങ്ങുമുള്ള മലയാളികൾ കൈയയച്ച് സഹായിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ ആവശ്യമായ ഫണ്ട് കണ്ടെത്തുകയായിരുന്നു. ഇതെല്ലാം മനപൂർവം തിരസ്ക്കരിച്ചുകൊണ്ട് കോൺഗ്രസിന്‍റെയും മറ്റും വക്കാലത്ത് പണിയാണ് മനോരമ ഏറ്റെടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. മനോരമയുടെ ഇന്നത്തെ എഡിറ്റോറിയല്‍ തെറ്റിദ്ധരിപ്പിക്കുന്നതും പരോക്ഷേമായി കേന്ദ്രത്തെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നതുമാണെന്ന് ഓരോ മലയാളിക്കും മനസിലാകും. ഇത് മനസിലാക്കാന്‍ ഉള്ള ബോധം പോലും മനോരമയ്ക്ക് ഇല്ലാതായി എന്നതാണ് നമ്മളെ അതിശയിപ്പിക്കുന്ന മറ്റൊരു വസ്തുത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here