‘നിപയിലും കള്ളവാർത്തയുമായി മനോരമ’; വസ്തുതനിരത്തി മന്ത്രി വീണാ ജോർജ്, ഫേസ്ബുക്ക് പോസ്റ്റ്

veena-george-

കള്ളവാർത്തകൾക്ക് എന്നും മനോരമ മുന്നിലാണ്. ഇന്ന് മനോരമ പാത്രത്തിൽ ‘ഇരുട്ടില്‍ തപ്പുന്ന നിപ പ്രതിരോധം-വ്യക്തമാകാത്ത ഉറവിടവും വ്യാപന രീതിയും വെല്ലുവിളി’ എന്ന തലക്കെട്ടില്‍ വസ്തുതാപരമല്ലാത്ത എഡിറ്റോറിയൽ പ്രസിദ്ധികരിക്കുകയുണ്ടായി. അതിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ എഡിറ്റോറിയൽ തികച്ചും വസ്തുത പരമല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്ന് ചൂണ്ടികാണിച്ചിരിക്കുകയാണ് മന്ത്രി വീണാ ജോർജ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ഫേസ്ബുക്ക് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

സംസ്ഥാന ആരോഗ്യ വകുപ്പിനും സർക്കാർ ആശുപത്രികൾക്കുമെതിരെ നിരന്തരമായി തെറ്റായ വാർത്തകൾ നൽകുന്ന സ്ഥാപനമാണ് മലയാള മനോരമ. അതിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനിക്കുകയും ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ കുറിപ്പിന് കാരണം ഇന്നത്തെ ഒരു എഡിറ്റോറിയലാണ്. ആഗോളതലത്തില്‍ 70 ശതമാനത്തിന് മുകളില്‍ മരണനിരക്കുള്ള ഒരു പകര്‍ച്ചവ്യാധിയെ ശാസ്ത്രീയമായി പ്രതിരോധിക്കാനും വ്യാപനം ഒഴിവാക്കാനും സംസ്ഥാനത്തെ നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ പരിശ്രമിക്കുമ്പോള്‍ ‘ഇരുട്ടില്‍ തപ്പുന്ന നിപ പ്രതിരോധം-വ്യക്തമാകാത്ത ഉറവിടവും വ്യാപന രീതിയും വെല്ലുവിളി’ എന്ന തലക്കെട്ടില്‍ വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞിരിക്കുകയാണ് മനോരമ.

ആളുകളില്‍ ആശങ്കയും ഭീതിയും പടര്‍ത്തുന്നതിനും തെറ്റിദ്ധാരണ പരത്തുന്നതിനും ഇടയാകും എന്നതിനാലും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളെ ഇത് ദോഷകരമായി ബാധിക്കും എന്നതിലുമാണ് ഇതിവിടെ എഴുതുന്നത്.

മനോരമ പറയുന്ന കാര്യങ്ങളും അവയുടെ സത്യാവസ്ഥയും നമുക്ക് പരിശോധിക്കാം.
1) ‘നിപ വൈറസുകള്‍ വവ്വാലുകളില്‍ നിന്ന് ഏത് രീതിയിലാണ് അത് മനുഷ്യനിലേക്ക് എത്തുന്നത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഇപ്പോഴുമില്ല. വവ്വാലുകളെ നിരീക്ഷിക്കുന്നതും പഠിക്കുന്നതും 2018 മുതല്‍ തുടര്‍പ്രക്രിയ ആക്കേണ്ടതായിരുന്നു. സംസ്ഥാനത്ത് തുടര്‍ച്ചയായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഹോട്ട്‌സ്‌പോട്ടുകളില്‍ പോലും സമഗ്രമായ തുടര്‍പഠനങ്ങള്‍ നടത്താറില്ല.’
വസ്തുത: മറ്റ് മൃഗങ്ങള്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കാത്ത, നിപ വൈറസിന്റെ ബംഗ്ലാദേശ്/ഇന്ത്യന്‍ വകഭേദം മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയുള്ള ധാരണ (ഉദാഹരണത്തിന് വവ്വാല്‍ കടിച്ച പഴങ്ങള്‍, വവ്വാലിന്റെ വിസര്‍ജ്ജ്യം തുടങ്ങിയവ) നമുക്കുണ്ട്. വവ്വാലില്‍ വ്യാപകമായി വൈറസിന്റെ സാന്നിധ്യം നാം കണ്ടെത്തിയിട്ടുമുണ്ട്. പ്രകൃത്യാ കാണപ്പെടുന്ന ഒരു വസ്തുവില്‍ (Environmental Sample) ലോകത്ത് ഒരിടത്തും വൈറസിനെ കണ്ടെത്തിയിട്ടില്ല. അത്തരം വസ്തുക്കളില്‍ ചെറിയ ഒരുസമയത്ത് മാത്രമേ വൈറസ് ഉണ്ടാവുകയുള്ളു. എങ്കിലും അതിനായി നാം ഇപ്പോഴും ശ്രമം തുടരുന്നു. ബംഗ്ലാദേശില്‍ ഡേറ്റ് പാം സാപ് എന്ന പാനീയം കുടിക്കുന്നത് നിപ ബാധക്ക് കാരണമാകുന്നതായി കണക്കാക്കപ്പെടുന്നെങ്കിലും അതിലും ഒരിക്കല്‍പ്പോലും വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അവിടെ അമ്പതില്‍ അധികം നിപ ബാധയുണ്ടായിക്കഴിഞ്ഞപ്പോഴാണ് അമേരിക്കന്‍ സിഡിസിക്ക് ഈ ഒരു സാധ്യത പോലും കണ്ടെത്താന്‍ കഴിഞ്ഞത്. 2018 മുതല്‍ ഇങ്ങോട്ട് കേരളത്തിലെ വവ്വാലുകളില്‍ നിപ ബാധയുടെ സാധ്യതയെ പറ്റിയിട്ടുള്ള പഠനങ്ങള്‍ കേരളത്തില്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു. അത് ഇപ്പോഴും തുടരുന്നു. നിപ അതീവ പ്രഹര ശേഷിയുള്ള ബിഎസ്എല്‍ 4 വൈറസാണ് എന്നതിനാല്‍ വവ്വാലുകളില്‍ വൈറസിനെ നേരിട്ട് അത് പഠിക്കുന്നതിനുള്ള അനുമതി പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് മാത്രമാണുള്ളത്. അവര്‍ നടത്തിയിട്ടുള്ള പഠന വിവരങ്ങള്‍ എല്ലാം തന്നെ പൊതുയിടത്ത് ലഭ്യമാണ്. കേരളത്തിലെ പോലെ വവ്വാലുകളില്‍ നിപാബാധ സാധ്യത പഠിക്കപ്പെട്ടിട്ടുള്ള മറ്റു ഭൂപ്രദേശങ്ങള്‍ കുറവാണ്. വവ്വാലുകളെ നേരിട്ട് പഠിക്കാതെയുള്ള ബാറ്റ് റൂസ്റ്റ് പഠനങ്ങള്‍ ആരോഗ്യവകുപ്പും, വനം വകുപ്പും വെറ്റിനറി യൂണിവേഴ്‌സിറ്റിയുടെ വൈല്‍ഡ് ലൈഫ് വിഭാഗവും നടത്തിക്കൊണ്ടിരിക്കുന്നു. നിപ ബാധ ഉണ്ടായ ഇടങ്ങളിലുള്ള വവ്വാല്‍ റൂസ്റ്റുകളുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ആരോഗ്യവകുപ്പിന്റെ പക്കല്‍ ഉണ്ട്. എല്ലാ വവ്വാല്‍ റൂസ്റ്റുകളുടേയും മാപ്പിംഗ് നടപടികള്‍ വയനാട്, കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നടക്കുന്നുണ്ട്. വവ്വാലുകളില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ ഉള്‍പ്പെടെ, കേരളം നിപ പ്രതിരോധത്തില്‍ നേടിയ നേട്ടങ്ങളും പഠിച്ച പാഠങ്ങളും കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച് ആന്‍ഡ് റെസിലിയന്‍സ് പ്രസിദ്ധീകരിച്ച പഠനത്തിന്റെ ലിങ്ക് (https://journals.plos.org/globalpublichealth/article?id=10.1371/journal.pgph.0003926).
2024ല്‍ കോഴിക്കോട് നിപ പ്രതിരോധ പ്രവര്‍ത്തനത്തിനും കമ്മ്യൂണിറ്റി റിസര്‍ച്ചിനുമായി നാം സ്ഥാപിച്ചതാണ് കേരള വണ്‍ ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ റിസര്‍ച്ച്. നിപ പടരുന്ന മാര്‍ഗ്ഗങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടേയിരിക്കുന്നു. ആ ശ്രേണിയില്‍ അവസാനത്തേതാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ സഹായത്തോടെ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സ്യൂഡോ വൈറസ് പഠനങ്ങള്‍. നിപ ബാധയുണ്ടായ ഇടങ്ങളിലുള്ള മൃഗങ്ങളുടെ രക്തം നിപ വൈറസിനോട് എങ്ങനെ പ്രതിപ്രവര്‍ത്തിക്കുന്നു എന്നതിനെ മനസിലാക്കി ഏതെങ്കിലും മൃഗങ്ങള്‍ രോഗവ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനാണ് ശ്രമിക്കുന്നത്. നിപ വൈറസിന്റെ കാര്യത്തില്‍ ലോകത്തില്‍ തന്നെ ഇത്തരം ഒരു പഠനം ആദ്യമാണ്.

2) ‘നിപ രോഗനിര്‍ണയത്തിനും പരിശോധനയ്ക്കുമായി സംസ്ഥാനത്ത് സൗകര്യം ഒരുങ്ങുന്നു.’
വസ്തുത: ഈ പ്രസ്താവന തികച്ചും അബദ്ധമാണ്. നിപയുടെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് പരിശോധനയായ ആര്‍ ടി പി സി ആര്‍ പൂര്‍ണ്ണമായ സുരക്ഷിതത്തോടെ ബിഎസ്എല്‍ 3 സൗകര്യമുള്ള ഇടങ്ങളിലും, വൈറസിനെ നശിപ്പിച്ചതിനുശേഷം ടെസ്റ്റ് ചെയ്യുന്ന ട്രൂ നാറ്റ് ഉപയോഗിച്ച് മറ്റു ലാബുകളിലും നടത്താന്‍ കഴിയും. നമ്മുടെ മെഡിക്കല്‍ കോളേജ് ലാബുകളിലും (കോഴിക്കോട്, മഞ്ചേരി) ഐഎവിയിലും പിസിആര്‍ പരിശോധന നടത്താന്‍ നമുക്ക് കഴിയും.
തിരുവനന്തപുരം തോന്നയ്ക്കല്‍ ഉള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ഒരു ബി എസ് എല്‍ 3 ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. 2021 സെപ്റ്റംബര്‍ മാസത്തിലെ രോഗബാധയെത്തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനാ സംവിധാനം ഒരുക്കിയത്. പിന്നീട് മഞ്ചേരിയിലും ലാബ് സജ്ജമാക്കി. മറ്റ് അനവധി ലാബുകളില്‍ ‍ ട്രൂ നാറ്റ് ടെസ്റ്റുകളും ചെയ്യാന്‍ കഴിയും. കോഴിക്കോട് മെഡിക്കല്‍ കോളേജിലും എന്‍ഐവിയുടെ ആലപ്പുഴ ഫീല്‍ഡ് സ്റ്റേഷന്‍ പോലെ തന്നെ ഒരു പൂര്‍ണ അര്‍ത്ഥത്തിലുള്ള ബിഎസ്എന്‍എല്‍ 3 സൗകര്യം കൂടി ഉടന്‍തന്നെ പ്രവര്‍ത്തനം ആരംഭിക്കും. നിപ പരിശോധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഒരുക്കാന്‍ കഴിയുന്ന പരമാവധി സൗകര്യം നാം ഒരിടത്തല്ല, നാലിടത്ത് ഒരിക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിലെ ലാബുകളില്‍ തന്നെയാണ് നിപ പരിശോധിച്ച് പോസിറ്റീവാണോ അല്ലയോ എന്ന് അറിയുന്നത്.

Also read: ഷാമ്പൂ ചൂടുവെള്ളത്തിൽ കഴുകി കളയണോ? കൂടുതൽ അറിയാം

3) നിപ വ്യാപന സമയത്ത് മാത്രമാണ് നിപ പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പ് സജീവമാകുന്നത്.
വസ്തുത: നിപ വൈറസ് പ്രതിരോധം സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഒരു മുന്‍ഗണനയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പൊതുവിലും, നിപ ബാധ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മലബാര്‍ ജില്ലകളില്‍ പ്രത്യേകിച്ചും ഒരു പ്രവര്‍ത്തന കലണ്ടര്‍ (നിപ കലണ്ടര്‍) മുന്‍നിര്‍ത്തി വര്‍ഷം മുഴുവന്‍ പ്രതിരോധത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രവര്‍ത്തന കലണ്ടര്‍ ഒരു സര്‍ക്കാര്‍ ഉത്തരവായി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മസ്തിഷ്‌കജ്വര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. 4 വര്‍ഷങ്ങളിലായി 5525 പേരുടെ സാമ്പിളുകളാണ് നിപ പരിശോധനയ്ക്ക് വിധേയമാക്കിയത്. അതും വര്‍ഷം മുഴുവന്‍ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ആദ്യ രോഗിയില്‍ തന്നെ രോഗം കണ്ടെത്താനും മറ്റുള്ളവരിലേക്ക് രോഗം എത്തുന്നത് തടയാനും നമുക്ക് കഴിയുന്നത്. 2023 ല്‍ ഉണ്ടായ നിപ ഔട്ട് ബ്രേക്ക് ബംഗ്ലാദേശ്/ ഇന്ത്യന്‍ വകഭേദങ്ങള്‍ ഉണ്ടാക്കിയ ഔട്ട്‌ബ്രേക്കുകളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് രേഖപ്പെടുത്തിയത്. വ്യാപകമായി ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ചും തീവ്രതയിലേക്ക് പോയ രോഗികളെ സപ്പോര്‍ട്ട് കെയര്‍ നല്‍കി സംരക്ഷിച്ചു ആണ് നമുക്ക് അന്ന് അത് സാധ്യമായത്. ആരംഭഘട്ടത്തില്‍ രോഗം കണ്ടെത്തുന്നവരെയും രോഗമുണ്ടാകാന്‍ വലിയ സാധ്യതയുള്ളവരെയും ആന്റിവൈറല്‍ മരുന്നുകള്‍ ഉപയോഗിച്ച് സംരക്ഷിക്കാന്‍ കഴിയും എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ അന്നുമുതല്‍ നാം അപകടസാധ്യതയുള്ള ആളുകള്‍ക്കെല്ലാം സംരക്ഷണം ഒരുക്കുന്നുണ്ട്.
നിപ രോഗബാധയില്‍ മരണനിരക്ക് 70 ശതമാനത്തിന് താഴെ കുറച്ച ഒരു പ്രദേശമേ ലോകത്തുള്ളൂ. അത് കേരളമാണ്. 2023ലെ ഔട്ട്‌ബ്രേക്കില്‍ 33 ശതമാനം ആയി മരണം നിരക്ക് കുറയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞു.
പുതുതായി നാം നേടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സാ ഗൈഡ്‌ലൈന്‍ ഉള്‍പ്പെടെ നമ്മുടെ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിക്കടി നവീകരിച്ചുകൊണ്ടിരിക്കുന്നു.
നിപ രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ കൃത്യമായി വിലയിരുത്തിയും വസ്തുനിഷ്ഠമായും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News