
ഹൈദരാബാദ്: കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികൾ രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മൻസുക് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദിൽ സംഘടിപ്പിച്ച ചിന്തൻ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ പ്രകീർത്തിച്ചത്. ഒരു പഞ്ചായത്ത് ഒരു കളിക്കളം, പഞ്ചായത്ത് സ്പോട്സ് കൗൺസിൽ, ഇ സർട്ടിഫിക്കറ്റ്, പാഠ്യപദ്ധതിയിൽ കായികം എന്നീ പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി രാജ്യത്താകെ നടപ്പാക്കണമെന്നും ആവശ്യമായ നിർദ്ദേശം കേന്ദ്ര കായിക മന്ത്രാലയം നൽകുമെന്നും മന്ത്രി സൂചിപ്പിച്ചു. കേരളത്തിന്‍റെ പുതിയ കായിക നയം അനുസരിച്ചുള്ള സ്പോർട്ടാസ് ഇക്കോണമി മിഷൻ പ്രവർത്തനങ്ങളെ ചിന്തൻ ശിവിറിൽ പങ്കെടുത്ത മുഴുവൻ പേരും അഭിനന്ദിച്ചു.
കായിക മന്ത്രി വി. അബ്ദുറഹിമാനെ ഓരോരുത്തരും നേരിട്ട് അഭിനന്ദനം അറിയിച്ചു. ഇന്ത്യയുടെ കായികമേഖലയുടെ വികസന സാധ്യതകൾ ചർച്ച ചെയ്യാൻ രണ്ട് ദിവസമായി നടന്ന ചിന്തൻ ശിവിറിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കായിക മന്ത്രിമാർ, കേന്ദ്ര കായിക സെക്രട്ടറി സുജാത ചതുർവേദി, സംസ്ഥാന കായിക സെക്രട്ടറിമാർ, കായിക ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here