
ഫാന്‍റസി കോമഡികൾ മോളിവുഡില്‍ അപൂർവമാണ്. പക്ഷെ, തിയറ്ററുകളിൽ എത്തിയ സിനിമകളെ പ്രേക്ഷകർ നിറഞ്ഞ മനസോടെ സ്വീകരിച്ചിട്ടുമുണ്ട്. അത്തരത്തിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി സര്‍പ്രൈസ് ഹിറ്റായി മാറിയ സിനിമയാണ് പുതുമുഖ സംവിധായകനായ മനു സ്വരാജ് സംവിധാനം ചെയ്ത പടക്കളം. സന്ദീപ് പ്രദീപ്, ഷറഫുദ്ദീന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവർ ഒന്നിച്ച ചിത്രം തിയറ്ററുകളിൽ ചിരിയുടെ പൂരം സൃഷ്ടിച്ച ശേഷം ഇപ്പോൾ ഒടിടിയിലും തരംഗമായിക്കൊണ്ടിരിക്കുകയാണ്.
ചിത്രത്തിലെ ഫാന്‍റസി കോമഡി സീനുകൾ ഏറെയുണ്ടെങ്കിലും, ചിത്രത്തില്‍ എല്ലാവരെയും ഒരുപോലെ ചിരിപ്പിച്ച സീനുകളിലൊന്നായിരുന്നു ഷറഫുദ്ദീനും പൂജ മോഹന്‍രാജും ഒന്നിച്ചുള്ള രംഗം. തന്‍റെ മാറിപ്പോയ ശരീരവുമായി ഭാര്യയെ കാണാൻ എത്തുന്ന സീനിലെ ഷറഫുദ്ദീന്‍റെ പ്രകടനം തിയറ്ററിൽ മാത്രമല്ല, ഇപ്പോൾ ഇൻസ്റ്റഗ്രാം റീലുകളിൽ അടക്കം ആളുകളെ ചിരിപ്പിക്കുന്നുണ്ട്.
ALSO READ; പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരം; 2023ലെ ടെലിവിഷന്‍ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് കെ കുഞ്ഞികൃഷ്ണന്
ഇപ്പോൾ ഈ രംഗം ചിത്രീകരിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവക്കുകയാണ് സംവിധായകൻ മനു സ്വരാജ്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ തന്നെ ഒരു ഡബിള്‍ മീനിങ് ഡയലോഗുകള്‍ പോലും വേണ്ടെന്ന് തീരുമാനിച്ചിരുന്നെന്ന് മനു സ്വരാജ് പറഞ്ഞു. സന്ദീപും ഗ്യാങ്ങും തമ്മിലുള്ള രംഗങ്ങളില്‍ തമാശക്ക് പോലും തെറിവിളി പാടില്ലെന്ന് തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷറഫുദ്ദീന്‍റെ രംഗം ഷൂട്ട് ചെയ്യുന്ന സമയത്ത്, സ്ക്രിപ്റ്റിൽ ഇല്ലാതിരുന്ന ആ ഡയലോഗ് അദ്ദേഹം പെട്ടെന്ന് കൈയില്‍ നിന്ന് ഇട്ടെന്നും അത് കേട്ട് സെറ്റ് മുഴുവന്‍ ചിരിച്ചെന്നും മനു പറഞ്ഞു. ഒരു ഓൺലൈൻ മീഡിയയുമായി സംസാരിക്കവേയാണ് അദ്ദേഹം ഇതിനെ പറ്റി മനസുതുറന്നത്.
പിന്നീടാണ്, കഥയുമായി ബന്ധമുള്ളതാണെങ്കിൽ പോലും അദ്ദേഹം പറഞ്ഞ ഡയലോഗ് ഡബിൾ മീനിങാണെന്ന് മനസിലായത്. അദ്ദേഹത്തോട് ഇതുപറഞ്ഞപ്പോൾ ഇനി ഈ സീൻ റീടേക്ക് എടുക്കാനില്ല എന്നായിരുന്നു പ്രതികരണം. തുടർന്ന് അത് അങ്ങനെ തന്നെ സിനിമയിൽ വന്നു. പക്ഷേ, പ്രേക്ഷകർക്കിടയിൽ അത് നന്നായി വർക്കാവുകയായിരുന്നു. അടുത്ത സിനിമയിൽ ചിലപ്പോൾ ഇത്തരം ഡയലോഗുകൾ ഉൾപ്പെടുത്തിയെന്നും വരാം എന്നും മനു സ്വരാജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here