
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ റാമിനെതിരെ വിദ്യാർത്ഥികൾ നൽകിയത് നിരവധി പരാതികൾ. പരാതികൾ പൂഴ്ത്തി വച്ച മാനേജ്മെൻ്റ് അധ്യാപകനെ സംരക്ഷിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അതേ സമയം ഡോ റാമിനെ പുറത്താക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി
ബോഡി ഷെയിമിങ്ങ് നടത്തിയതിനും മാനസികമായി പീഡിപ്പിച്ചതിനും ഡോ റാമിനെതിരെ നിരവധി പരാതികൾ വിദ്യാർത്ഥികൾ നൽകിയിരുന്നു. ഒരു ബാച്ചിലെ വിദ്യാർത്ഥികൾ എല്ലാവരും ഒപ്പിട്ട ഒരു പരാതിയും മാനേജ്മെൻ്റിന് നൽകി. എന്നാൽ എല്ലാ പരാതികളും മാനേജ്മെൻ്റ് പൂഴ്ത്തി. ഡോ റാമിനെ സംരക്ഷിച്ചു. ചില പരാതികൾ മാനേജ്മെൻ്റ് തന്നെ ഒത്തുതീർപ്പാക്കി. മുൻപ് നൽകിയ പരാതികൾ പരിഗണിച്ച് ഡോ റാമിനെതിരെ ശക്തമായ നടപടിയെടുത്തിരുന്നെങ്കിൽ നിതിൻ രാജിൻ്റെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
ഡോ റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ക്ലാസുകൾ ബഹിഷ്കരിച്ചുള്ള സമരത്തിലാണ് അവസാനവർഷ വിദ്യാർത്ഥികൾ. നേരത്തെ നൽകിയ പരാതികളിൽ നടപടി വേണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ പ്രതികരണങൾ പുറത്ത് വന്നതിന് പിന്നാലെ അധ്യാപകരെ കൂടാതെ മാനേജ്മെൻ്റും പ്രതിക്കൂട്ടിലാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

