
ഇന്ത്യ മൊത്തം ട്രെൻഡിങ് ആയി മാറി, അങ്ങ് നോർത്തിന്ത്യയിൽ ഹിന്ദി ചിത്രങ്ങളെവരെ തിയറ്ററിൽ ഓടി തോൽപ്പിച്ച ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ ഒടിടി റിലീസിന്. പ്രണയ ദിനമായ ഫെബ്രുവരി 14 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. മലയാളത്തിൽ ഇറങ്ങിയതിൽ മോസ്റ്റ് വയലന്റ് ചിത്രം എന്ന ടാഗ് ലൈനോട് കൂടിയാണ് മാർകോ തിയറ്ററുകളിൽ എത്തിയത്. എ സർട്ടിഫിക്കറ്റ് ചിത്രം ആയിട്ട് കൂടി തിയറ്ററുകൾ നിറഞ്ഞോടിയ ചിത്രമായിരുന്നു മാർക്കോ. മലയാളം മാത്രമല്ല, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസിൽ മാർക്കോ പ്രദർശിപ്പിച്ചിരുന്നു.
ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമായാണ് മാർക്കോ പ്രേക്ഷകരിലേക്കെത്തിയത്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിച്ചത്. ഡിസംബർ 20നാണ് ചിത്രം റിലീസിനെത്തിയത്. റിലീസ് ആയപ്പോൾ തന്നെ ചോരക്കളി കൊണ്ട് ചിത്രം പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉണ്ണി മുകുന്ദനെ കൂടാതെ ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. നൂറ് കോടി ക്ലബിലെത്തുന്ന ഉണ്ണി മുകുന്ദന്റെ രണ്ടാം ചിത്രമാണ് ‘മാർക്കോ’. 2022ൽ പുറത്തിറങ്ങിയ ‘മാളികപ്പുറം’ ആയിരുന്നു ആദ്യത്തേത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here