ജി20 മീറ്റിങ്: ഭീകരാക്രമണ സാധ്യത, ശ്രീനഗര്‍ വളഞ്ഞ് മാര്‍ക്കോസും എന്‍എസ്ജിയും

തിങ്കളാഴ്ച ജി20 വര്‍ക്കിങ് ഗ്രൂപ്പിന്റെ മീറ്റിങ് നടക്കാനിരിക്കെ ശ്രീനഗര്‍ വന്‍സുരക്ഷ വലയത്തില്‍. മാര്‍ക്കോസ് കമാന്‍ഡോസിനെയും എന്‍എസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്) കമാന്‍ഡോസിനെയും മേഖലയില്‍ വിന്യസിച്ചു.

ജി20 മീറ്റിംഗ് നടക്കുന്ന ഷേര്‍-ഇ-കശ്മീര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് ചുറ്റുമുള്ള ദാല്‍ തടാകം മാര്‍ക്കോസിന്റെ നിരീക്ഷണത്തിലാണ്.

പാരാമിലിറ്ററിയെയും പൊലീസിനെയും ഉള്‍പ്പെടുത്തിയാണ് എന്‍എസ്ജി മേഖല നിരീക്ഷിക്കുന്നത്. വ്യാഴാഴ്ച ലാല്‍ചൗക്കില്‍ എന്‍എസ്ജിയുടെ പരിശോധനകള്‍ ഉണ്ടായിരുന്നു.

ബിഎസ്എഫ്, സിആര്‍പിഎഫ്, സശാസ്ത്ര സീമ ബല്‍ (എസ്എസ്ബി), ജമ്മുകശ്മീര്‍ പൊലീസ് എന്നിവര്‍ക്കും സുരക്ഷ ചുമതലയുണ്ട്.

മെയ് 22 മുതല്‍ 24 വരെ നടക്കുന്ന മൂന്നാമത് ജി20 വര്‍ക്കിങ് ഗ്രൂപ്പ് മീറ്റിങില്‍ നൂറോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ചൈനയും ടര്‍ക്കിയും മീറ്റിങില്‍ പങ്കെടുക്കില്ലെന്നും സൂചനയുണ്ട്.

മെയ് 24ന് കശ്മീരിലെ ഗുല്‍മാര്‍ഗില്‍ മീറ്റിംഗ് നടത്താനിരുന്നെങ്കിലും പിന്നീട് മാറ്റി. മെയ് 25 വരെ ശ്രീനഗറിലെ സ്‌കൂളുകള്‍ക്ക് അവധിയാണ് കശ്മീരി പണ്ഡിറ്റ് അടക്കമുള്ളവര്‍ ഈ ദിവസങ്ങളില്‍ ജോലിയില്‍ പ്രവേശിക്കരുതെന്നും അറിയിച്ചിട്ടുണ്ട്.

ജി20 മീറ്റിംഗ് അലങ്കോലപ്പെടുത്താന്‍ ഭീകരവാദികള്‍ ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നാണ് വിവരം.

ഈ അടുത്ത് പൂഞ്ചിലും രജൗരിയിലുമടക്കം നടന്ന ഭീകരാക്രമണങ്ങള്‍ കണക്കിലെടുത്ത് സംശയമുള്ളവരെയും വിഘടനവാദികളെയും ഇതിനോടകം കരുതല്‍ തടങ്കലിലാക്കി.

ചില വിദേശ ഫോണ്‍ നമ്പറുകളില്‍ നിന്ന് ജി20 മീറ്റിംഗിനെതിരെ വ്യാജ സന്ദേശങ്ങള്‍ പരക്കുന്നുണ്ടെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. ബ്രീട്ടീഷ് നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നതായും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here