പുരുഷന്മാരെ പരിചയപ്പെട്ട് വിവാഹം ക‍ഴിക്കും, ആഭരണവും പണവും മോഷ്ടിച്ച് മുങ്ങും; യുവതി പിടിയില്‍

ചെന്നൈ: സമൂഹമാധ്യമങ്ങളിലൂടെ പുരുഷന്മാരെ പരിചയപ്പെട്ട് വിവാഹം ക‍ഴിച്ച ശേഷം വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിച്ച് മുങ്ങുന്ന യുവതി പിടിയിലായി. മേട്ടുപ്പാളയം സ്വദേശി മഹാലക്ഷ്മി(32)യാണ് സേലത്ത് പിടിയിലായത്. ആറാമത് വിവാഹം ക‍ഴിച്ചയാളിന്‍റെ വീട്ടില്‍ നിന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

മഹാലക്ഷമി ഇതുവരെ അഞ്ച് പേരെ വിവാഹം ക‍ഴിച്ച ശേഷം പണവും ആഭരണവും കവര്‍ന്ന് കബിളിപ്പിച്ചു കടന്നുകളഞ്ഞു. ആറാമത്തെ ശ്രമം വിജയിക്കും മുമ്പ് പിടിയാലായി.

അഞ്ചാം വിവാഹത്തട്ടിപ്പിനിരയായ വിഴുപുരം മേല്‍മലയന്നൂരിലെ മണികണ്ഠന്‍റെ പരാതിയിലാണ് പൊലീസ് ഇവരെ പിടികൂടിയത്.

മണികണ്ഠനെ ഫേസ്ബുക്കിലൂടെയാണ് മഹാലക്ഷ്മി പരിചയപ്പെടുന്നത്. കഴിഞ്ഞവര്‍ഷം നവംബര്‍ 18-ന് ഇവരുടെ വിവാഹം നടന്നു. ചടങ്ങില്‍ മഹാലക്ഷ്മിയുടെ വീട്ടുകാര്‍ ഉണ്ടായിരുന്നില്ല.

മൂന്നാഴ്ചയ്ക്കുശേഷം തന്റെ വീട്ടിലേക്കെന്നുപറഞ്ഞ് പോയ മഹാലക്ഷ്മി രണ്ടു ദിവസമായും തിരിച്ചുവന്നില്ല. മണികണ്ഠന്‍ ഫോണ്‍ വിളിച്ചെങ്കിലും അവര്‍ എടുത്തില്ല. ഇതിനിടയിലാണ് വിവാഹസമയത്ത് തങ്ങള്‍ മഹാലക്ഷ്മിക്കു നല്‍കിയ എട്ടുപവന്‍ ആഭരണവും ഒരു ലക്ഷം രൂപയും കാണാതായതായി വീട്ടുകാരറിയുന്നത്.

സംശയംതോന്നി മണികണ്ഠന്‍ വിളിച്ചപ്പോള്‍ മഹാലക്ഷ്മി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിനല്‍കി. അന്വേഷണത്തില്‍ മഹാലക്ഷ്മി സേലത്തുണ്ടെന്ന് മനസ്സിലാക്കി അറസ്റ്റുചെയ്യുകയായിരുന്നു. മണികണ്ഠന്റെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയ മഹാലക്ഷ്മി പിന്നീട് സിങ്കരാജ് എന്നയാളെ പരിചയപ്പെട്ട് വിവാഹം കഴിച്ചു ജിവിക്കുകയായിരുന്നു.

പുരുഷന്മാരുമായി പരിചയപ്പെട്ട് വിവാഹം കഴിച്ച് ആഭരണവും പണവുമായി മുങ്ങുകയായിരുന്നു ഇവരുടെ രീതിയെന്നും ആഡംബരമായി ജീവിതംനയിച്ച് പണം തീരുമ്പോള്‍ വീണ്ടും പുതിയ പുരുഷന്മാരെ വലയില്‍വീഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുള്ള  മഹാലക്ഷ്മിക്ക് 17-ഉം 15-ഉം വയസ്സുള്ള രണ്ട് ആണ്‍മക്കളും 14-കാരിയായ മകളുമുണ്ടെന്നും പൊലിസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here