
സംസ്ഥാനത്ത് ഭരണമാറ്റത്തിന് പിന്നാലെ അനധികൃത സ്ഥലംമാറ്റങ്ങൾ തുടരുന്നു. സഹകരണ, കൃഷി വകുപ്പുകളിലും ഇടത് നേതാക്കൾക്ക് എതിരെ പ്രതികാര നടപടി. 15 സഹകരണ സംഘം ഇൻസ്‌പെക്ടർമാരെയും ഓഡിറ്റർമാരെയും ഒറ്റയടിക്ക് സ്ഥലംമാറ്റി. മന്ത്രിസഭ പോലും രൂപീകരിക്കുന്നതിന് മുൻപാണ് യുഡിഎഫ് അനുകൂല സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയുള്ള സ്ഥലം മാറ്റങ്ങൾ. ഉത്തരവുകളുടെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.
സംസ്ഥാനത്ത് മന്ത്രിസഭ പോലും രൂപീകരിക്കുന്നതിന് മുൻപാണ് യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായ അനധികൃത സ്ഥലം മാറ്റങ്ങൾ. ഇടത് അനുകൂല സർവീസ് സംഘടന നേതാക്കളെ ഉൾപ്പെടെ കൂട്ടമായി സ്ഥലംമാറ്റി കൊണ്ടാണ് എൻജിഒ അസോസിയേഷൻ അടക്കമുള്ള യുഡിഎഫ് അനുകൂല സംഘടനകൾ രാഷ്ട്രീയമായി പകപോക്കുന്നത്.
പൊതുവിദ്യാഭ്യാസ- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾക്ക് പിന്നാലെ സഹകരണ, കൃഷി വകുപ്പുകളിലും ഇടത് നേതാക്കൾക്ക് എതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണ് യുഡിഎഫ്. സഹകരണ മേഖലയിലെ 7 പേർക്ക് സ്ഥലംമാറ്റം മിൽമ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക്. യുഡിഎഫ് അനുകൂല സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ചട്ടവിരുദ്ധമായ സ്ഥലം മാറ്റങ്ങൾ.
എൻജിഒ യൂണിയൻ, കെജിഒഎ, ജോയിന്റ് കൗൺസിൽ തുടങ്ങിയ ഇടത് അനുകൂല സർവീസ് സംഘടനയുടെ നേതാക്കൾക്കെതിരെയാണ് വ്യാപകമായി രാഷ്ട്രീയ പകപോക്കൽ നടക്കുന്നത്. പ്രധാനപ്പെട്ട പോസ്റ്റുകളിൽ പകരം വന്നത് യൂ ഡി എഫ് അനുകൂല സംഘടനാ നേതാക്കൾ. കാർഷിക വികസന- കർഷക ക്ഷേമ ഡയറക്ടറേറ്റിലും സമാനമായ നിലയിലാണ് സ്ഥലം മാറ്റങ്ങൾ നടക്കുന്നു.
പൊതു സ്ഥലംമാറ്റങ്ങൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കെ മറ്റു സ്ഥലംമാറ്റങ്ങൾ പാടില്ലെന്നതാണ് സർക്കാർ മാനദണ്ഡം. ഇത് വകവെക്കാതെയാണ് സർവീസ് ചട്ടങ്ങളും സീനിയോറിറ്റിയും അട്ടിമറിച്ചുകൊണ്ടുള്ള സ്ഥലം മാറ്റങ്ങൾ. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് എൻജിഒ യൂണിയൻ അടക്കമുള്ള ഇടത് സർവീസ് സംഘടനകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

