
2018-ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നതിൽ വീഴ്ച വരുത്തിയെന്നും മണിയാർ ഡാം വൈകി തുറന്നതാണ് പ്രളയത്തിന് കാരണമായതെന്നുമുള്ള കുഴൽനാടന്റെ വാദങ്ങളെ വസ്തുതകൾ നിരത്തി ഫേസ്ബുക്ക് പോസ്റ്റ് പ്രതിരോധിക്കുന്നു.
ഏതോ കരാർ കമ്പനിക്ക് നേട്ടമുണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറന്നില്ലെന്നും അതുവഴിയാണ് കുട്ടനാട് വെള്ളത്തിൽ മുങ്ങിയതെന്നുമായിരുന്നു കുഴൽനാടന്റെ ഒരു ആരോപണം. എന്നാൽ, 2018 ജൂലൈ 16 മുതൽ തന്നെ സ്പിൽവേയിലെ ഷട്ടറുകൾ തുറന്നു വെച്ചിരുന്നുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്. സാങ്കേതിക തകരാർ നേരിട്ട ഒരു ഷട്ടർ ഓഗസ്റ്റ് 15-ന് തന്നെ യന്ത്രസഹായത്താൽ ഉയർത്തിയിരുന്നു. കൂടാതെ, പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ പിഴവല്ല, മറിച്ച് ആ കാലയളവിൽ പെയ്ത അതിതീവ്രമഴയാണെന്ന് കേന്ദ്ര ജലകമ്മീഷനും ചെന്നൈ ഐഐടിയും നടത്തിയ ശാസ്ത്രീയ പഠനങ്ങളിൽ തെളിയിക്കപ്പെട്ടതാണ്.
പത്തനംതിട്ടയിലെ മണിയാർ ഡാം നേരത്തെ തുറക്കാത്തതാണ് ചെങ്ങന്നൂർ മുങ്ങാൻ കാരണമെന്ന ആരോപണവും തെറ്റാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. 2018 ഓഗസ്റ്റ് 1-ന് തന്നെ മണിയാർ ഡാം തുറന്നതായി അക്കാലത്തെ മാധ്യമവാർത്തകൾ വ്യക്തമാക്കുന്നുണ്ട്. ഓഗസ്റ്റ് ഒന്നിന് തന്നെ തുറന്ന് ജലനിരപ്പ് ക്രമീകരിച്ച ഡാമിനെക്കുറിച്ച് കുഴൽനാടൻ തെറ്റായ വിവരങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റിന്റെ പൂർണരൂപം
മാത്യു കുഴൽനാടൻ വക്കീലിൻ്റെ ഇന്നത്തെ വളരെ ഫ്രെഷ് ആയ ബോംബിൽ പറഞ്ഞ രണ്ട് കാര്യങ്ങൾ.
ഒന്ന്, ഏതോ കരാർ കമ്പനിക്ക് നേട്ടമുണ്ടാക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറന്നില്ല, അങ്ങനെയാണ് 2018ലെ പ്രളയത്തിൽ കുട്ടനാട് വെള്ളത്തിൽ മുങ്ങിയത്.
രണ്ട്, പത്തനംതിട്ടയിലെ മണിയാർ ഡാം നേരത്തെ തുറന്നില്ല. അവസാനം മഴ ശക്തമായപ്പോൾ സ്ലൂയിസ് വാൽവ് തുറന്ന് വെള്ളമൊഴുക്കി. ചെങ്ങന്നൂരൊക്കെ മുങ്ങിയത് അത് കാരണമാണ്.
വസ്തുത നോക്കാം.
2018ലെ മഹാപ്രളയം സംഭവിക്കുന്നത് ഓഗസ്റ്റ് 15ന് ശേഷമാണ്. ഡാം മാനേജ്മെന്റിലെ പിഴവല്ല, ആ കാലയളവിൽ പെയ്ത അതിതീവ്രമഴയാണ് പ്രളയത്തിന് കാരണമെന്ന് കേന്ദ്രജലകമ്മീഷനും ചെന്നൈ ഐഐടിയും നടത്തിയ ശാസ്ത്രീയപഠനങ്ങളിൽ തെളിഞ്ഞതാണ്.
കുഴൽ നാടൻ പറഞ്ഞ ആദ്യ ആരോപണം. 2018 ഓഗസ്റ്റിൽ തോട്ടപ്പള്ളി സ്പിൽവെ ഷട്ടറുകൾ തുറക്കാൻ വൈകിയിട്ടില്ല. 2018 നവംബർ 30ന് നിയമസഭയിൽ ഹൈബി ഈഡന്റെ ചോദ്യത്തിന് ജലവിഭവവകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നൽകിയ മറുപടിയിലുണ്ട് ഇതിലെ വസ്തുതകൾ. സ്പിൽവേയിലെ ഷട്ടറുകൾ 2018 ജൂലൈ 16 മുതൽ തന്നെ തുറന്ന് വെച്ചിരിക്കുകയായിരുന്നു. അതിൽ ഒരു ഷട്ടറിന് സാങ്കേതിത്തകരാർ വന്നപ്പോൾ യന്ത്രസഹായത്താൽ ഓഗസ്റ്റ് 15ന് തന്നെ ആ ഷട്ടറും ഉയർത്തി (ഇമേജ് 1). മേരിമാതേടെ മണ്ണൊക്കെ ജൂലൈ 16ന് തന്നെ കടലിലെത്തിക്കാണും കുഴൽനാടൻജീ.
ഇതിലെ മറ്റൊരു കോമഡി, ഇതേ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് വെള്ളം കടലിലേക്ക് പോകുന്നതിൽ തടസമായി നിന്ന മണൽത്തിട്ട പൊളിച്ചതിനെതിരെ ഹർത്താൽ നടത്തിയ ടീമുകളാണ് ആലപ്പുഴയിലെ കോൺഗ്രസ് പാർട്ടി. ഇതേ കുഴൽനാടൻജീ തന്നെ സുപ്രീംകോടതിയിൽ വരെ കേസ് നടത്തിയതും ആ നടപടിയിൽ അഴിമതി ആരോപിച്ചാണ്. താഹിർ മെംബറെ ഓർമ വന്നില്ലേ. അതാണ്.
ഇനി രണ്ടാമത്തെ വിഷയം മണിയാർ ഡാം ആദ്യമേ തുറന്നില്ല എന്നതാണ്. രണ്ടാമത്തെ ഇമേജ് 2018 ഓഗസ്റ്റ് 1ലെ മാതൃഭൂമിയിലെയാണ്. മണിയാർ ഡാം തുറന്നതായി ആ വാർത്തയിലുണ്ട്. ലിങ്ക് കമന്റ് ബോക്സിലുണ്ട്. ഓഗസ്റ്റ് 1ന് തന്നെ തുറന്ന് വാട്ടർ ലെവൽ ക്രമീകരിച്ച് പോയ മണിയാർ ഡാമിലെ സ്ലൂയിസ് വാൽവ് കുഴൽനാടൻജീ എന്തിനോ എന്തോ ഓഗസ്റ്റ് 15ന് ശേഷം വലിച്ച് തുറന്നത്.
മിനിമം ഫാക്ട് ചെക്ക് നടത്താതെ കയ്യിൽ കിട്ടുന്ന ബോംബുകളുമായി കുഴൽനാടൻജീ ഇനിയും വരില്ലേ ഇത് വഴി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

