ജൈവവൈവിധ്യം അമൂല്യമായ ആഗോള സ്വത്താണ്; മെയ് 22 അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം

Biodiversity Day

ഇന്ന് മെയ് 22ലോക ജൈവവൈവിധ്യ ദിനം. മാനവ വംശത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷികമായ പൈതൃകസ്വത്താണ് ജൈവ വൈവിധ്യം. കരയിലും കടലിലും ആകാശത്തിലുമുള്ള ജൈവ വൈവിധ്യം നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണ്, കടമയാണ്.

ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഐക്യരാഷ്ട്ര സഭ മെയ് 22 അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം ആചരിക്കുന്നത്. പ്രകൃതിയുമായുള്ള ഐക്യവും സുസ്ഥിര വികസനവും എന്നതാണ് ഈ വർഷത്തെ ജൈവവൈവിധ്യ ദിന സന്ദേശം.

സസ്യങ്ങള്‍, മുതൽ മൃഗങ്ങളും സൂക്ഷ്മജീവികളും മനുഷ്യനും വരെയുമുള്ള സസ്യജന്തുവർഗ വൈവിധ്യത്തിലാണ് ഭൂമിയില്‍ ജീവരാശി നിലനില്‍ക്കുന്നത്. ജൈവവൈവിധ്യം ഉണ്ടെങ്കില്‍ മാത്രമേ സന്തുലിതമായ ഒരു ആവാസവ്യവസ്ഥ ഉണ്ടാകൂ.

Also Read: പൊന്നിന്റെ രഹസ്യം നിറഞ്ഞ പൊന്നുംതുരുത്ത്; വർക്കലയുടെ ​ഗോൾഡൺ ഐലന്റിന്റെ കാണാകാഴ്ചകൾ

എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങള്‍ നമ്മുടെ ജൈവവൈവിധ്യത്തിന്‍റെ താളം തെറ്റിക്കുന്നു. പല ജീവജാലങ്ങൾക്കും വംശ നാശ ഭീഷണി നേരിടുന്നു. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ അവയുടെ നാലിലൊന്ന് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണ്. നിലവിൽ അഞ്ച് വലിയ വംശനാശങ്ങള്‍ ജൈവ വൈവിധ്യം നഷ്ടമാകാന്‍ കാരണമായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

മാത്രമല്ല ഹോളോസീന്‍ എന്ന പേരിൽ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വംശനാശം മനുഷ്യന്റെ ആവിര്‍ഭാവത്തോടുകൂടി ഉണ്ടായതാണ്. പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം, മലിനീകരണം, ആഗോള താപനം ഇവയൊക്കെ ഇതിനു കാരണമാകുന്നു. ഉരഗങ്ങള്‍ മുതല്‍ നിരവധി സസ്യജന്തുജാതികളുടെ വാസകേന്ദ്രങ്ങളായ കാവുകളും മത്സ്യങ്ങള്‍, തവളകള്‍, സൂക്ഷ്മ ജീവികള്‍ എന്നിവ കഴിയുന്ന കുളങ്ങളും സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഓർക്കുക നമുക്ക് ഇനി നഷ്ടപ്പെടുത്താൻ അധികം കാടും നദികളും കണ്ടല്‍ക്കാടുകളും തണ്ണീര്‍തടങ്ങളും കുളങ്ങളും വയലുകളും ഒന്നുമില്ല.

ഭൂമിയിലെ സമ്പത്ത് കരുതലോടെ ഉപയോഗിച്ചാല്‍ മാത്രമേ വരുംതലമുറയ്‌ക്ക് ഇവിടെ നിലനില്‍ക്കാന്‍ കഴിയൂ. ഇത് ഒരു ഓർമപ്പെടുത്തൽ കൂടിയാണ്, മനുഷ്യന് ഒറ്റയ്‌ക്കൊരു നിലനില്‍പ്പ് സാധ്യമല്ല. അവയുണ്ടെങ്കിലേ നമുക്കും ജീവനുള്ളു ജീവിതം ഉള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali