‘പുതിയ ഡംപിങ് സൈറ്റുകൾ നിയമവിരുദ്ധം, നീക്കം മാലിന്യ ബിസിനസ് താപ്പാനകളെ സഹായിക്കാനാണോ ?’; മന്ത്രി കെ എം ഷാജിയുടെ പ്രഖ്യാപനം ഞെട്ടിക്കുന്നതെന്ന് എം.ബി. രാജേഷ്

m b rajesh about km shaji

കേരളത്തിൽ മാലിന്യം തള്ളുന്നതിനായി പുതിയ ഡംപിങ് കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി എം.ബി. രാജേഷ്. സംസ്ഥാനത്ത് 30 ഏക്കർ വീതമുള്ള മൂന്ന് ഡംപിങ് കേന്ദ്രങ്ങൾ തുടങ്ങുമെന്ന തദ്ദേശ മന്ത്രി കെ.എം. ഷാജിയുടെ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മാലിന്യം തള്ളാൻ ഡംപിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത് 2016-ലെ ‘സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്’ ചട്ടപ്രകാരം ഇന്ത്യയിൽ നിയമവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാലിന്യം ശാസ്ത്രീയമായി തരംതിരിച്ച് റീസൈക്കിൾ ചെയ്യുകയോ, ആർ.ഡി.എഫ് ആക്കി സിമന്റ് ഫാക്ടറികളിലേക്ക് ഇന്ധനമായി അയക്കുകയോ ആണ് വേണ്ടത്. ഇതിനു വിപരീതമായി മാലിന്യം ഒരിടത്ത് കൊണ്ടുപോയി തള്ളുന്നത് പ്രാകൃതമായ രീതിയാണെന്നും അദ്ദേഹം വിമർശിച്ചു.

മുൻ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ശാസ്ത്രീയ മാലിന്യ സംസ്കരണ മാതൃകകളെ എം.ബി. രാജേഷ് കുറിപ്പിൽ എടുത്തുപറയുന്നുണ്ട്. കേരളത്തിലുണ്ടായിരുന്ന 59 ഡംപ് സൈറ്റുകളിൽ 25 എണ്ണം ബയോ മൈനിങ്ങിലൂടെ മാലിന്യമുക്തമാക്കി 96 ഏക്കർ ഭൂമി വീണ്ടെടുത്തു. ബ്രഹ്മപുരത്തെ മാലിന്യക്കൂമ്പാരം നീക്കം ചെയ്ത് അവിടെ പ്രതിദിനം 150 ടൺ ശേഷിയുള്ള സിബിജി പ്ലാന്റ് സ്ഥാപിച്ചു. കേരളത്തിന്റെ വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതി ബ്രസീലിൽ നടന്ന COP 30 ഉച്ചകോടിയിൽ വരെ ലോകത്തിന് മാതൃകയായി അവതരിപ്പിക്കപ്പെട്ടു.

ALSO READ: പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹാപാഠികൾ പീഡിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇന്ത്യയിലെ ആദ്യത്തെ ‘ഡംപ് സൈറ്റ് രഹിത സംസ്ഥാനം’ എന്ന പദവിയിലേക്ക് കേരളം എത്താറായി നിൽക്കുമ്പോഴാണ് പുതിയ ഡംപിങ് കേന്ദ്രങ്ങൾ തുടങ്ങാനുള്ള സർക്കാർ നീക്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിളപ്പിൽശാലയും ലാലൂരും ബ്രഹ്മപുരവും അനുഭവിച്ച ദുരന്തങ്ങൾ വീണ്ടും ആവർത്തിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോർപ്പറേഷൻ ഭരണത്തിലെ ചില സ്ഥാപിത താല്പര്യക്കാരും മാലിന്യ ബിസിനസുകാരും ചേർന്ന് ശാസ്ത്രീയ സംസ്കരണ രീതികളെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് എം.ബി. രാജേഷ് ആരോപിച്ചു. ബ്രഹ്മപുരത്തെ ദുർഗന്ധവും വിഷപ്പുകയും തിരികെ കൊണ്ടുവരാൻ അനുവദിക്കില്ലെന്നും, അശാസ്ത്രീയമായ ഇത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പോസ്റ്റിന്റെ പൂർണരൂപം

ഇന്നത്തെ മലയാള മനോരമ പത്രത്തിൽ ബഹു. തദ്ദേശ മന്ത്രി ശ്രീ കെ എം ഷാജിയുടെ ചില പ്രഖ്യാപനങ്ങൾ വായിച്ചു. അതാണ് ഈ കുറിപ്പിനാധാരം.
കേരളത്തിൽ മാലിന്യം തള്ളാൻ 30 ഏക്കർ വീതമുള്ള മൂന്ന് ഡംപിങ്ങ് കേന്ദ്രങ്ങൾ ആരംഭിക്കും എന്ന് മന്ത്രി പറഞ്ഞതായാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. മാലിന്യം തള്ളുകയോ? അതിന് ഡംപിങ്ങ് കേന്ദ്രങ്ങളോ ? ഇതെന്തു ശാസ്ത്രീയ മാലിന്യ സംസ്കരണ രീതിയാണ്? ഏത് ഉദ്യോഗസ്ഥരാണ് അല്ലെങ്കിൽ വിദഗ്ധരാണ് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഇങ്ങനെയൊരു ഭീമാബദ്ധം അദ്ദേഹത്തെക്കൊണ്ടു പറയിപ്പിച്ചത് ?
വളരെ പ്രാഥമികമായ ഒരു കാര്യം ഞാൻ വിനയത്തോടെ ബഹു.മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തട്ടെ. മാലിന്യം തള്ളാൻ ഡംപിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ഇന്ത്യയിൽ ഇന്ന് നിയമവിരുദ്ധമാണ്. solid waste management rules 2016 പ്രകാരം അത് അനുവദനീയമല്ല. മാലിന്യത്തിന്റെ ശാസ്ത്രീയമായ തരംതിരിക്കലാണ് മാലിന്യ സംസ്കരണത്തിൽ അടിസ്ഥാന പാഠം. അതിൽ തന്നെ അജൈവമാലിന്യം റീസൈക്കിൾ ചെയ്യാവുന്നവയും അല്ലാത്തവയുമായി പ്രത്യേകം തരംതിരിക്കും. റീസൈക്കിൾ ചെയ്യാവുന്നവ റീസൈക്ലിങ്ങ് കേന്ദ്രങ്ങളിലേക്ക് അയക്കും. അല്ലാത്തവ ആർ ഡി എഫ് ആക്കി മാറ്റി അവ സിമൻറ് ഫാക്ടറികളിലേക്ക് ഇന്ധനമായി അയക്കും. അല്ലെങ്കിൽ waste to energy plant ൽ ( WTE) ഇന്ധനമായി ഉപയോഗിക്കും. കേരളത്തിൽ നിലവിൽ WTE ഇല്ലാത്തതിനാൽ മറ്റു സംസ്ഥാനങ്ങളിലെ സിമൻറ് ഫാക്ടറികളിലേക്കാണ് അയക്കുന്നത്. പക്ഷേ കേരളത്തിലെ മുഴുവൻ റിജക്ട് മാലിന്യവും സംസ്കരിക്കാനുതകുന്ന ഒരു WTE പ്ലാൻ്റിനുള്ള പ്രീ-ഫീസിബിലിറ്റി സ്റ്റഡിയും കഴിഞ്ഞ LDF സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്ത് വീണ്ടെടുത്ത സ്ഥലത്താണ് നിർദ്ദിഷ്ട WTE. മാത്രമല്ല,കഴിഞ്ഞ എൽഡിഎഫ് ഗവൺമെൻ്റ് കേരളത്തിലെ മുഴുവൻ റീസൈക്കിൾ ചെയ്യാൻ കഴിയാത്ത മാലിന്യവും ആർഡിഎഫ് ആക്കാനാവശ്യമായ 8 പ്ലാന്റുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം കൂടി അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ഇവയുടെ അവശിഷ്ടം മാത്രം ശാസ്ത്രീയമായി തയ്യാറാക്കിയ ലാൻഡ് ഫില്ലുകളിൽ പ്രത്യേകം നിഷ്കർഷിച്ച രീതിയിൽ സംസ്കരിക്കാൻ മാത്രമാണ് ഇന്ത്യയിലെ നിയമം അനുവദിക്കുന്നത്. ധാരാളം സ്ഥലം ലഭ്യമായ അമേരിക്ക പോലുള്ള വലിയ രാജ്യങ്ങളിൽ മാത്രമാണ് വളരെ വിദൂര പ്രദേശങ്ങളിലെ ഡംപ് സൈറ്റുകളിൽ മാലിന്യം ഡമ്പ് ചെയ്യുന്നത്. കേരളം പോലെ ജനസാന്ദ്രതയുള്ളതും സ്ഥലലഭ്യത കുറഞ്ഞതുമായ സംസ്ഥാനത്ത് സംസ്ക്കരിക്കാത്ത മാലിന്യം വെറുതെ കൊണ്ടു പോയി തള്ളുന്നതിന്റെ പ്രത്യാഘാതം എന്തായിരിക്കും? അതല്ലേ നാം വിളപ്പിൽശാലയിലും ലാലൂരിലും ബ്രഹ്മപുരത്തും അനുഭവിച്ചത്? കേരളത്തിലെ ഏറ്റവും വലിയ ഡമ്പ് സൈറ്റ് ആയിരുന്ന ബ്രഹ്മപുരം ബയോ മൈനിങ്ങിലൂടെ പൂർണമായും മാലിന്യമുക്തമാക്കിയതും അവിടെ അത്യാധുനികമായ സിബിജി പ്ലാന്റ് തുടങ്ങിയതും അങ്ങ് മനസ്സിലാക്കിയിട്ടുണ്ടാകും എന്ന് കരുതുന്നു. പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിച്ച് കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റാൻ ശേഷിയുള്ളതാണ് ആ പ്ലാന്റ്. ആറ് സിബിജി പ്ലാന്റുകൾ കൂടി സംസ്ഥാനത്ത് ആരംഭിക്കാൻ എൽഡിഎഫ് സർക്കാർ നടപടികൾ ആരംഭിച്ചിരുന്നു.
ബ്രഹ്മപുരം മാത്രമല്ല കേരളത്തിൽ ആകെയുള്ള 59 ഡംപ് സൈറ്റുകൾ ബയോ മൈനിങ്ങിലൂടെ മാലിന്യ മുക്തമാക്കി RDF പ്ലാന്റുകളിലേക്കും റീസൈക്ലിങ്ങ് കേന്ദ്രങ്ങളിലേക്കും അയച്ച് ഡംപ് സൈറ്റുകളായിരുന്ന 25 കേന്ദ്രങ്ങളെയാണ് LDF സർക്കാർ വീണ്ടെടുത്തത്.ഇതിലൂടെ 96 ഏക്കർ വിലപ്പെട്ട സ്ഥലവും വീണ്ടെടുത്തു കഴിഞ്ഞു.10ഡംപ് സൈറ്റുകളിൽ ഇപ്പോൾ ബയോ മൈനിങ് പുരോഗമിച്ചുവരുന്നു. അവശേഷിക്കുന്ന 24 ഡംപ് സൈറ്റുകളിൽ ബയോമൈനിങ്ങ് ആരംഭിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്തു.ഒരൊറ്റ വർഷം കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ഡംപ് സൈറ്റുകളില്ലാത്ത സംസ്ഥാനം എന്ന നേട്ടം കൈവരിക്കാൻ കഴിയുന്നതിൻ്റെ പടിവാതിൽക്കലാണ് കേരളം ഇപ്പോൾ നിൽക്കുന്നത്.അപ്പോഴാണ് പുതിയ ഡംപ് സൈറ്റുകളുണ്ടാക്കും എന്ന സർക്കാർ പ്രഖ്യാപനം വരുന്നത്! ഇത് തലതിരിഞ്ഞ ഏർപ്പാടാണ്. പിന്നിലേക്ക് തിരിഞ്ഞ് നടക്കലാണ്.ബ്രഹ്മപുരവും കുരീപ്പുഴയും ഗുരുവായൂരും ലാലൂരും അടക്കമുള്ള ഇത്തരം ചില കേന്ദ്രങ്ങൾ എങ്കിലും അങ്ങ് നേരിട്ട് സന്ദർശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അപ്പോൾ ഈ രാഗത്ത് എന്തുമാറ്റമാണുണ്ടായത് എന്ന് അങ്ങേക്ക് മനസ്സിലാവും. അവിടെ പോയിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രഖ്യാപനം നടത്താൻ കഴിയുമായിരുന്നില്ല.
ഈ മാലിന്യമുക്ത പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോവുകയാണ് സർക്കാർ ചെയ്യേണ്ടത്. അല്ലാതെ വീണ്ടും മാലിന്യം തള്ളൽ കേന്ദ്രങ്ങൾ സൃഷ്ടിക്കുകയല്ല.
കേരളം സൃഷ്ടിച്ച ശാസ്ത്രീയവും വികേന്ദ്രീകൃതവുമായ മാലിന്യ സംസ്കരണത്തിന്റെ ഒരു മാതൃകയുണ്ട്. ബ്രസീലിൽ ഈയിടെ നടന്ന COP 30 ഉച്ചകോടിയിൽ വികേന്ദ്രീകരണ മാലിന്യ സംസ്കരണത്തിന്റെ ലോകത്തിലെ മികച്ച മാതൃകകളിൽ ഒന്നായി കേരളത്തെ പരാമർശിച്ച വീഡിയോ അങ്ങ് കണ്ടുകാണുമെന്ന് വിശ്വസിക്കുന്നു. കേന്ദ്രസർക്കാരിന്റെ നഗരങ്ങൾക്കുള്ള ശുചിത്വ റാങ്കിങ്ങിൽ കഴിഞ്ഞ വർഷം കേരളം കൈവരിച്ച കുതിപ്പും ഇതിന് ഇടയാക്കിയ പ്രവർത്തനങ്ങളും ഉദ്യോഗസ്ഥർ ആരും അങ്ങയോട് വിശദീകരിച്ചില്ലേ?
ഈ ശാസ്ത്രീയ മാലിന്യ സംസ്കരണ മാതൃക മുന്നോട്ടു കൊണ്ടുപോവുകയും തുടരുകയുമാണ് വേണ്ടത്. എന്നാൽ അത് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സ്ഥാപിത താല്പര്യക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ മുഴുവൻ സാനിറ്ററി മാലിന്യവും സംസ്കരിക്കുന്നതിന് ആവശ്യമായ നാല് മേഖലാ പ്ലാന്റുകൾ നിർമ്മിക്കാൻ എൽഡിഎഫ് സർക്കാർ ടെൻഡർ പൂർത്തിയാക്കിയിരുന്നു. അതിലൊന്ന് ബ്രഹ്മപുരത്ത് മാലിന്യം നീക്കി വീണ്ടെടുത്ത സ്ഥലത്താണ്.
കോർപ്പറേഷൻ ഭരണത്തിലെ സ്ഥാപിത താല്പര്യക്കാരും മാലിന്യം തള്ളൽ ബിസിനസ് ആക്കി മാറ്റി പാണംവാരിയ ചില താപ്പാനകളും ചേർന്ന് അത് അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ് അറിയുന്നത്. കേരളത്തിലെ വികേന്ദ്രീകൃതവും ശാസ്ത്രീയവുമായ മാലിന്യ സംസ്കരണ മാതൃകയെ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിനു പകരം മാലിന്യം തള്ളുന്ന നിയമവിരുദ്ധവും പ്രാകൃതവുമായ രീതി സർക്കാർ തന്നെ ഔദ്യോഗികമായി പ്രോത്സാഹിപ്പിക്കുന്നത് വിനാശകരമായിരിക്കും. അശാസ്ത്രീയമായ അത്തരം രീതികൾ അവലംബിച്ചാൽ ശക്തിയായി എതിർക്കും. നേരായ ദിശയിൽ മുന്നോട്ടുപോയാൽ പിന്തുണക്കുകയും ചെയ്യും.
ഒരു കാര്യം അടിവരയിട്ട് വ്യക്തമാക്കട്ടെ.കേരളത്തിന് വേണ്ടത് വീണ്ടും ഡംപ് സൈറ്റുകൾ അഥവാ ബ്രഹ്മപുരങ്ങൾ ഉണ്ടാക്കലല്ല.ആ ദുർഗന്ധവും വിഷപ്പുകയും തിരിച്ചുകൊണ്ടുവരലല്ല.അത് അനുവദിക്കുകയുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News