
ഇന്ത്യ ഗേറ്റിലെ കഫേ കുടുംബശ്രീ ഉദ്ഘാടനം ചെയ്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. ഒന്നരമാസമായി ട്രയൽ റൺ അടിസ്ഥാനത്തിൽ വിജയകരമായി പോകുന്ന സംരംഭത്തിന് ആശംസയറിയിച്ച മന്ത്രി നാടൻ ഊണും കഴിച്ചാണ് മടങ്ങിയത്. ദില്ലിയിലെത്തുന്നവർക്ക് നാടൻ വിഭവങ്ങൾ ഒരുക്കിയാണ് കുടുംബശ്രീയുടെ കഫെ കുടുംബശ്രീ പ്രവർത്തിക്കുന്നത്. ദില്ലിയിലെത്തിയ മന്ത്രി എംബി രാജേഷ് തിരക്കുകൾക്കിടയിലും കഫെ കുടുംബശ്രീയിലെത്താൻ മറന്നില്ല. ഒന്നരമാസമായി ട്രയൽ റൺ അടിസ്ഥാനത്തിൽ വിജയകരമായി പോകുന്ന സംരംഭം അറ്റകുറ്റപ്പണികൾക്ക് ശേഷം പുനരാരംഭിച്ച ദിവസമാണ് മന്ത്രിയുടെ സന്ദർശനം.
കുടുംബശ്രീ പ്രവർത്തകരുടെ സംരംഭത്തിന് എല്ലാ ആശംസയും അറിയിച്ച മന്ത്രി കുശലാന്വേഷണങ്ങൾ തിരക്കി. അവർക്കൊപ്പം അടുക്കളയിലെത്തി മത്തി പൊരിക്കാനും മന്ത്രിക്ക് മടിയുണ്ടായില്ല. കഫേയിൽ പഴംപൊരി കൂടുതലായി വേണമെന്ന് തന്നോട് പലരും ആവശ്യമുന്നയിച്ചതായി മന്ത്രി കുടുംബശ്രീ അംഗങ്ങളെ അറിയിച്ചു.മീൻ കറിയും മത്തി വറുത്തതും ഉൾപ്പെടെ നാടൻ ഊണും പായസവും കഴിച്ചാണ് മന്ത്രി മടങ്ങിയത്.
മലയാളികൾക്ക് ദില്ലിയിലെത്തുന്ന വിദേശികളും കഫേ കുടുംബശ്രീയിൽ എത്തുന്നത്തോടെ കച്ചവടം പൊടിപൊടിക്കുകയാണ്. പഴംപൊരിയും പരിപ്പുവടയും എന്നുവേണ്ട എന്ത് നാടൻ വിഭവങ്ങളും ഇവിടെയുണ്ട്. നിലവിൽ വയനാട് ജില്ലയിലെ കുടുംബശ്രീ യൂണിറ്റായ തംബുരുവിലെ സീന മനോജ്, ശ്രീജ, അനുപ്രകാശ്, ലിസി പൗലോസ്, ഉഷാകുമാരി എന്നിവർക്കാന്ന് കഫേയുടെ നടത്തിപ്പ്. ഓരോ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകൾക്കാണ് ഓരോ മാസത്തെയും നടത്തിപ്പ്. കുടുംബശ്രീ യൂണിറ്റിന് പരിശീലനം നൽകുന്ന സ്ഥാപനമായ റിസേര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (ഐഫ്രം) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ പി അജയകുമാർ മേൽനോട്ടം നിർവഹിക്കുന്നു.


കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here