
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കേരളം വലിയ വിജയം കൈവരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കൈരളി ന്യൂസിന്റെ പ്രത്യേക രാഷ്ട്രീയ സംവാദ പരിപാടിയായ ‘പബ്ലിക് ഓഡിറ്റ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മയക്കുമരുന്നിന്റെ തലസ്ഥാനമാണെന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങൾ വ്യാജമാണെന്നും വസ്തുതകൾ ഇതിന് വിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ മയക്കുമരുന്ന് ഉപഭോഗത്തിൽ ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. മയക്കുമരുന്ന് കേസുകൾ കൂടുതൽ രജിസ്റ്റർ ചെയ്യുന്നത് കേരളത്തിലെ എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തിന്റെ മികവ് മൂലമാണ്. ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാൽ പോലും ഇവിടെ കേസെടുക്കും.
രാജ്യത്ത് ഏറ്റവും ഉയർന്ന കൺവിക്ഷൻ റേറ്റ് (ശിക്ഷാ നിരക്ക്) കേരളത്തിലാണ്. ദേശീയ ശരാശരി 78 ശതമാനവും തെലങ്കാനയിൽ 25 ശതമാനവും ആയിരിക്കുമ്പോൾ കേരളത്തിൽ ഇത് 98.5 ശതമാനമാണ്. കഴിഞ്ഞ പത്ത് വർഷമായി ഇത് 96 ശതമാനത്തിന് താഴെ പോയിട്ടില്ല.
ALSO READ: ആയുഷ് മിഷൻ ജീവനക്കാർക്ക് വേതന വർദ്ധനവ്; പുതിയ ഐടി മിഷനുകൾക്ക് അനുമതി
ആന്റമാനിൽ ഒരു ബങ്കറിൽ ഒളിപ്പിച്ചുവെച്ച 100 കോടി രൂപയുടെ മയക്കുമരുന്നാണ് കേരള എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചത്. മഞ്ചേരിയിൽ പിടിക്കപ്പെട്ട ഒരു പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. അടിയന്തര സാഹചര്യത്തിൽ ഫോണിലൂടെ യാത്രാാനുമതി നൽകിയാണ് ഈ ഓപ്പറേഷൻ സാധ്യമാക്കിയതെന്ന് മന്ത്രി വെളിപ്പെടുത്തി.
കേരള പോലീസ് ഹൈദരാബാദിൽ ചെന്ന് സിന്തറ്റിക് ഡ്രഗ് നിർമ്മിച്ചിരുന്ന ശതകോടീശ്വരനെ പിടികൂടി. ഗുഡ്ഗാവിലും ഡൽഹി വിമാനത്താവളത്തിലും വെച്ച് നൈജീരിയൻ പൗരന്മാരെ പിടികൂടാനും കേരളത്തിലെ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. സിന്തറ്റിക് ഡ്രഗ്ഗിന്റെ പ്രധാന ഉറവിടങ്ങൾ ബാംഗ്ലൂരും ഗോവയുമാണ്. ഇത്തരം സംഘങ്ങളെ പിടികൂടാൻ കേന്ദ്ര ഏജൻസികളും വിവിധ സംസ്ഥാന ഏജൻസികളും തമ്മിൽ കൂടുതൽ ഏകോപിതമായ പ്രവർത്തനം ആവശ്യമാണെന്നും ഇത് ഉറപ്പുവരുത്തേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ സ്കൂളുകളെയോ മറ്റു സ്ഥാപനങ്ങളെയോ കേന്ദ്രീകരിച്ചല്ല മയക്കുമരുന്ന് നിർമ്മാണം നടക്കുന്നതെന്നും, ഉറവിടങ്ങൾ കണ്ടെത്താൻ പോലീസ് നടത്തുന്ന ശ്രമങ്ങൾ വലിയ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

