പുൽവാമയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുമ്പോള്‍ മോദി സര്‍ക്കാരിന് മിണ്ടാട്ടം മുട്ടുന്നു: മന്ത്രി എംബി രാജേഷ്

പുല്‍വാമ ആക്രമണത്തില്‍ മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ മോദി സര്‍ക്കാരിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാകുമ്പോള്‍ പ്രധാനമന്ത്രിയടക്കമുള്ളവരുടെ മൗനത്തെ ചോദ്യം ചെയ്യുകയാണ് മന്ത്രി എംബി രാജേഷ്.  മറ്റെല്ലാവരും രാജ്യദ്രോഹികളാണെന്ന് മുദ്രകുത്താൻ മത്സരിക്കുന്നവർ, സൈന്യത്തിന്റെ പേരിൽ എപ്പോഴും ഊറ്റം കൊള്ളാറുള്ളവർ 50ലേറെ ജവാന്മാരുടെ ജീവൻ പൊലിഞ്ഞ ഒരു സംഭവത്തെക്കുറിച്ച് ഇപ്പോൾ ചോദ്യങ്ങൾ ഉയരുമ്പോൾ എന്തേ മിണ്ടാട്ടം മുട്ടിയവരാകുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ബിജെപി നേതാക്കള്‍ വിഷയത്തില്‍ പ്രതികരിക്കാത്തതും ബിജെപി സഹയാത്രികരുടെ ന്യായീകരണങ്ങളെയും വിമര്‍ശിച്ചുകൊണ്ടാണ് എംബി രാജേഷ് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്തു കേസിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്. കോൺഗ്രസ്സ് നേതാവ് കാർത്തി ചിദംബരത്തിന്റെ സ്വത്ത്‌ ഇ. ഡി കണ്ടു കെട്ടിയതായി വാർത്ത ശ്രദ്ധയില്‍പ്പെട്ടെന്നും ഇതേ ഇ ഡി തന്നെയല്ലേ കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ മാത്രം സ്വത്ത്‌ കണ്ടുകെട്ടേണ്ട എന്ന് കോടതിയിൽ നിലപാട് എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.  ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഏറെയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പുൽവാമയിൽ എന്താണ് സംഭവിച്ചത്? സത്യപാൽ മാലിക് എന്ന മുൻ ജമ്മു- കാശ്മീർ ഗവർണറുടെ വെളിപ്പെടുത്തലിന് ശേഷം ആ ചോദ്യം വീണ്ടും ഉയരാൻ തുടങ്ങിയിട്ടുണ്ട്. മോദി ഭക്തരായ ഗോദി മീഡിയ അത് ചോദിക്കാൻ മടിക്കുന്നുണ്ടെങ്കിലും ആ ചോദ്യം അന്തരീക്ഷത്തിൽ ഉയരുന്നുണ്ട്. ഇന്ന് അല്പനേരം കാണാനിടയായ ഒരു ടെലിവിഷൻ ചർച്ചയിൽ, രാജ്യസുരക്ഷയെ ബാധിക്കുന്ന ഈ ഗുരുതരമായ പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള ബിജെപി പ്രതിനിധിയുടെ മറുപടി, സത്യപാൽ മാലിക്കിന് വിശ്വാസ്യതയില്ല എന്നാണ്. കേട്ടാൽ തോന്നും സത്യപാൽ മാലിക് ഏതോ പ്രതിപക്ഷ പാർട്ടിയുടെ നേതാവാണെന്ന് . ആർട്ടിക്കിൾ 370 റദ്ദാക്കാനായി മോദിയും അമിത് ഷായും പ്രത്യേകം റിക്രൂട്ട് ചെയ്ത് കാശ്മീരിലേക്ക് അയച്ച ഏറ്റവും വിശ്വസ്തനാണ് ഇപ്പോൾ പൊടുന്നനെ വിശ്വാസ്യത ഇല്ലാത്തയാളായി മാറിയിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും നിർണായകമായ ഒരു ഭൂപ്രദേശത്ത്, പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശത്ത് തെരഞ്ഞെടുക്കപ്പെട്ട നിയമസഭയെയും സർക്കാരിനെയും പിരിച്ചുവിട്ട് നേരിട്ട് ഭരണം ഏൽപ്പിക്കാൻ മാത്രം വിശ്വസ്തനായിരുന്ന സത്യപാൽ മാലിക് പെട്ടെന്നിപ്പോൾ വിശ്വാസ്യത ഇല്ലാത്തവനായി മാറിയത് എന്തുകൊണ്ടായിരിക്കാം ? ബിജെപിയുടെ ദേശീയ വൈസ് പ്രസിഡണ്ട് ആയിരുന്ന, മറ്റു പല സംസ്ഥാനങ്ങളിലും ഗവർണർ പദവി വഹിച്ച, ഒടുവിൽ ഏറ്റവും പ്രധാനപ്പെട്ട ജമ്മു- കാശ്മീരിലേക്ക് പ്രത്യേകം തിരഞ്ഞെടുത്തു നിയോഗിച്ച സത്യപാൽ മാലിക്കിന് ഇപ്പോൾ വിശ്വാസ്യതയില്ലത്രേ! അപ്പോൾ വളരെ ഗൗരവമുള്ള വേറൊരു ചോദ്യം വരുന്നു. വിശ്വസിക്കാൻ കൊള്ളാത്ത സത്യപാൽ മാലിക്കിനെ ഇന്ത്യയുടെ അതിർത്തി സംസ്ഥാനത്തേക്ക്, അതും സർക്കാരും നിയമസഭയും പിരിച്ചുവിട്ട് ജമ്മു കശ്മീർ പോലെ ഒരു സംസ്ഥാനത്തിന്റെ ഭരണം ഏൽപ്പിച്ച മോദിക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളത് ? ഇപ്പോൾ മോദിയും കൂട്ടരും പല നിർണായക സ്ഥാനങ്ങളിലും അവരോധിച്ചിട്ടുള്ളവരെല്ലാം ഇങ്ങനെ വിശ്വസിക്കാൻ കൊള്ളാത്തവരാണോ?. എങ്ങനെയാണ് ഇന്ത്യക്കാർക്ക് ഈ മോദിയേയും അമിത് ഷായേയും വിശ്വസിക്കാൻ കഴിയുക ?

ബിജെപി നേതാവിനോട് ആങ്കറുടെ അടുത്ത ചോദ്യം : എന്തിനാണ് പുൽവാമയിൽ വീഴ്ചയുണ്ടായി എന്ന് ചൂണ്ടിക്കാണിച്ച ഗവർണറോട് മോദി മിണ്ടാതിരിക്കാൻ പറഞ്ഞത് ? ബിജെപി നേതാവിന്റെ മറുപടി, അതിന് എന്താണ് എവിഡൻസ് എന്നാണ്. ഇത്ര ഗുരുതരമായ ആരോപണം വന്നിട്ടും അതും രാജ്യസുരക്ഷയെ ബാധിക്കുന്നതായിട്ടും രാജ്യസ്നേഹം തിളച്ചുമറിയാറുള്ള മോദിയോ അമിത് ഷായോ മറ്റേതെങ്കിലും ബിജെപി നേതാക്കളോ ഇതുവരെ മിണ്ടിയിട്ടില്ല എന്നത് തന്നെയാണ് എവിഡൻസ്. അന്ന് സത്യപാൽ മാലിക്കിനോട് മിണ്ടാതിരിക്കാൻ പറഞ്ഞ മോദി ഇപ്പോൾ വാ തുറക്കാതെ മിണ്ടാതിരിക്കുന്നു. പുൽവാമയെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യാൻ പോലും അവർ ഭയപ്പെടുന്നു. 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് പുൽവാമയെ കുറിച്ച് വാതോരാതെ നാവിട്ടടിച്ച അതേ പ്രധാനമന്ത്രി ഇപ്പോൾ വാ തുറക്കുന്നില്ല.

ഈ സന്ദർഭത്തിൽ 2020ൽ ഞാനെഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആദ്യ കമന്റ്‌ ആയി പങ്കു വക്കുന്നു. അതിൽ സത്യപാൽ മാലിക് ഇപ്പോൾ ഉയർത്തിയ ചോദ്യങ്ങൾ മാത്രമല്ല ഭീകരർക്കൊപ്പം പിടിയിലായ ദേവീന്ദർ സിംഗിന്റെ കാര്യവും പറഞ്ഞിരുന്നു.പുൽവാമയിലെ ഇൻറലിജൻസ് ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ദേവീന്ദർ സിംഗിനെ പിന്നീട് കൊടും ഭീകരർക്കൊപ്പം ഒരു വാഹന പരിശോധനയിൽ പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊടും ഭീകരരുമായി ബന്ധമുണ്ടായിരുന്ന ആ പോലീസ് ഓഫീസർക്കായിരുന്നു പുൽവാമയിലെ ഇന്റലിജൻസ് ചുമതല എന്നത് ഞെട്ടിപ്പിക്കുന്നതായിരുന്നു. സത്യപാൽ മാലിക് ഇൻറലിജൻസ് വീഴ്ചയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അത് സത്യമാണെന്ന് തെളിഞ്ഞതാണല്ലോ. മുൻ കരസേനാ മേധാവി ശങ്കർ റോയ് ചൗധരിയും ഇൻറലിജൻസ് വീഴ്ച ഉൾപ്പെടെയുള്ള ഗുരുതരമായ പാളിച്ചകളെ കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. അതിന് ഉത്തരവാദിയായ ദേവീന്ദർ സിംഗിനെ കൊടും ഭീകരർക്കൊപ്പം പിന്നീട് അറസ്റ്റ് ചെയ്തു എന്നത് വിരൽ ചൂണ്ടുന്നത് എന്തിലേക്കാണ് ? ഇന്റലിജൻസ് വീഴ്ച വെറുമൊരു വീഴ്ച മാത്രമായിരുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത് ?
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പുൽവാമയിൽ 50 സിആർപിഎഫ് ജവാന്മാരുടെ ജീവൻ പൊലിഞ്ഞ തീവ്രവാദി ആക്രമണം. വാജ്പേയി സർക്കാരിന്റെ കാലത്ത് കാർഗിൽ ശവപ്പെട്ടി കുംഭകോണ കാലത്താണ് ചരിത്രത്തിൽ ആദ്യമായി ഭീകരർ ഇന്ത്യൻ പാർലമെന്റ് ആക്രമിച്ചത്. പിന്നീട് ദേശസുരക്ഷയെ കുറിച്ച് നാഴികയ്ക്ക് നാൽപ്പതു വട്ടം പുരപ്പുറത്ത് കയറി നിന്ന് പ്രസംഗിക്കുന്ന മോദി സർക്കാരിന്റെ കാലത്താണ് പത്താൻകോട്ടിലും ഉറിയിലുമെല്ലാം ആവർത്തിച്ച് ഭീകരാക്രമണം ഉണ്ടായത്. മറ്റെല്ലാവരും രാജ്യദ്രോഹികളാണെന്ന് മുദ്രകുത്താൻ മത്സരിക്കുന്നവർ, സൈന്യത്തിന്റെ പേരിൽ എപ്പോഴും ഊറ്റം കൊള്ളാറുള്ളവർ 50ലേറെ ജവാന്മാരുടെ ജീവൻ പൊലിഞ്ഞ ഒരു സംഭവത്തെക്കുറിച്ച് ഇപ്പോൾ ചോദ്യങ്ങൾ ഉയരുമ്പോൾ എന്തേ മിണ്ടാട്ടം മുട്ടിയവരാകുന്നു ?

പുൽവാമയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അധികാരത്തിൽ ഇരിക്കുന്നവർ മറുപടി പറഞ്ഞേ തീരൂ. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ “പുൽവാമ പുൽവാമ” എന്ന് നൂറുകണക്കിന് വേദികളിലും കിട്ടുന്ന അവസരങ്ങളിലുമെല്ലാം ഉദ്ഘോഷിച്ചവരും അതിന്റെ പേരിൽ വോട്ട് ചോദിച്ചവരും തെരഞ്ഞെടുപ്പെന്ന പാലം കടന്നപ്പോൾ മൗനം കൊണ്ട് പറയുന്നത് “കൂരായണ കൂരായണ” എന്നാണ്.

http://<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmbrajeshofficial%2Fposts%2Fpfbid0s6nEpUmFPiSyrZYcHAqUR6G8BfNSnY74Mv7zZ5UhuRN3i2wg7X66HU5eADiXsCRVl&show_text=true&width=500″ width=”500″ height=”342″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

വാൽക്കഷണം : കോൺഗ്രസ്സ് നേതാവ് കാർത്തി ചിദംബരത്തിന്റെ സ്വത്ത്‌ ഇ. ഡി കണ്ടു കെട്ടിയതായി വാർത്ത. ഇതേ ഇ ഡി തന്നെയല്ലേ കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ മാത്രം സ്വത്ത്‌ കണ്ടുകെട്ടേണ്ട എന്ന് കോടതിയിൽ നിലപാട് എടുത്തത്! ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഏറെയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here