‘ആയിരം ബാറുകൾ’ എന്നത് പച്ചക്കള്ളം, ബാറുകളുടെ സമയക്രമം പരിഷ്കരിച്ചത് ഇന്ത്യയിലുടനീളമുള്ള രീതി പിന്തുടർന്ന്’; പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണമെന്ന് പബ്ലിക് ഓഡിറ്റിൽ മന്ത്രി എം.ബി രാജേഷ്

M B RAJESH ON LIQUOR POLICY

സംസ്ഥാനത്തെ മദ്യനയത്തെക്കുറിച്ചും ബാറുകളുടെ എണ്ണത്തെക്കുറിച്ചും പ്രതിപക്ഷം നടത്തുന്ന പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കൈരളി ന്യൂസിന്റെ ‘പബ്ലിക് ഓഡിറ്റ്’ പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി കണക്കുകൾ നിരത്തി പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചത്.

ഈ സർക്കാർ ആയിരം ബാറുകൾ പുതുതായി അനുവദിച്ചു എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന തെറ്റാണെന്നും, മുൻ സർക്കാരിന്റെ കാലത്തെ എണ്ണം കൂടി കൂട്ടിയാൽ പോലും ആയിരം തികയില്ലെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം പ്രചരണങ്ങൾ സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അയൽസംസ്ഥാനങ്ങളുമായുള്ള താരതമ്യം കേരളത്തിലെ ബാറുകളുടെയും ഔട്ട്ലെറ്റുകളുടെയും എണ്ണം മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ ബാറുകളും റീട്ടെയിൽ ഔട്ട്ലെറ്റുകളും ഉൾപ്പെടെ ആകെ 1442 എണ്ണം മാത്രം ആണ്. എന്നാൽ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 5600-ഓളം മദ്യശാലകൾ ഇവിടെയുണ്ട്. കേരളത്തേക്കാൾ ചെറിയ സംസ്ഥാനമായ തെലങ്കാനയിൽ പോലും 600-ലധികം ഔട്ട്ലെറ്റുകളുണ്ട്. ആന്ധ്രയിലെ എണ്ണം കേരളത്തിന്റേതിന് ഏതാണ്ട് ഇരട്ടിയാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഫയലുകൾക്ക് കാത്തുനിന്നില്ല, മന്ത്രിയുടെ ഒറ്റ ഫോൺ കോൾ; ആന്റമാനിലെ വൻ മയക്കുമരുന്ന് വേട്ടയുടെ പിന്നാമ്പുറം പബ്ലിക് ഓഡിറ്റിൽ വെളിപ്പെടുത്തി എം.ബി. രാജേഷ്

മദ്യശാലകളുടെ പ്രവർത്തന സമയം വർദ്ധിപ്പിച്ചത് ഇന്ത്യയിലുടനീളമുള്ള സമയക്രമവുമായി പൊരുത്തപ്പെടുന്ന രീതിയിലാണെന്ന് മന്ത്രി വിശദീകരിച്ചു. ടൂറിസം മേഖലകളിൽ നേരത്തെ തന്നെ നിലവിലുണ്ടായിരുന്ന സമയക്രമം (രാവിലെ 10 മുതൽ രാത്രി 12 വരെ) മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ചെയ്തത്. ബാംഗ്ലൂരിൽ പുലർച്ചെ ഒരു മണി വരെയും തമിഴ്നാട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 24 മണിക്കൂറും മദ്യലഭ്യതയുണ്ടെന്ന വസ്തുതയും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലൈസൻസ് ഫീസിന്റെ കാര്യത്തിൽ കേരളം വളരെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. 35 ലക്ഷം രൂപയാണ് കേരളത്തിലെ യൂണിഫോം ലൈസൻസ് ഫീസ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 12 ലക്ഷം രൂപയാണ് ഫീസ് വർദ്ധിപ്പിച്ചത്. അയൽസംസ്ഥാനങ്ങളിൽ ഇത് കുറവാണെന്നും കർണാടകയിൽ സ്ലാബ് അടിസ്ഥാനത്തിൽ ആറ് മുതൽ പത്ത് ലക്ഷം രൂപ വരെ മാത്രമാണ് ഈടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ നിലപാട് മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരും നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നവരും കേരളത്തിലുണ്ട്. മാറുന്ന സാമൂഹ്യ യാഥാർത്ഥ്യങ്ങളും ടൂറിസം ഉൾപ്പെടെയുള്ള മേഖലകളുടെ വളർച്ചയും പരിഗണിച്ച് നിയന്ത്രണങ്ങളിൽ പ്രായോഗികമായ മാറ്റങ്ങൾ വരുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഒറ്റയടിക്ക് നിയന്ത്രണങ്ങൾ നീക്കുകയല്ല, മറിച്ച് മദ്യനയത്തെ പരിഷ്കരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും എം.ബി രാജേഷ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News