‘ഉശിരനായ കമ്മ്യൂണിസ്റ്റ് സഖാവ് ചന്ദ്രേട്ടന് വിട, ലാൽ സലാം’: മന്ത്രി എം.ബി രാജേഷ്

സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം ചന്ദ്രന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി എം.ബി രാജേഷ്. തന്റെ ജീവിതത്തെ വഴിതിരിച്ചുവിടുകയും ആഴത്തിൽ സ്വാധീനിക്കുകയും ചെയ്ത ഒരു കൂട്ടം മനുഷ്യരിൽ പ്രധാനപ്പെട്ട ഒരാളാണ് അദ്ദേഹമെന്ന് എം.ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം തൻറെ ജീവിതത്തിലെ വളരെ നിർണായകമായ പല ഘട്ടങ്ങളിലും സ്വാധീനം ചെലുത്തിയ സഖാക്കളുടെ കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ആളാണ് വിടപറഞ്ഞതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗമുണ്ടാക്കുന്ന വേദനയും ശൂന്യതയും വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ചെങ്കൊടി പുതച്ച് മൃതദേഹ പേടകത്തിനുള്ളിൽ നിശ്ചലനായി കിടക്കുന്നത് സഖാവ് ചന്ദ്രേട്ടനാണ്. ഇന്നലെ രാത്രി ചന്ദ്രേട്ടന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ നിൽക്കുമ്പോൾ മൂന്നു പതിറ്റാണ്ടിന്റെ ഓർമ്മകൾ മനസ്സിലൂടെ ഇരമ്പി പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. കൊടുംവേനലിന്റെ ചൂടിൽ ആർത്തലച്ചു പെയ്യുന്ന ഓർമകളുടെ പേമാരിയിൽ നിൽക്കുമ്പോൾ കാലത്തിന് എത്ര വേഗമാണ് എന്നതിശയിച്ചു പോയി. എൻറെ ജീവിതത്തെ വഴിതിരിച്ചുവിടുകയും ആഴത്തിൽ സ്വാധീനിക്കുകയും ചെയ്ത ഒരു കൂട്ടം മനുഷ്യരിൽ പ്രധാനപ്പെട്ട ഒരാളാണ് ചന്ദ്രേട്ടൻ.

1993ല്‍ വളരെ അപ്രതീക്ഷിതമായി എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് എന്ന ചുമതല ഏറ്റെടുത്തപ്പോഴാണ് ചന്ദ്രേട്ടനെ പരിചയപ്പെടുന്നത്. ആ ചുമതല ഏറ്റെടുക്കാൻ എനിക്ക് വളരെ വൈമനസ്യം ഉണ്ടായിരുന്നു. അത് വീട്ടിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ആയിരുന്നു കാരണം. അതിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ എനിക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നു പ്രോത്സാഹിപ്പിച്ചത് ചന്ദ്രേട്ടൻ ആയിരുന്നു. ഒരു കാര്യം മാത്രം അദ്ദേഹം നിഷ്കർഷിച്ചു. “താൻ നന്നായി പഠിക്കുന്ന ആളാണ്. എസ്എഫ്ഐ നേതൃത്വം ഏറ്റെടുത്ത് പഠനത്തിൽ പിന്നാക്കം പോകരുത്. അത് വിദ്യാർത്ഥി സംഘടനക്കും പാർട്ടിക്കും നാണക്കേട് ഉണ്ടാക്കും. തൻറെ അച്ഛനമ്മമാർ ഈ പാർട്ടിയെക്കുറിച്ച് മോശമായി വിചാരിക്കും”. അദ്ദേഹത്തിൻറെ ആ നിഷ്കർഷ പാലിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചന്ദ്രേട്ടന്റെ ഒപ്പം അഞ്ചുവർഷമാണ് പാലക്കാട് കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകത്തിൽ ഞങ്ങൾ ഒരുമിച്ച് താമസിച്ചത്. അന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസും കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകത്തിലാണ്. പരീക്ഷക്കാലമായാൽ ഞങ്ങളോട് ലീവെടുത്ത് പോകാൻ ചന്ദ്രേട്ടൻ ആവശ്യപ്പെടും. സ്കൂളും കോളേജും അടച്ചു കഴിഞ്ഞാൽ പിന്നെ ഓഫീസിൽ കറങ്ങി സമയം കളയരുത് എന്നായിരുന്നു ചന്ദ്രേട്ടന്റെ നിർദ്ദേശം. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ അദ്ദേഹം ഉപദേശിക്കും. അക്കാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകത്തിൽ ഭക്ഷണം രാവിലെയും വൈകിട്ടും കഞ്ഞിയാണ്. ഞാനടക്കം മിക്ക എസ്എഫ്ഐക്കാർക്കും കഞ്ഞിയോട് ഒട്ടും പ്രതിപത്തിയില്ല. രണ്ടു നേരവും കഞ്ഞികുടിച്ച് മടുത്തിരിക്കുന്ന ഞങ്ങൾ വൈകുന്നേരം ഏതെങ്കിലും എസ്എഫ്ഐക്കാർ(ജോലി കിട്ടിയവർ) ഓഫീസിൽ വരാൻ കാത്തിരിക്കും. മിക്കവാറും എൻജിനീയറിങ് കോളജിലെ അല്ലെങ്കിൽ പോളിടെക്നിക്കിലെ പഴയ എസ് എഫ് ഐക്കാരാകും വന്നിട്ടുണ്ടാവുക. അന്ന് കഞ്ഞിയിൽ നിന്ന് മോചനമാണ്; പുറത്തുപോയി നല്ലൊരു ഭക്ഷണം കഴിക്കാം. എൽഎൽബിക്ക് പഠിച്ചിരുന്ന ഞാൻ മികച്ച മാർക്കോടെ പാസായ വിവരം അറിഞ്ഞു ചന്ദ്രേട്ടൻ എന്നെ വിളിച്ച് അഭിനന്ദിച്ചു. എന്നിട്ട് പാർട്ടി ഓഫീസ് സെക്രട്ടറിയോട് പറഞ്ഞു, ‘ഇന്നിവിടെ കഞ്ഞി വയ്ക്കേണ്ട എന്ന് പറയണം. രാജേഷ് പഠനത്തിൽ ഗംഭീരമായ നേട്ടം കൈവരിച്ചതിന്റെ ഭാഗമായി ഇന്ന് ചില്ലി ചിക്കനും ചപ്പാത്തിയും ആക്കാം’. പാർട്ടി ഓഫീസിലെ എല്ലാവർക്കും ചില്ലി ചിക്കനും ചപ്പാത്തിയും വാങ്ങി കൊടുത്തു. അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യം. അദ്ദേഹത്തിൻറെ കരുതലിന്റെയും പ്രോത്സാഹനത്തിന്റെയും ഹൃദയസ്പർശിയായ അനുഭവങ്ങളിൽ ചിലതാണ് ഇതെല്ലാം.

അക്കാലത്ത് ടെലിഫോൺ കണക്ഷൻ കിട്ടുക വളരെ ദുഷ്കരമാണ്. കയിലിയാടുള്ള എൻറെ വീട്ടിൽ ലാൻഡ്ഫോൺ കണക്ഷൻ ഇല്ല. അന്ന് എംപിമാരുടെ ക്വാട്ടയിൽ ഫോൺ കണക്ഷൻ നൽകുന്ന പതിവുണ്ട്. വീട്ടിലേക്ക് ഫോൺ കണക്ഷൻ വേണമെന്ന് പറയാൻ മടിയായതുകൊണ്ട് ഞാൻ അക്കാര്യം ആവശ്യപ്പെട്ടിരുന്നില്ല. ഒരു ദിവസം യാദൃശ്ചികമായി സംഭാഷണമധ്യേ വീട്ടിൽ ഫോണില്ലെന്ന് മനസ്സിലാക്കിയ ചന്ദ്രേട്ടൻ, “ഇത്രകാലം ഈ ഓഫീസിൽ താമസിച്ചിട്ടും താനിക്കാര്യം ഇതുവരെയും പറയാത്തതെന്താ?, എത്രപേർക്ക് നമ്മൾ എംപി ക്വാട്ടയിൽ കണക്ഷൻ കൊടുക്കുന്നു, തന്റെ വീട്ടിൽ നേരത്തേ നൽകേണ്ടതല്ലേ? തൻറെ അച്ഛനമ്മമാർ എന്തു വിചാരിക്കും, ഒരു ഫോൺ കണക്ഷൻ പോലും വീട്ടിൽ കിട്ടിയില്ല എന്നവർക്ക് തോന്നില്ലേ ? അതൊരു ന്യായം അല്ലേ ? അടുത്ത തവണ എംപി ക്വോട്ട വരുന്ന സമയത്ത് താൻ എന്നെ ഓർമിപ്പിക്കണം”. വീണ്ടും ഞാൻ അക്കാര്യം ആ സമയത്ത് പറയാൻ മടിച്ചു. 25 – 30 പേർക്ക് കണക്ഷൻ കൊടുക്കാനുള്ള പട്ടിക ഏറെക്കുറെ കഴിഞ്ഞിരുന്നു. എൻറെ പേര് അതിലില്ലെന്ന് ശ്രദ്ധയിൽപ്പെട്ട ഉണ്ണിയേട്ടൻ (സ. പി ഉണ്ണി ) ചന്ദ്രേട്ടനോട് കാര്യം സൂചിപ്പിച്ചു. ചന്ദ്രേട്ടൻ എന്നെ വിളിച്ചു ചോദിച്ചു, ‘ഞാൻ പേരും ചേർത്തു. അങ്ങനെയാണ് വീട്ടിൽ ആദ്യമായി ലാൻഡ് ഫോൺ കണക്ഷൻ കിട്ടുന്നത്. ആ കണക്ഷൻ ഇപ്പോഴുമുണ്ട്.

90 കൾ കേരളത്തിലെങ്ങും വിദ്യാർത്ഥി പ്രക്ഷോഭം തിളച്ചുമറിഞ്ഞ കാലമാണ്. പാലക്കാട്ടും സംഘർഷഭരിതമായ പോരാട്ടത്തിന്റെ നാളുകൾ. ലാത്തിച്ചാർജും ലോക്കപ്പ് മർദ്ദനവും അറസ്റ്റും ജയിലും നിരാഹാര സത്യഗ്രഹവും പതിവായ നാളുകൾ. അന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ഇ ടി മുഹമ്മദ് ബഷീറിനെതിരെ കരിങ്കൊടി കാണിച്ചതിനാണ് ക്രൂരമായ ലാത്തിചാർജും പോലീസ് മർദ്ദനവും അരങ്ങേറിയത്. നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകർ ഉൾപ്പെടെയുള്ളവരും ആശുപത്രിയിലായി. ഞാനടക്കമുള്ളവർ അടികൊണ്ട് ശരീരം മുഴുവൻ പൊട്ടി ജില്ലാ ആശുപത്രിയിൽ കിടക്കുകയാണ്. പാർട്ടി സമ്മേളനങ്ങളിൽ ആയിരുന്ന സഖാക്കൾ ശിവദാസമേനോനും ചന്ദ്രേട്ടനും വിവരമറിഞ്ഞ് കൊടുങ്കാറ്റ് പോലെ കുതിച്ചെത്തി. വിദഗ്ധ ചികിത്സ വേണ്ടവരെ അങ്ങോട്ട് മാറ്റാൻ വേണ്ട കാര്യങ്ങൾക്കെല്ലാം നേതൃത്വം കൊടുത്തത് ചന്ദ്രേട്ടന്റെ നേതൃത്വത്തിലാണ്.

ഓരോ തവണയും സമരമുഖങ്ങളിൽ അടിയേറ്റ് വീണപ്പോഴൊക്കെയും ലോക്കപ്പിൽ അടയ്ക്കപ്പെട്ടപ്പോഴും ചന്ദ്രേട്ടന്റെ നേതൃത്വത്തിൽ നേതാക്കൾ ഓടിയെത്തി. സംസ്ഥാന നേതാക്കളുടെ നിരാഹാര സത്യഗ്രഹ സമരത്തിന് അനുഭാവം രേഖപ്പെടുത്തി ജില്ലകളിൽ നിരാഹാര സത്യഗ്രഹം നടക്കുകയാണ്. ഞാൻ നിരാഹാരം കിടന്നിട്ട് ആറാം ദിവസമായി. ആദ്യം ചന്ദ്രേട്ടൻ ഒരാളെ പറഞ്ഞുവിട്ടു എഴുന്നേൽക്കാൻ നിർദ്ദേശിച്ചു. ഞാൻ എഴുന്നേൽക്കാൻ കൂട്ടാക്കിയില്ല. പിന്നെ ചന്ദ്രേട്ടൻ നേരിട്ട് എത്തി. “തിരുവനന്തപുരത്തെ സത്യഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ചാണ് ഇവിടുത്തെ സത്യഗ്രഹം. താൻ അധിക ദിവസം കിടന്ന് ആവശ്യമില്ലാതെ ഊർജ്ജം പാഴാക്കേണ്ടതില്ല. ഇത് പ്രതീകാത്മകമായ സമരമാണ്”. ഇനി വേറൊരാൾ കിടക്കണമെന്നു പറഞ്ഞ് എന്നെ നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു. സമരം മറ്റൊരാൾ ഏറ്റെടുത്തു. അത്രയും കരുതൽ സഖാക്കളുടെ ജീവിതത്തിലും ആരോഗ്യത്തിലും അദ്ദേഹം പുലർത്തിയിരുന്നു. പതിവായി ലാത്തിച്ചാർജിൽ പരിക്കേൽക്കുന്ന സ്ഥിതി ഉണ്ടായപ്പോൾ ഒരിക്കൽ ചന്ദ്രേട്ടൻ എന്നെ വിളിച്ച് പറഞ്ഞു, ” അടി കിട്ടുമെന്ന് ഉറപ്പുള്ള സമരങ്ങളിൽ എപ്പോഴും ഒരേ ആളുകൾ തന്നെ പോയി തല്ലു വാങ്ങേണ്ട ” .

ഇടക്കാലത്ത് സജീവ സംഘടനാ പ്രവർത്തനത്തിൽ നിന്ന് ഒഴിയാൻ താല്പര്യം പ്രകടിപ്പിച്ച എന്നെ പിന്തിരിപ്പിച്ചതും സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്നും ആ കഴിവ് സംഘടനയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും ശാസന സ്വരത്തിൽ ഉപദേശിച്ചതും ചന്ദ്രേട്ടനാണ്.
2000 ൽ എൻറെ ആദ്യത്തെ വിദേശയാത്ര ക്യൂബയിലേക്കാണ്. ആ യാത്രാ സംഘത്തിൽ അന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന ചന്ദ്രേട്ടനുമുണ്ട്. അദ്ദേഹത്തിൻറെയും ആദ്യത്തെ വിദേശ യാത്രയാണ്. യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ ചന്ദ്രേട്ടൻ ചട്ടം കെട്ടി, “രാജേഷേ, യാത്രയിൽ ഉടനീളം താൻ ഞങ്ങളോടൊപ്പം ഉണ്ടാവണം.

നമുക്ക് കുറേ സ്ഥലങ്ങളൊക്കെ പോയി കാണണം. അത് പറഞ്ഞുതരാനും വിശദമാക്കാനുമൊക്കെ താൻ ഒപ്പം ഉണ്ടാവണം. യാത്രയ്ക്ക് പറ്റിയ കമ്പനി ഉണ്ടായാലേ ശരിയാവൂ. വിജയരാഘവനോടൊപ്പം യാത്ര പോകാൻ രസമാണ്. അയാൾ നല്ല കമ്പനിയാണ്. പക്ഷേ അയാൾക്ക് അവിടെ തിരക്കായിരിക്കുമല്ലോ”. ക്യൂബയിൽ പോയി തിരിച്ചെത്തുന്നതുവരെ ഞാൻ ചന്ദ്രേട്ടനും ചാത്തുവേട്ടനുമൊപ്പം ആയിരുന്നു. ഹവാന നഗരം മുഴുവൻ നടന്നും ബസ്സിലുമായി കറങ്ങിയടിച്ചു കണ്ടു. ഫിദൽ കാസ്ട്രോയുടെ ഐതിഹാസികമായ അഞ്ചുമണിക്കൂർ പ്രസംഗം ഒരുമിച്ചു കേട്ടു. ചന്ദ്രേട്ടൻ ആ പ്രസംഗം മുഴുവൻ കേൾക്കുകയും ഇടയ്ക്ക് ചില കാര്യങ്ങളിൽ വ്യക്തത വരുത്താൻ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. ആവേശപൂർവ്വമാണ് ഹവാനയിൽ നടന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ ചന്ദ്രേട്ടൻ പങ്കെടുത്തത്. അന്ന് ബീഡി വലിക്കുന്ന ശീലം ഉണ്ടായിരുന്ന ചന്ദ്രേട്ടന് പ്രസിദ്ധമായ ഹവാന ചുരുട്ട് ഒരു കൗതുകമായി. എന്നാൽ ഹവാന ചുരുട്ട് ഒന്നോ രണ്ടോ പുക മാത്രമേ അദ്ദേഹത്തിന് എടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

ജില്ലാ സെക്രട്ടറി എന്ന നിലയിൽ പാലക്കാട്ടെ പാർട്ടിയുടെ കരുത്തുറ്റ നേതൃത്വം ആയിരുന്നു ചന്ദ്രേട്ടൻ. രാഷ്ട്രീയ എതിരാളികൾ സിപിഐഎം പ്രവർത്തകർക്ക് നേരെ വലിയ ആക്രമണങ്ങളും കൊലപാതക പരമ്പരകളും അഴിച്ചുവിട്ടപ്പോൾ സമചിത്തതയോടെ, എന്നാൽ ദൃഢചിത്തനായി ആക്രമണങ്ങളെല്ലാം നേരിടാൻ മുന്നിൽ നിന്ന് നയിച്ചത് ചന്ദ്രേട്ടൻ എന്ന ജില്ലാ സെക്രട്ടറി ആയിരുന്നു. ഒരു പ്രതിസന്ധിയിലും അദ്ദേഹം കുലുങ്ങിയില്ല. സംഘടനാ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത കണിശക്കാരനായിരുന്നു. സംഘടനാപരമായി ശരിയല്ലാത്ത എന്തെങ്കിലും കേൾക്കുകയോ കാണുകയോ ചെയ്താൽ അദ്ദേഹം കർക്കശമായി അരുതെന്ന് പറയും. അസാമാന്യമായ ആജ്ഞാശക്തിയായിരുന്നു അദ്ദേഹത്തിന്. പല കാര്യങ്ങളിലും വെട്ടൊന്ന് മുറി രണ്ട് എന്ന സമീപനം. എന്നാൽ കേഡർമാരെ കണ്ടെത്തുന്നതിലും അവരുടെ കഴിവുകൾ തിരിച്ചറിയുന്നതിലും അവരെ ശരിയായ ചുമതലകൾ ഏൽപ്പിക്കുന്നതിലും അദ്ദേഹത്തിനുള്ള ഉൾക്കാഴ്ചയും വൈഭവവും അമ്പരപ്പിക്കുന്നതായിരുന്നു. ഇന്ന് പാലക്കാട് ജില്ലയിലെ പാർട്ടിക്ക് നേതൃത്വം കൊടുക്കുന്ന എല്ലാ കേഡർമാരെയും, ഞാനടക്കമുള്ള ഒരു തലമുറയെ സംഘടനാപരമായി വാർത്തെടുത്തത് ചന്ദ്രേട്ടനാണെന്ന് നിസംശയം പറയാം. ഞങ്ങളുടെ തലമുറയെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും നയിച്ചത് ശിവദാസ മേനോൻ ആണെങ്കിൽ സംഘടനാപരമായി പരിശീലിപ്പിച്ചത് ചന്ദ്രേട്ടനാണ്. ചന്ദ്രേട്ടനോടൊപ്പം അന്ന് പ്രവർത്തിച്ചിരുന്ന മറ്റ് നേതാക്കൾക്കും ഇതിൽ പങ്കുണ്ട്.

പാർട്ടി ജില്ലാ സെക്രട്ടറിയായ ചന്ദ്രേട്ടൻ, ഉണ്ണിയേട്ടൻ എന്നിവർക്കൊപ്പം കുഞ്ഞിരാമൻ മാസ്റ്റർ സ്മാരകത്തിൽ ഒന്നിച്ചു പ്രവർത്തിച്ച അഞ്ചുവർഷം ജീവിതത്തിലെ സുവർണ്ണ കാലമായിട്ടാണ് എന്നും ഓർക്കാറുള്ളത്. ആ കാലയളവ് നൽകിയ പാഠങ്ങളും അനുഭവങ്ങളും പിന്നീടങ്ങോട്ട് വലിയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ ഊർജം നൽകി. 96ൽ എൽഡിഎഫ് അധികാരത്തിൽ വന്ന സമയത്ത് പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ചന്ദ്രേട്ടൻ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു എസ്എഫ്ഐക്കാർ ഒരുപാട് തല്ലുകൊണ്ടതിന്റെ കൂടി ഉൽപ്പന്നമാണല്ലോ എൽഡിഎഫ് സർക്കാർ. സഖാവ് ശിവദാസമേനോൻ നമ്മുടെ ജില്ലയിൽ നിന്നുള്ള മന്ത്രി ആണല്ലോ, അദ്ദേഹത്തിൻറെ സ്റ്റാഫിൽ എസ്എഫ്ഐയിൽ നിന്ന് ഒരാളെ ഉൾപ്പെടുത്താം. ആര് വേണമെന്ന് നിങ്ങൾ നിശ്ചയിച്ചാൽ മതി. അങ്ങനെയാണ് പട്ടാമ്പിയിലെ സഖാവ് കെ രാംകുമാറിന്റെ പേര് ഞങ്ങൾ ചന്ദ്രേട്ടനോട് നിർദ്ദേശിച്ചത്. ശിവദാസമേനോന്റെ സ്റ്റാഫ് അംഗമായിരിക്കെ ഒരു ബൈക്ക് അപകടത്തിൽ രാംകുമാർ നമ്മെ വിട്ടുപിരിഞ്ഞു. തുടർന്ന് എസ്എഫ്ഐയിൽ അന്ന് പ്രവർത്തിച്ചിരുന്ന എ സുരേഷിനെ നിർദ്ദേശിച്ചു. സുരേഷിനെ സ്റ്റാഫിൽ ഉൾപ്പെടുത്തുകയും ചെയ്തു. സുരേഷ് പിന്നീട് സഖാവ് വിഎസ് മുഖ്യമന്ത്രി ആയപ്പോൾ പി എ ആയി പ്രവർത്തിക്കുകയുണ്ടായി. എൽഡിഎഫ് ഗവൺമെൻറ് അധികാരത്തിൽ വന്നതിനു പിന്നിൽ എസ്എഫ്ഐ പ്രവർത്തകരുടെ ത്യാഗവും സഹനവും കൂടിയുണ്ടെന്ന് തിരിച്ചറിയുകയും ഓർമിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിൻറെ പ്രത്യേകത.

ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ ചിട്ടയും കാർക്കശ്യവും പാർട്ടി അച്ചടക്കവും കർശനമായി പാലിച്ചിരുന്നു. തൻറെ അഭിപ്രായം പാർട്ടി വേദികളിൽ മുഖം നോക്കാതെയും ശക്തമായും പറയും. തനിക്ക് നേരെയുള്ള വിമർശനങ്ങളെയും ക്ഷമയോടെ കേൾക്കും. അത് എത്ര പ്രായം കുറഞ്ഞ സഖാവ് ഉയർത്തുന്ന വിമർശനമാണെങ്കിലും സഹിഷ്ണുതയോടെ കേട്ടിരിക്കും. ഗ്രാമീണ വിശുദ്ധിയും കമ്മ്യൂണിസ്റ്റുകാരുടെ സവിശേഷ ഗുണങ്ങളുമെല്ലാം ചന്ദ്രേട്ടന്റെ വാക്കിലും പ്രവൃത്തിയിലും കാണാനാവും.

തന്നെക്കാൾ പ്രായത്തിൽ വളരെ ജൂനിയർ ആയവരുമൊക്കെ തനിക്കൊപ്പമോ തനിക്ക് മുകളിലോ പാർട്ടിയിൽ ഉയർന്നു വരുന്നതിൽ അദ്ദേഹത്തിന് സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് പലപ്പോഴും അഭിമാനത്തോടെയാണ് അദ്ദേഹം പറയാറുള്ളത്. 1995ലെ പാർട്ടി കൊല്ലം സംസ്ഥാന സമ്മേളനത്തിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു ഞാൻ. അന്ന് സമ്മേളനത്തിന്റെ ഇടവേളയിൽ അഷ്ടമുടി കായലിൽ ബോട്ടിങ്ങിനു പോയപ്പോൾ ചന്ദ്രേട്ടൻ എന്നെ വിളിച്ച് അടുത്തിരിക്കാൻ പറഞ്ഞു. എന്നിട്ട് ക്യാമറ ഉണ്ടായിരുന്ന മറ്റൊരു സഖാവിനോട് ഞങ്ങളുടെ ഒരു ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടു, ‘രാജേഷിന്റെ കൂടെ ഒരു ഫോട്ടോ ഇരിക്കട്ടെ . നാളെ വലിയ ആളാകുമ്പോൾ നമുക്ക് പറയാമല്ലോ’. അന്ന് അദ്ദേഹം എന്നെക്കാൾ എത്രയോ ഉയരത്തിലുള്ള നേതാവാണ്. ഞാൻ ഏറ്റവും ജൂനിയർ ആയ ഒരു പാർട്ടി പ്രവർത്തകനും. ആ മനോഭാവം ആയിരുന്നു അദ്ദേഹത്തിൻറെ ഏറ്റവും വലിയ പ്രത്യേകത.

പിന്നീട് പാർലമെൻറ് അംഗമായും മറ്റും പ്രവർത്തിക്കുമ്പോൾ ഒരുപാട് സന്ദർഭങ്ങളിൽ ചന്ദ്രേട്ടൻ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. പാർലമെൻറിൽ ഒരു നല്ല പ്രസംഗം നടത്തിയാൽ അല്ലെങ്കിൽ എൻറെ ഒരു ലേഖനം വായിച്ചാൽ, ടെലിവിഷൻ ചർച്ച കണ്ടാൽ വിളിച്ച് അഭിനന്ദിക്കുന്നതിൽ ഒരു പിശുക്കും അദ്ദേഹം കാട്ടിയിരുന്നില്ല. കോവിഡ് കാലത്ത് വൈറസ് കാലത്തെ വർഗ്ഗസമരം എന്ന ലേഖനം ഞാൻ ചിന്തയിൽ എഴുതി. അതു വായിച്ച് എന്നെ വിളിച്ച് ഒരുപാട് സംസാരിച്ചതും അഭിപ്രായങ്ങൾ പറഞ്ഞതും ഓർക്കുകയാണ്. ഏറ്റവും ഒടുവിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ടുതവണ മത്സരിച്ചവർ മത്സരിക്കേണ്ടതില്ല എന്ന വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് ഞാൻ തൃത്താലയിൽ മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചപ്പോൾ അത് ഏറ്റവും ഉചിതമായ തീരുമാനം എന്നു പറഞ്ഞ് ഏറ്റവും ആവേശത്തോടെ സ്വീകരിച്ചത് ചന്ദ്രേട്ടനാണ്.

അന്ന് ചന്ദ്രേട്ടൻ പറഞ്ഞു, ‘മലമ്പുഴയിലെ ഷൊർണൂരിലോ ആണെങ്കിൽ താൻ മത്സരിക്കേണ്ടതില്ല. പക്ഷേ, തൃത്താലയിൽ താൻ മത്സരിക്കണം. അത് പാർട്ടിയുടെ ആവശ്യമാണ്’. കൈവിട്ടുപോയ തൃത്താല മണ്ഡലം തിരിച്ചുപിടിക്കണം എന്നത് അദ്ദേഹത്തിൻറെ ദൃഢനിശ്ചയമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ തൃത്താലയുടെ മുഖ്യ ചുമതലക്കാരനും ചന്ദ്രേട്ടൻ ആയിരുന്നു. മണ്ഡലം തിരിച്ചു പിടിക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്റെ പട മുന്നിൽ നിന്ന് നയിച്ച നായകനായിരുന്നു ചന്ദ്രേട്ടൻ. എണ്ണയിട്ട യന്ത്രം പോലെ സംഘടനാ സംവിധാനത്തെ അദ്ദേഹം ചലിപ്പിച്ചു. വോട്ടിന്റെയും ഭൂരിപക്ഷത്തിന്റെയും കാര്യത്തിൽ അദ്ദേഹത്തിൻറെ കണക്കുകൂട്ടലുകൾ അക്ഷരംപ്രതി ശരിവച്ചുകൊണ്ടുള്ള വിജയം തൃത്താലയിലെ ജനങ്ങൾ എൽഡിഎഫിന് സമ്മാനിക്കുകയും ചെയ്തു. അതിൽ അങ്ങേയറ്റം ആഹ്ളാദവാനും ആവേശഭരിതനുമായിരുന്നു ചന്ദ്രേട്ടൻ. അദ്ദേഹം നടത്തിയ അവസാനത്തെ പ്രധാന രാഷ്ട്രീയ പ്രവർത്തനവും അതായിരുന്നു. അതിനുശേഷം ഒരു ദിവസം എന്നെയും സഖാക്കളെയും വിളിച്ചിരുത്തി തൃത്താലയിൽ നടത്തേണ്ട വികസന പ്രവർത്തനം സംബന്ധിച്ച് ചർച്ച നടത്തുകയും ഒരു രൂപരേഖ ഉണ്ടാക്കുകയും ചെയ്തു. അതിനുശേഷം രോഗം കടുത്തു. പിന്നീട് സജീവമായി പാർട്ടി യോഗങ്ങളിലോ പ്രവർത്തനങ്ങളിലോ സജീവമായി നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

രോഗബാധിതനായി വിശ്രമിക്കുമ്പോൾ ഏറെക്കുറെ പതിവായി ഞാൻ അദ്ദേഹത്തെ വീട്ടിൽ ചെന്ന് കാണുമായിരുന്നു. ധാരാളം സംസാരിച്ചിരിക്കും. ഓരോ തവണ കാണുമ്പോഴും അദ്ദേഹം സന്തോഷവാനായിരുന്നു. വന്നു കാണുന്നതിൽ, സംസാരിക്കുന്നതിൽ, പഴയ ഓർമ്മകൾ പങ്കുവയ്ക്കുന്നതിൽ വലിയ സന്തോഷം അദ്ദേഹം കണ്ടെത്തിയിരുന്നു. 90കളുടെ തുടക്കത്തിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനം അവസാനിപ്പിക്കാൻ ശ്രമിച്ച എന്നെ പിന്തിരിപ്പിച്ച അതേ ചന്ദ്രേട്ടൻ ജീവിതത്തിൻറെ അവസാനകാലത്ത് തൃത്താലയിലെ എന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൻറെ കൂടി നേതൃത്വം വഹിച്ച് വിജയത്തിലേക്ക് നയിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലം എൻറെ ജീവിതത്തിലെ വളരെ നിർണായകമായ പല ഘട്ടങ്ങളിലും സ്വാധീനം ചെലുത്തിയ സഖാക്കളുടെ കൂട്ടത്തിൽ വളരെ പ്രധാനപ്പെട്ട ആളാണ് വിടപറഞ്ഞത്. അതുണ്ടാക്കുന്ന വേദനയും ശൂന്യതയും വാക്കുകൾ കൊണ്ട് വിവരിക്കാവുന്നതല്ല. ഉശിരനായ കമ്മ്യൂണിസ്റ്റ് സഖാവ് ചന്ദ്രേട്ടന് വിട. ലാൽസലാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News