ലഹരി വ്യാപിക്കുകയാണെന്ന പ്രതിപക്ഷ പ്രചാരണം വസ്തുതാവിരുദ്ധം; കണക്കുകൾ ഉൾപ്പടെ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

കേരളം മുഴുവൻ ലഹരി വ്യാപിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം വസ്തുതാവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി എം ബി രാജേഷ്. കേരളത്തിലെ മദ്യ ഉപഭോഗം ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്നും കേരളത്തിലെ മദ്യ ഉപഭോഗം 12.4 ശതമാനമാണെന്നും ദേശീയ ശരാശരിയെക്കാൾ കുറവാണെന്നും മന്ത്രി കണക്കുകൾ പ്രകാരം വ്യക്തമാക്കി. അതുപോലെ മദ്യപാനവും യുഡിഎഫ് കാലത്തെ അപേക്ഷിച്ച് എൽഡി എഫ് ഭരണത്തിൻ കീഴിൽ കുറവാണെന്നും മന്ത്രി വ്യക്തമാക്കി.ഫേസ്ബുക്കിലൂടെയാണ് എം ബി രാജേഷ് ഇക്കാര്യം കണക്കുകൾ ഉൾപ്പടെ പങ്കുവെച്ചത്.

also read: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ശബ്ദവോട്ടോടെ തള്ളി

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം
നുരയുന്ന നുണ ലഹരിയും ചില വസ്തുതകളും
കേരളം മുഴുവൻ ലഹരി വ്യാപിക്കുകയാണ് എന്നും, ജനങ്ങളിൽ ഭൂരിഭാഗവും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ് എന്നുമുള്ള മട്ടിൽ പ്രതിപക്ഷം അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രചാരണം നടത്തിവരികയാണല്ലോ. കേരളത്തിന്റെ വരുമാനം മദ്യത്തെ ആശ്രയിച്ചാണ് എന്ന നുണയും ഏറെ കാലമായി കേള്‍ക്കുന്നതാണ്. ചില വസ്തുകള്‍ നമുക്കൊന്ന് നോക്കാം.
1. മദ്യ ഉപഭോഗത്തിന്റെ ദേശീയ ശരാശരി 14.6 ശതമാനമാണ്. കേരളത്തിലെ മദ്യ ഉപഭോഗം 12.4%, അതായത് ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. ഇനി മദ്യ ഉപഭോഗത്തിന്റെ ദേശീയ ശരാശരിയിൽ മുൻപിൽ നിൽക്കുന്ന സംസ്ഥാനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഛത്തീസ് ഗഡ് 35.6%, ത്രിപുര 34.7%,പഞ്ചാബ് 28.5% ഇങ്ങനെ നീളുന്നു. ഛത്തീസ് ഗഡിലെ ജനസംഖ്യയിൽ മദ്യപിക്കുന്നവരുടെ അനുപാതം കേരളത്തിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ്. കേരളം മദ്യപിക്കുന്ന ശീലത്തിൽ ഇരുപത്തിയൊന്നാം സ്ഥാനത്താണ്. മദ്യപാനശീലത്തിൽ ഒന്നാമതുള്ള ഛത്തീസ്ഗഡിൽ കോൺഗ്രസ് സർക്കാർ മദ്യമൊഴുക്കുകയാണ് എന്ന് കേരളത്തിലെ കോൺഗ്രസ് നേതൃത്വം പറയുമോ? (source- Magnitude of Substance use in India 2019)
2. മയക്കുമരുന്ന് ഉപഭോഗത്തിന്റെ കണക്കും ഇതുപോലെ തന്നെയാണ്. കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ദേശീയ ശരാശരി 1.2 ശതമാനമാണ്. കേരളത്തിലിത് 0.1%.കഞ്ചാവായാലും സിന്തറ്റിക് മയക്കുമരുന്നായാലും ഉപയോഗത്തിൽ അവസാന മൂന്ന് സ്ഥാനങ്ങളിലാണ് കേരളത്തിന്റെ സ്ഥാനം (source- Magnitude of Substance use in India 2019)
3. ചില്ലറ മദ്യ വിൽപ്പന ശാലകളുടെ എണ്ണം കേരളത്തിന്റെ അയൽസംസ്ഥാനങ്ങളുടെ എണ്ണവുമായി ഒന്ന് താരതമ്യം ചെയ്യാം. കേരളത്തിൽ ബെവ്കോ-കൺസ്യൂമർഫെഡ് ഔട്ട് ലറ്റുകള്‍ 309, തമിഴ്നാട്ടിൽ 5329, ഇതിൽ 500 എണ്ണം പൂട്ടാൻ പോകുന്നു. കർണാടകയിൽ 3980. കേരളത്തിന്റെ 17 ഇരട്ടി വരും തമിഴ്നാട്ടിലേത്. കർണാടകയിൽ 13 ഇരട്ടിയാണ് ചില്ലറ വിൽപ്പന ശാലകളുടെ എണ്ണം. ജനസംഖ്യ കൂടി കണക്കിലെടുക്കണമെന്ന വിതണ്ഡവാദം ഉയർന്നേക്കാം. കേരളത്തിന്റെ 16 ഇരട്ടിയും 13 ഇരട്ടിയും ജനസംഖ്യ തമിഴ്നാട്ടിലും കർണാടകയിലും ഏതായാലും ഇല്ലല്ലോ? കേരളത്തിൽ ഔട്ട് ലറ്റുകളുടെ എണ്ണം ഒരു ലക്ഷം പേർക്ക് ഒന്ന് എന്ന നിലയിലാണെങ്കിൽ, തമിഴ്നാട്ടിലിത് 13000 പേർക്ക് ഒന്ന്, കർണാടകയിൽ 17000 പേർക്ക് ഒന്നുമാണ് എന്ന കാര്യവും ഓർക്കണം.
4. ഇനി കേരളത്തിലെ മദ്യപാനം കൂടി വരുകയാണോ എന്ന് പരിശോധിക്കാം. പത്ത് വർഷം മുൻപ് യുഡിഎഫ് കാലത്ത് 2012-13ൽ കേരളത്തിൽ വിറ്റത് 244.33 ലക്ഷം കെയ്സ് വിദേശമദ്യമായിരുന്നു. ഇക്കഴിഞ്ഞ വർഷം 2022-23ൽ കേരളത്തിൽ വിറ്റതോ, 224.34 ലക്ഷം ലിറ്റർ മാത്രം. അതായത് 19.99 ലക്ഷം കെയ്സ് അഥവാ 179.91 ലക്ഷം ലിറ്ററിന്റെ കുറവാണ് പത്ത് വർഷം കൊണ്ട് കേരളത്തിലുണ്ടായത്. 8.1ശതമാനം കുറവ് 10 വർഷം കൊണ്ട് രേഖപ്പെടുത്തി. ഒരു വർഷത്തെ മാത്രം കണക്കല്ല ഇത്. 2011-12 മുതൽ 2015-16 വരെയുളള യുഡിഎഫ് കാലത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ ആകെ വിൽപ്പന, 1149 ലക്ഷം കെയ്സാണ്. എന്നാൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് (2016-17 -2020-21) ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിൽപ്പന 1036 ലക്ഷം കെയ്സ്. 112 ലക്ഷം കെയ്സിന്റെ കുറവ് (9.79%), അതായത്‌ 1072 ലക്ഷം ലിറ്റർ
5. അടുത്തതായി വരുമാനത്തിന്റെ കാര്യം. കേരളത്തിന്റെ തനത് വരുമാന സ്രോതസുകളിൽ ഏറ്റവും കുറഞ്ഞത് എക്സൈസ് വരുമാനമാണ്. സംസ്ഥാന ആഭ്യന്തര ഉദ്പാദനത്തിന്റെ 0.3% മാത്രം. ഏറ്റവും ഉയർന്ന എക്സൈസ് വരുമാനം ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിന്റേതാണ് 2.4%. പിന്നെ കോൺഗ്രസ് ഭരിക്കുന്ന കർണാടകയും ആംആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബും. എക്സൈസ് വരുമാനത്തിൽ കേരളം ഇരുപത്തി മൂന്നാം സ്ഥാനത്താണ്. അതായത് മദ്യത്തിൽ നിന്നുള്ള വരുമാനത്തിൽ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം (source- State budget documents PRS)
6. മദ്യത്തിന് എക്സൈസ് ടാക്സ് മാത്രമല്ല വിൽപ്പന നികുതിയുമുണ്ട് എന്നത് ശരിയാണ്. അതുകൂടി ചേർത്താലും മദ്യത്തിൽ നിന്ന് കഴിഞ്ഞ വർഷം ലഭിച്ച വരുമാനം കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 13.4% മാത്രമാണ്. കേരളത്തിന്റെ മുഖ്യവരുമാനം മദ്യത്തിൽ നിന്നല്ല എന്ന് വ്യക്തം. വലിയവായിൽ മദ്യവിരുദ്ധ പ്രസംഗം നടത്തുന്ന യുഡിഎഫിന്റെ ഭരണകാലത്ത്‌ 2012-13ൽ മദ്യത്തിൽ നിന്നുള്ള വരുമാനം 18.21 ശതമായിരുന്നു. അവിടെ നിന്നാണ്‌‌ മദ്യവരുമാനത്തിന്റെ ശതമാനം ഇപ്പോൾ 13.4%മായി കുറയുന്നത്‌. മദ്യ ഉപഭോഗവും മദ്യത്തിൽ നിന്നുള്ള വരുമാനത്തിന്റെ ശതമാനവും യുഡിഎഫ് സർക്കാരിന്റെ കാലത്തേതിൽ നിന്ന് ക്രമാനുഗതമായി കുറയ്ക്കുകയാണ് എൽഡിഎഫ് സർക്കാരെന്ന് കാണാം. കേരളം മദ്യവരുമാനത്തെ ആശ്രയിക്കുന്നത് കുറഞ്ഞുവരുന്നു എന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതാണ് വസ്തുത എന്നിരിക്കെയാണ് കേരളത്തിൽ മദ്യവും മയക്കുമരുന്നും സുലഭമാണ് എന്നും കേരളത്തിന്റെ വരുമാനം മദ്യത്തെ ആശ്രയിച്ചാണ് എന്നെല്ലാമുള്ള പതഞ്ഞുയരുന്ന നുണകള്‍ പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ദേവസ്വം വരുമാനം മുഴുവൻ സർക്കാർ കയ്യടക്കുന്നുവെന്ന പൊളിഞ്ഞ നുണപ്രചാരണത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇക്കാര്യത്തിലും നടക്കുന്ന പ്രചാരണം.

also read: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ മേഘവിസ്ഫോടനം; ഒരു മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News