
എംബിഎ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വീഴ്ച വരുത്തിയ അധ്യാപകൻ പ്രമോദിനെതിരെ ശക്തമായ നടപടിക്ക് ശുപാർശ. രജിസ്ട്രാറുടെ റിപ്പോർട്ടിലാണ് ശുപാർശ നൽകിയിരിക്കുന്നത്. അധ്യാപകനെ നിലവിൽ താൽക്കാലികമായി സ്ഥാപനം മാറ്റി നിർത്തിയിരിക്കുകയാണെന്നും ഇത് മതിയാകില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അധ്യാപകന്‍റെയും അധ്യാപകന്‍റെ സ്ഥാപന ഡയറക്ടറുടെയും മൊഴികളിൽ വൈരുദ്ധ്യമുണ്ട്. ഇതിൽ വ്യക്തത വരാൻ സമഗ്രമായ പോലീസ് അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
രജിസ്ട്രാറുടെ റിപ്പോർട്ട് വൈസ് ചാൻസലർക്ക് കൈമാറി. അധ്യാപകർക്കായി എൻട്രോൾമെന്റ് രജിസ്റ്റർ തയ്യാറാക്കണം. ഇതിൽ രജിസ്റ്റർ ചെയ്യുന്ന അധ്യാപകർക്ക് പ്രത്യേക ഐഡി നൽകും. ഇവർ മാത്രമേ മൂല്യനിർണയം നടത്താൻ പാടുള്ളൂ എന്നും നിർദേശമുണ്ട്. സർവ്വകലാശാലയുടെ പരീക്ഷ – മൂല്യനിർണയ സമ്പ്രദായം സമഗ്രമായി പരിഷ്കരിക്കണം. ഇത് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കണമെന്നും ശുപാർശയുണ്ട്.
ഉത്തരക്കടലാസുകൾ നഷ്ടമായതിനെ തുടർന്നു കേരള സർവകലാശാല എംബിഎ മൂന്നാം സെമസ്റ്റർ പുനഃപരീക്ഷ നടത്തിയിരുന്നു. 2024 മേയിൽ നടന്ന എംബിഎ മൂന്നാം സെമസ്റ്റർ പ്രോജക്ട് ഫിനാൻസ് പരീക്ഷയെഴുതിയ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണു നഷ്ടപ്പെട്ടത്. അധ്യാപകൻ മൂല്യനിർണയത്തിനായി കൊണ്ടുപോകവേ യാത്രയ്ക്കിടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here