
ഫിഫ ലോകകപ്പിലെ ഐ ഗ്രൂപ്പിലെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സെനഗലിനെ തകർത്ത് ഫ്രാൻസ്. ന്യൂ യോർക്കിൽ നടന്ന മത്സരത്തിൽ സെനഗലിന്റെ പോരാട്ടവീര്യത്തെ കൃത്യത കൊണ്ടാണ് ഫ്രാൻസ് മറികടന്നത്. രണ്ടു ഗോളുകൾ നേടി എംബപ്പേ ഫ്രാൻസിനെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു.ആദ്യ പകുതിയിൽ സെനഗലിന്റെ വന്യമായ ആക്രമണങ്ങൾക്ക് മുന്നിൽ പതറിയ ഫ്രാൻസ് രണ്ടാം പകുതിയിൽ മികച്ച തിരിച്ചു വരവാണ് നടത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ആക്രമിച്ചു തുടങ്ങിയത് സെനഗൽ ആയിരുന്നു. എന്നാൽ മറുവശത്ത് എംബപ്പേയുടെ നേതൃത്വത്തിൽ ഫ്രാൻസും പ്രത്യാക്രമണങ്ങൾക്കു ശ്രമിച്ചു കൊണ്ടിരുന്നു. റയൽ മാഡ്രിഡ് താരത്തിന്റെ ഒരു മുന്നേറ്റം പെനാൽറ്റി ബോക്സിനുള്ളിലെ ഒരു ഹൈ റിസ്ക് ടാക്ലിങ്ങിലൂടെയാണ് സെനഗൽ മുടക്കിയത്. നീലപ്പട പെനാൽറ്റിക്കായി നടത്തിയ മുറവിളി വിലപ്പോയില്ല. തൊട്ടുപിന്നാലെ ഒരു ത്രൂ പാസിൽ നിന്നും എംബാപ്പെ തന്നെ നടത്തിയ മുന്നേറ്റം 62ആം മിനുട്ടിൽ സെനഗലിന്റെ ഗോളി വിഫലമാക്കി.
Also Read: ഫിഫ ലോകകപ്പ് 2026: ഫ്രാൻസിന് സെനഗലിന്റെ പൂട്ട്; ആദ്യ പകുതിയിൽ ഗോളടിക്കാനാവാതെ ഇരു ടീമുകളും
പക്ഷെ അധികം വൈകാതെ ഫ്രഞ്ച് ആക്രമണങ്ങൾക്കു ഫലം കണ്ടു. പെനാൽറ്റി ബോക്സിനു പുറത്ത് നിന്നും കൗണ്ടേയിൽ നിന്നും ലഭിച്ച പാസ്സ് ഗോളിയെ വെട്ടിച്ച് എംബാപ്പെ 66 ആം മിനുട്ടിൽ വലയിൽ എത്തിച്ചു. തൊട്ടുപിന്നാലെ സെനഗൽ ഫ്രഞ്ച് ഗോൾവല കുലുക്കിയെങ്കിലും ലൈൻ റഫറി കോടി ഉയർത്തി കഴിഞ്ഞിരുന്നു. ഗോൾ വഴങ്ങിയതിന്റെ ആഘാതത്തിൽ നിന്നും സെനഗൽ മോചിതരാകുന്നതിനു മുൻപ് തന്നെ 82ആം മിനുട്ടിൽ ബ്രാഡ്ലി ബാർകോള ഫ്രാൻസിന്റെ ലീഡ് ഉയർത്തി.എന്നാൽ തോറ്റുകൊടുക്കാൻ സെനഗൽ തയ്യാറായില്ല. അധികസമയത്തു ഇലൈമാൻ ഇണ്ടായേ നൽകിയ പാസിൽ നിന്നും എംബയെ സെനഗലിനായി ഗോൾ മടക്കി. പക്ഷെ നിമിഷങ്ങൾക്കകം ഒരു ലോങ്ങ് വോളിയിലൂടെ എംബപ്പേ സെനഗലിന്റെ മൂന്നാം ഗോൾ നേടി. ഇതോടെ ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ താരം മെസ്സിയെ മറികടന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

