
ലോകകപ്പ് ആവേശം ഇതാ ക്വാർട്ടർ ഫൈനലിലേക്ക് കടന്നിരിക്കുന്നു. ഫ്രാൻസും മൊറോക്കോയും തമ്മിലായിരുന്നു ആദ്യ പോരാട്ടം. 2-0 ന് വിജയിച്ച് ഫ്രഞ്ച് പട സെമിഫൈനൽ ടിക്കറ്റ് നേടി. എന്നാൽ ലോകകപ്പ് ചരിത്രത്തിൽ എംബപെ ആദ്യമായി പെനൽറ്റി പാഴാക്കുന്നതിനും ലോകം ഇന്ന് സാക്ഷ്യംവഹിച്ചു.
അത് വലിയ വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. ഫുട്ബോൾ മൈതാനത്തിലെ അർജന്റീനയും ഫ്രാൻസും തമ്മിലുള്ള വൈരം എല്ലാവർക്കും അറിയാവുന്നതാകും. 2022 ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയും എംബപെയും തമ്മിൽ നടന്ന ഇതിഹാസ പോരാട്ടം പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള കടുത്ത ശത്രുതയിലേക്ക് വഴിമാറിയിരുന്നു. 2026 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഫ്രാൻസും മൊറോക്കോയും നേർക്കുനേർ വന്നപ്പോൾ മത്സരനിയന്ത്രണം ഒരു അർജന്റീനിയൻ റഫറിക്ക് ഫിഫ നൽകിയത് ആദ്യംമുതൽ ചർച്ചയായിരുന്നു.
ഫ്രഞ്ച് നായകൻ കിലിയൻ എംബപെ പെനൽറ്റി കിക്ക് മിസാക്കിയതിൽ റഫറിക്കെതിരെ ആരാധകർ രംഗത്തെത്തിക്കഴിഞ്ഞു. പെനൽറ്റി എടുക്കാൻ വേണ്ടി എംബപെയ്ക്ക് കാത്തുനിൽക്കേണ്ടി വന്നത് ‘3 മിനിറ്റ് 11 സെക്കൻഡ്’ ആണ്. അർജന്റീനിയൻ റഫറി ഫക്കുണ്ടോ ടെല്ലോ ബോധപൂർവം എംബപെയെ മാനസിക സമ്മർദത്തിലാക്കിയോ, ഫിഫയും അർജന്റീനയും ചേർന്നുള്ള ഒരു ഗൂഢാലോചനയാണോ ഇത് തുടങ്ങിയ ചർച്ചകളാണ് ഇപ്പോൾ തകൃതിയായി നടക്കുന്നത്.
മത്സരത്തിന്റെ 25-ാം മിനിറ്റിലാണ് സംഭവങ്ങളുടെയെല്ലാം തുടക്കം. മൊറോക്കോ ബോക്സിനുള്ളിലേക്ക് പന്തുമായി പാഞ്ഞ എംബപെയെ ഡിഫെൻഡർ നൗസെയർ മസ്റൗയി ഫൗൾ ചെയ്ത് വീഴ്ത്തിയതോടെ റഫറി പെനൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. പക്ഷേ പെനൽറ്റി എടുക്കാൻ അനുവാദം നൽകാതെ വാർ പരിശോധനയ്ക്കായി കാത്തുനിന്നു. വിഎആർ റൂമിലിരുന്ന ഹെർനാൻ മാസ്ട്രാഞ്ചലോയും ഒരു അർജന്റീനക്കാരനായിരുന്നു.
സാധാരണഗതിയിൽ വ്യക്തമായ ഒരു ഫൗളിൽ വാർ പരിശോധന സെക്കൻഡുകൾക്കുള്ളിൽ അവസാനിക്കുമെന്നിരിക്കെ റഫറി – വാർ ചർച്ച ഇവിടെ നീണ്ടുപോയി. ഒരു പെനൽറ്റി ടേക്കറുടെ ഏകാഗ്രത തകർക്കാൻ എംബപെയ്ക്ക് കാത്തുനിൽക്കേണ്ടി വന്ന 3 മിനിറ്റും 11 സെക്കൻഡും ധാരാളമായിരുന്നു. മൂന്നിലേറെ മിനിറ്റിന് ശേഷം റഫറിയുടെ വിസിൽ മുഴങ്ങിയപ്പോൾ, എംബപെ തന്റെ വലതുവശത്തേക്ക് തൊടുത്ത കിക്ക് മൊറോക്കൻ കീപ്പർ യാസിൻ ബോണു തട്ടിയകറ്റി. ലോകകപ്പ് ചരിത്രത്തിൽ തന്നെ എംബപെ പാഴാക്കിയ ആദ്യ പെനൽറ്റി. കിക്കിന് ശേഷം എംബപെ റഫറിയോട് കയർത്തു സംസാരിക്കുന്നതും നമ്മൾ കണ്ടു. മാനസികമായി താരം അസ്വസ്ഥനായിരുന്നു എന്നതിന്റെ തെളിവ് കൂടിയായിരുന്നു അത്.
ഇതെല്ലാം അർജന്റീനിയൻ റഫറിയുടെ ‘സൈക്കോളജിക്കൽ മൂവ്’ ആണെന്ന വാദമാണ് ആരാധകർ ഉയർത്തുന്നത്. ഇത്തരം നീണ്ട കാത്തുനിൽപ്പിനെതിരെ ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ നോർവേയുടെ എർലിങ് ഹാലണ്ടും പരസ്യമായി രംഗത്തെത്തി. റഫറി കിക്കെടുക്കാൻ വൈകിപ്പിക്കുമ്പോൾ, ഗോൾകീപ്പർ യാസിൻ ബോണുവിന് എംബപെയുടെ ശരീരഭാഷ ശ്രദ്ധിക്കാനും തന്റെ തന്ത്രങ്ങൾ മെനയാനും കൂടുതൽ സമയം ലഭിച്ചെന്നും മറുവശത്ത് ഈ കാലതാമസം എംബപെയുടെ മനസിൽ സമ്മർദവും അനാവശ്യ ചിന്തകളും
ഉണ്ടാക്കിയെന്നും വ്യാപക വിമർശനം ഉയരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

