കൊട്ടിയത്ത് ടൂറിസ്റ്റ് ബസിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ബംഗളൂരിൽ നിന്നും തിരുവനന്തപുരം വഴി കൊല്ലത്തേക്ക് വന്ന ടൂറിസ്റ്റ് ബസിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി. കൊട്ടിയം പൊലീസ് ശനിയാഴ്ച നടത്തിയ വാഹന പരിശോധനയിലാണ് ബസ് യാത്രക്കാരായ യുവാക്കളിൽ നിന്നും നിരോധിത മയക്കുമരുന്ന് പിടികൂടിയത്. മങ്ങാട് മുന്തോളിമുക്ക് നിഖി വില്ലയിൽ നിഖിൽ സുരേഷ് (30), കൊട്ടിയം പാറക്കുളം വലിയ വിള വീട്ടിൽ മൻസൂർ (31)എന്നിവരാണ് പിടിയിലായത്.

നിഖിലിൻ്റെ പക്കൽ നിന്നും 27 ഗ്രാം എംഡിഎംഎയും മൻസൂറിൻ്റെ പക്കൽ നിന്നും 26 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. മൻസൂറിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന എംഡിഎംഎ കണ്ടെത്തിയത്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർ മെറിൻ ജോസഫിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തായിരുന്നു പരിശോധന. ചത്തന്നൂർ അസി. പൊലീസ് കമ്മീഷ്ണർ ഗോപകുമാർ ബി യുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ വിനോദ് പി ,ജയകുമാർ വി ,ശിവകുമാർ വി ,എസ്ഐമാരായ സുജിത്ത് ജി നായർ രാധാകൃഷ്ണൻ നായർ, റെനോക്സ് റ്റി, അരുൺ ഷാ, ജോയി റ്റി, സിപിഒമാരായ പ്രകാശ്, അരുൺദേവ് ,അംജിത്ത് എന്നിവർക്ക് ഡാൻസാഫ് സബ് ഇൻസ്പെക്ടർ ജയകുമാർ ഡിയുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങൾ എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത് .

സ്കൂൾ തുറന്നതിനെ തുടർന്ന് ഒരാഴ്ചയായി കൊല്ലം നഗരത്തിൽ നടക്കുന്ന ലഹരി പരിശോധനയുടെ ഭാഗമായി ചാത്തന്നൂർ സബ് ഡിവിഷനിൽ നടക്കുന്ന രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞയാഴ്ച പാരിപ്പള്ളി ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിൽ ചാത്തന്നൂർ സ്വദേശി സനോജിൽ നിന്നും 20 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഡോക്ടർമാർ മണിക്കൂറുകൾ നീണ്ട ശ്രമഫലമായി ഒരാളുടെ ശരീരത്തിനുള്ളിൽ ഏഴ് ഗർഭനിരോധന ഉറകളിലായി സൂക്ഷിച്ച എംഡിഎംഎ പൂർണ ദേഹ പരിശോധന നടത്തി പുറത്തെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here