
ടി ജെ ശ്രീലാൽ
‘നേര്’ പറഞ്ഞ് കേട്ടിട്ട് കുറച്ചായി.
‘നിർഭയം’ എന്നത് അവകാശവാദം മാത്രം.
‘നിരന്തരം’ പ്രകടിപ്പിക്കുന്നത് ഒരു വിഭാഗത്തിന് എതിരെയുള്ള വികാരം.
ഇന്നലത്തെ വിഷയം –
ദില്ലിയിൽ നടന്നത് ‘ രക്ഷാപ്രവർത്തനമോ?’
കുറുവടികളും, ആറ് അടി നീളുന്ന ഫൈബർ/മുള ലാത്തികളും ഉപയോഗിച്ച് വിദ്യാർത്ഥികളെ ഡൽഹി പൊലീസ് ഒടിച്ചിട്ട് തല്ലി ചതയ്ക്കുന്ന ദൃശ്യങ്ങൾ കാണിച്ചായിരുന്നു തുടക്കം.
ദൃശ്യങ്ങൾ നിർഭയം കാണിച്ചപ്പോൾ ചർച്ച കാണാനുള്ള കൗതുകമുണ്ടായി. വാസ്തവം.
പക്ഷെ തുടങ്ങിയപ്പോൾ തന്നെ മനസിലായി ദൃശ്യങ്ങളിൽ കണ്ട നേര് ചർച്ചയിൽ ഉണ്ടാകില്ലെന്ന്.
ആദ്യ വരി “ ദില്ലിയിൽ കണ്ടത് കേരള മോഡൽ രക്ഷാപ്രവർത്തനമോ?”.
രാവിലെ മുതൽ ദില്ലിയിലെ തെരുവുകളിൽ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും മറ്റ് പ്രതിഷേധക്കാരെയും തലങ്ങും വിലങ്ങും ഓടിച്ചിട്ട് തല്ലി യജമാന ഭക്തിയും സേവനവും ദയയും ദാർക്ഷണ്യവുമില്ലാതെ നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡെൽഹി പൊലീസിന്റെ നരവേട്ടയും, നവകേരള യാത്രയ്ക്കിടെ നടന്ന ഒറ്റപ്പെട്ട പൊലീസ് അതിക്രമവും തമ്മിൽ എന്ത് ബന്ധം.
സിജെപിയും, എസ്എഫ്ഐയും, ഐസയുമൊക്കെ ജന്തർ മന്തറിൽ നടത്തുന്ന സമരം രാഷ്ട്രീയം ലക്ഷ്യമിട്ടുള്ള കരിങ്കൊടി പ്രതിഷേധമല്ല. ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ അവകാശ സംരക്ഷണ സമരമാണ്. വീഴ്ച ഏറ്റെടുത്ത് കേന്ദ്രവിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ഉന്നിയിച്ചുള്ള പ്രതിഷേധമാണ്. ആ പ്രതിഷേധക്കാരുടെ തലയാണ് ദില്ലി പൊലീസ് കുറുവടിയും ലാത്തിയും കൊണ്ട് തല്ലിപൊട്ടിച്ചത്.
മൂന്നോ മുന്നൂറോ പേരല്ല, പ്രതിഷേധത്തിന് എത്തിയത് ആയിരങ്ങളാണ്. അവരുടെ മുന്നിൽ പരാജയപ്പെട്ട് ദില്ലി പൊലീസിന് പിന്മാറേണ്ടി വന്നപ്പോൾ, പാർലമെന്റ് കവാടം മണിക്കൂറുകൾ അടിച്ചിടേണ്ടി വന്നപ്പോൾ സൗത്ത്ബ്ലോക്കിലെ യജമാനൻമാർക്കേറ്റ അഭിമാനക്ഷതത്തിനുള്ള പ്രായശ്ചിത്തമാണ് വൈകിട്ട് ജന്തർ മന്തറിൽ നടത്തിയ നരവേട്ട.
ആ നരവേട്ടയെ കുറിച്ചാണ് നേര് മറച്ച് പിടിച്ച് നിർലജ്ജം ചോദിച്ചത് “ ദില്ലിയിൽ കണ്ടത് കേരള മോഡൽ രക്ഷാ പ്രവർത്തനമോ?” എന്ന്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

