
സത്യം ചെരുപ്പിടുമ്പോഴേക്കും നുണ ലോകം ചുറ്റി എത്തിയിരിക്കും. ഉത്തരാധുനിക കാലത്ത് സത്യത്തെക്കാൾ പ്രചാരം ലഭിക്കുക കള്ളങ്ങൾക്കായിരിക്കും എന്ന ആത്മവിശ്വാസത്തിലായിരിക്കും മീഡിയാവൺ എന്ന മാധ്യമ സ്ഥാപനം അവരുടെ ഇരുട്ടുമുറി ചർച്ച എന്ന കുപ്രസിദ്ധി നേടിയ പരിപാടിയിൽ സ്വരാജിനെതിരെ കല്ലുവച്ച നുണകളുടെ അമ്പുകൾ എയ്തത്.
എന്നാൽ വിഷലിപ്തമായ ഈ പരിപാടി പൊതുമണ്ഡലത്തിലേക്ക് ഉൾക്കൊള്ളിക്കുന്ന അപകടകരമായ ആശയങ്ങളെ പറ്റി ജാഗരൂകരായി മറ്റു ചില മനുഷ്യരും ഇവിടെ ഉണ്ടെന്നുള്ള കാര്യം മീഡിയാ വൺ എന്ന ചാനലിന്റെ ഫ്ലോറിൽ ഇരുന്നവർക്ക് അറിയുന്നുണ്ടായിരുന്നില്ല. അവാസ്തവങ്ങൾ എല്ലാം തന്നെ അവരുടെ തന്നെ വാർത്തകൾ വെച്ചു കെ ജി ബിജു പൊളിച്ചടുക്കുകയുണ്ടായി.
ജനാധിപത്യം പറയുകയാണ് എന്ന് പറയുകയും, അതേ സമയം വർഗീയ അജണ്ടകൾ ഒളിച്ചു കടത്തുകയും ചെയ്യുന്ന മീഡിയ വൺ എന്ന സ്ഥാപനത്തിന്റെ വിസ്മയകരമായ ധാർമികത കെ ജി ബിജുവിന്റെ വീഡിയോ ബ്ലോക്ക് ചെയ്യുക എന്നതായിരുന്നു.
ഔട്ട് ഓഫ് ഫോക്കസ് എന്ന പരിപാടിയിൽ ഇരുന്ന് അധരവ്യായാമം നടത്തുന്നതിനായി വായിൽ തോന്നുന്നത് പാടുകയല്ലായിരുന്നു അവതാരകർ ചെയ്തിരുന്നത്. കൃത്യമായി സത്യത്തെ മറച്ചുവെച്ച് അസത്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിച്ച് പറയുകയായിരുന്നു. ഇങ്ങനെ പറഞ്ഞ അസത്യങ്ങൾ മീഡിയാ വണ്ണിന്റെ വാർത്തകൾ വെച്ചു തന്നെ പൊളിച്ചടുക്കുകയായിരുന്നു കെ ജി ബിജു.
ഔട്ട് ഓഫ് ഫോക്കസിൽ പറഞ്ഞ അസത്യങ്ങൾ പൊളിച്ചടുക്കുന്ന വീഡിയോയിൽ കൃത്യമായും കെ ജി ബിജു പറയുന്നുണ്ട് ‘ഞങ്ങളിത് മോണിറ്റൈസ് ചെയ്യുന്നില്ല; കോപ്പിറൈറ്റ് ക്ലെയിം ചെയ്ത് ബ്ലോക്ക് ചെയ്യരുത്’ എന്നാൽ സത്യത്തെ ഭയപ്പെടന്ന മീഡിയ വൺ എന്ന മാധ്യമസ്ഥാപനത്തിന് തങ്ങളുടെ വെറുപ്പുൽപ്പാദന ഫാക്ടറിയുടെ ദുർഗന്ധം മറയ്ക്കാൻ ആ വീഡിയോ അപ്രത്യക്ഷമാക്കേണ്ടത് അത്യാവശമായിരുന്നു.
ഏത് നുണയും തങ്ങൾക്ക് പറയാമെന്നും എന്നാൽ അതിനെതിരെ സംസാരിക്കുന്നവരുടെ നാവ് ഞങ്ങൾ അരിയും എന്ന അജണ്ടയാണ് മീഡിയാവൺ എന്ന മാധ്യമസ്ഥാപനം കൈക്കൊള്ളുന്നത് അതിന്റെ ഉദാഹരണമാണ് ഈ സംഭവം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

