
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഉപയോഗിക്കാത്ത കെട്ടിടം തകർന്ന വാർത്ത വളച്ചൊടിച്ച് അവതരിപ്പിച്ച മീഡിയാവണ്ണിനെതിരെ വിമർശനം. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണു എന്ന തരത്തിലാണ് മീഡിയാവൺ സോഷ്യൽ മീഡിയയിൽ കാർഡായി നൽകിയത്. ഉപയോഗശൂന്യമായ കെട്ടിടം തകർന്നുവെന്ന വിവരം മനപൂർവ്വം ഒഴിവാക്കുകയായിരുന്നു. നേരത്തെ സ്വരാജിനെതിരെ നടത്തിയ അപവാദപ്രചരണങ്ങൾ പൊളിഞ്ഞത് മീഡിയാവണ്ണിന് സോഷ്യൽമീഡിയയിൽ വലിയ ക്ഷീണമായിരുന്നു. അതിന് പിന്നാലെയാണ് കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവെന്ന തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടിൽ മീഡിയാവൺ സോഷ്യൽ മീഡിയാ കാർഡ് നൽകിയിരിക്കുന്നത്.
ഇന്ന് രാവിലെ മുതൽ എല്ലാ ചാനലുകളുടേയും ബ്രേക്കിങ് വാർത്തയായിരുന്നു കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണു എന്നത്. 14-ാം വാർഡാണ് പൊളിഞ്ഞ് വീണത് എന്നും നിരന്തരം റിപ്പോർട്ടർമാർ ഉച്ചത്തിൽ പറയുന്നുമുണ്ടായിരുന്നു. എന്നാൽ ഈ വാർത്തയുടെ ശരിയായ സത്യാവസ്ഥ ഇതാണോ എന്ന് ചോദിച്ചാൽ അല്ല. കാരണം കോട്ടയം മെഡിക്കൽ കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടമാണ് തകർന്ന് വീണത്. കാലപ്പഴക്കം മൂലം ഇപ്പോൾ പൊളിഞ്ഞുവീണ ഈ കെട്ടിടം കുറച്ചു കാലങ്ങളായി ഉപയോഗിക്കാതെ ഇട്ടിരിക്കുകയായിരുന്നു. ഈ ഉപയോഗ ശൂന്യമായ കെട്ടിടത്തിലെ പതിനാലാം വാർഡാണ് ഇടിഞ്ഞ് വീണ് അപകടമുണ്ടായത്.
എന്നാൽ മീഡിയാ വൺ ഉൾപ്പടെയുള്ള വലതുപക്ഷ മാധ്യമങ്ങളാരും തന്നെ ഇക്കാര്യം പറഞ്ഞതേയില്ല. മറ്റ് ചാനലുകളിൽ ഈ വാർത്ത കാണുന്ന ഓരോ സാധാരണക്കാരും തെറ്റിദ്ധരിക്കുകയും കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടമാണ് തകർന്ന് വീണതെന്ന് കരുതുകയും ചെയ്യും. അത് പിന്നീട് ഇടത് സർക്കാരിന്റെ അനാസ്ഥയാണ് എന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടാൻ അധിക സമയം വേണ്ടിവരില്ല. ഇതൊക്കെതന്നെയാണ് ഇത്തരത്തിൽ വസ്തുതകൾ മറച്ചുവെച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകുന്നതിലൂടെ വലതുപക്ഷ മാധ്യമങ്ങൾ ലക്ഷ്യമിട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here